കേരളത്തില്‍ 70% കര്‍ഷകരും കടക്കെണിയില്‍; പ്രതിവര്‍ഷം 1,069 ആത്മഹത്യകള്‍; മരണക്കെണിയാകുന്ന വിളനിലങ്ങൾ

കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഇരുപത്തിനാലായിരത്തിലധികം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് കടക്കെണിയും വിളനാശവും മൂലം കേരളത്തില്‍ ജീവിതം അവസാനിപ്പിച്ചത്
കേരളത്തില്‍ 70% കര്‍ഷകരും കടക്കെണിയില്‍; പ്രതിവര്‍ഷം 1,069 ആത്മഹത്യകള്‍;  മരണക്കെണിയാകുന്ന വിളനിലങ്ങൾ
Published on

ഹരിതാഭമായ വയലുകളും നാണ്യവിളകളുടെ സമൃദ്ധിയും കൊണ്ട് ഒരുകാലത്ത് സമ്പന്നമായിരുന്ന കേരളത്തിന്റെ ഗ്രാമീണ മേഖല ഇന്ന് നിശബ്ദമായ ഒരു വലിയ മനുഷ്യദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ കര്‍ഷകര്‍ക്ക് കടം എന്നത് ജീവിതത്തിന്റെ തുടക്കവും ഒടുക്കുമായി മാറിയിരിക്കുന്നു. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഇരുപത്തിനാലായിരത്തിലധികം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമാണ് കടക്കെണിയും വിളനാശവും മൂലം കേരളത്തില്‍ ജീവിതം അവസാനിപ്പിച്ചത്.

കര്‍ഷകന്റെ സമ്പാദ്യശേഷിയില്‍ അഞ്ചുവര്‍ഷം കൊണ്ട് 48 ശതമാനത്തിന്റെ വന്‍ ഇടിവാണുണ്ടായത്. ഈ തുച്ഛമായ സമ്പാദ്യം കൊണ്ട് മുന്‍പെടുത്ത വായ്പകളുടെ പലിശ പോലും അടച്ചുതീര്‍ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല

ശരാശരി കണക്കാക്കിയാല്‍ പ്രതിവര്‍ഷം 1,069 കര്‍ഷകര്‍ ഇവിടെ ജീവനൊടുക്കുന്നു. സംസ്ഥാനത്തെ കര്‍ഷകരില്‍ 70 ശതമാനവും കടുത്ത കടബാധ്യതയില്‍ ഉരുകിത്തീരുകയാണെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മഹാരാജാസ് കോളേജിലെ മുന്‍ പ്രൊഫസറായ ഡോ. മാര്‍ട്ടിന്‍ പാട്രിക് തയ്യാറാക്കിയ പഠനവിവരങ്ങള്‍ ഉള്‍പ്പെടുത്തി സാക്രഡ് ഹാര്‍ട്ട് കോളേജും (തേവര) ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്ന് പുറത്തിറക്കിയ കര്‍ഷക കേരളം പിന്നിട്ട അറുപത് പതിറ്റാണ്ടുകള്‍ എന്ന പുസ്തകത്തിലാണ് കേരളത്തെ വിറപ്പിക്കുന്ന ഈ കാര്‍ഷിക വിലാപത്തിന്റെ കണക്കുകളുള്ളത്.

കേരളത്തില്‍ 70% കര്‍ഷകരും കടക്കെണിയില്‍; പ്രതിവര്‍ഷം 1,069 ആത്മഹത്യകള്‍;  മരണക്കെണിയാകുന്ന വിളനിലങ്ങൾ
200 കോടിയുടെ മുനിസിപ്പല്‍ ബോണ്ടിലേക്ക് കൊച്ചി, കാത്തിരിക്കുന്നത് വികസനക്കുതിപ്പോ പുതിയ കടക്കെണിയോ?

രാജ്യാന്തര ശരാശരിയേക്കാള്‍ ഉയര്‍ന്ന കടബാധ്യത

ദേശീയ സാമ്പിള്‍ സര്‍വേയുടെ കണക്കനുസരിച്ച് കേരളത്തിലെ കര്‍ഷകരില്‍ 70 ശതമാനവും ഇന്ന് കടക്കാരാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കുടുംബ കടബാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഒരു കര്‍ഷക കുടുംബത്തിന്റെ ശരാശരി കടം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2.2 ലക്ഷം രൂപയാണെങ്കില്‍, കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്സ് അസോസിയേഷന്‍ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് ഇത് യഥാര്‍ത്ഥത്തില്‍ ശരാശരി 5.46 ലക്ഷം രൂപയോളം വരുമെന്നാണ്. നാബാര്‍ഡിന്റെ സര്‍വേ പ്രകാരം കേരളത്തിലെ ഒരു ഗ്രാമീണ കുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനം 16,788 രൂപയും ചിലവ് 14,778 രൂപയുമാണ്. കയ്യില്‍ അവശേഷിക്കുന്നത് വെറും 2,010 രൂപ മാത്രം. 2016-17 കാലഘട്ടത്തില്‍ ഇത് 3,975 രൂപയായിരുന്നു. അതായത്, കര്‍ഷകന്റെ സമ്പാദ്യശേഷിയില്‍ അഞ്ചുവര്‍ഷം കൊണ്ട് 48 ശതമാനത്തിന്റെ വന്‍ ഇടിവാണുണ്ടായത്. ഈ തുച്ഛമായ സമ്പാദ്യം കൊണ്ട് മുന്‍പെടുത്ത വായ്പകളുടെ പലിശ പോലും അടച്ചുതീര്‍ക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല.

ഇടുക്കിയും പാലക്കാടും മരണക്കയമാകുമ്പോള്‍

1995നും 2022നും ഇടയിലുള്ള കാലയളവില്‍ മാത്രം സംസ്ഥാനത്ത് 24,591 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഇതില്‍ 92 ശതമാനവും കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായ പുരുഷന്മാരാണ്. 2014-നും 2022-നും ഇടയില്‍ മാത്രം 2,233 കര്‍ഷകര്‍ ജീവനൊടുക്കിയതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് ജില്ലകളിലാണ്:

ഇടുക്കി: 453 ആത്മഹത്യകള്‍ (ഏറ്റവും ഉയര്‍ന്നത്)

പാലക്കാട്: 404 ആത്മഹത്യകള്‍

തിരുവനന്തപുരം: 337 ആത്മഹത്യകള്‍

കഴിഞ്ഞ കുറച്ചുകാലമായി ആത്മഹത്യകളുടെ എണ്ണത്തില്‍ നേരിയ കുറവ് കാണിക്കുന്നുണ്ടെങ്കില്‍, അതിനുകാരണം കാര്‍ഷിക മേഖല മെച്ചപ്പെട്ടതുകൊണ്ടല്ല, മറിച്ച് പ്രതിസന്ധി മൂലം കൃഷി പൂര്‍ണ്ണമായി ഉപേക്ഷിച്ച് മറ്റ് ജോലികളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം കൂടിയതുകൊണ്ടാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കേരളത്തില്‍ 70% കര്‍ഷകരും കടക്കെണിയില്‍; പ്രതിവര്‍ഷം 1,069 ആത്മഹത്യകള്‍;  മരണക്കെണിയാകുന്ന വിളനിലങ്ങൾ
നൂറിൽനിന്ന് 125 ദിവസമാക്കി; പക്ഷേ പണി കിട്ടുമോ? പുതിയ തൊഴിലുറപ്പ് നിയമത്തിലെ കടുംവെട്ടുകള്‍!

കേരളത്തില്‍ കര്‍ഷകര്‍ തകരാന്‍ കാരണമെന്ത്?

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ സാധാരണയായി ഏകവിള കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നതെങ്കില്‍, കേരളത്തിലെ പ്രതിസന്ധി പച്ചക്കറി മുതല്‍ നാണ്യവിളകളെ വരെ ഒരേപോലെ ബാധിക്കുന്ന ഒന്നാണ്.

തുടര്‍ച്ചയായ പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനവും: അപ്രതീക്ഷിതമായ കനത്ത മഴയും കടുത്ത വേനലും കായ്‌പ്പൊട്ടല്‍, ഇഞ്ചി, വാഴ, ജാതിക്ക തുടങ്ങിയവ കൃഷി ചെയ്യുന്ന കര്‍ഷകരുടെ പ്രതീക്ഷകളെ പാടേ തകിടം മറിച്ചു. നാളികേര കര്‍ഷകരെ മരപ്പൊട്ടലും മഞ്ഞളിപ്പ് രോഗവും ബാധിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ സംവിധാനങ്ങളില്ലാതായി.

രാജ്യാന്തര വിപണിയിലെ വിലത്തകര്‍ച്ച: ഇടുക്കിയിലെയും വയനാട്ടിലെയും കുരുമുളക്, ഏലം കര്‍ഷകര്‍ ഇറക്കുമതി നയങ്ങള്‍ മൂലമുണ്ടായ വിലത്തകര്‍ച്ചയില്‍ തകര്‍ന്നുപോയി. റബ്ബര്‍ കര്‍ഷകര്‍ ഉത്പാദനച്ചെലവ് വര്‍ദ്ധനവും വിപണിയിലെ അസ്ഥിരതയും മൂലം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.

നിയന്ത്രണമില്ലാത്ത വന്യജീവി ആക്രമണം: കാട്ടുപന്നി, കുരങ്ങ്, ആന തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം കാരണം പൈനാപ്പിള്‍, കപ്പ, വാഴ കൃഷികള്‍ വന്‍തോതില്‍ നശിപ്പിക്കപ്പെടുന്നു. ലക്ഷങ്ങള്‍ വായ്പയെടുത്ത് ഇറക്കിയ കൃഷി ഒരു രാത്രികൊണ്ട് വന്യമൃഗങ്ങള്‍ നശിപ്പിക്കുമ്പോള്‍ കര്‍ഷകന് മുന്നില്‍ വഴികള്‍ അടയുന്നു.

കേരളത്തില്‍ 70% കര്‍ഷകരും കടക്കെണിയില്‍; പ്രതിവര്‍ഷം 1,069 ആത്മഹത്യകള്‍;  മരണക്കെണിയാകുന്ന വിളനിലങ്ങൾ
അടിത്തട്ടില്‍ പട്ടിണി, രേഖകളില്‍ വന്‍ കുതിപ്പ്! അട്ടിമറിക്കപ്പെടുന്ന ഗ്രാമീണ വേതന കണക്കുകള്‍

തകര്‍ന്നടിയുന്ന നെല്‍പ്പാടങ്ങള്‍

കേരളം കാര്‍ഷിക വികസനത്തിനായി പ്രതിവര്‍ഷം 4,500 കോടി രൂപയോളം ചിലവഴിക്കുന്നുണ്ടെങ്കിലും കാര്‍ഷിക വളര്‍ച്ചാ നിരക്ക് 1.7 ശതമാനത്തില്‍ നിന്ന് 1.09 ശതമാനമായി താഴേക്ക് പതിച്ചുവെന്ന് ഡോ. ഫ്രാങ്കോ പ്രശാന്ത് പാലയ്ക്കാപ്പിള്ളില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ മൊത്തം കൃഷിഭൂമി 19.67 ലക്ഷം ഹെക്ടറായി ചുരുങ്ങി. 1970-71 കാലഘട്ടത്തില്‍ 8.8 ലക്ഷം ഹെക്ടറിലുണ്ടായിരുന്ന നെല്‍കൃഷി, ഇന്ന് വെറും 1.76 ലക്ഷം ഹെക്ടറായി തകര്‍ന്നടിഞ്ഞു. നിത്യോപയോഗ പച്ചക്കറികള്‍ക്കും അരിക്കുമായി പോലും കേരളം ഇന്നും അയല്‍സംസ്ഥാനങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കേണ്ടി വരുന്നത് ഈ തകര്‍ച്ചയുടെ ആഴം കൂട്ടുന്നു.വരുമാനമില്ലായ്മയും കടബാധ്യതയും ജപ്തി ഭീഷണികളും കര്‍ഷകനെ മാനസികമായി തകര്‍ക്കുകയാണ്. ബാങ്കുകളില്‍ നിന്നുള്ള പലിശയും കൃഷിനാശവും ഒരു വശത്ത്, വിപണിയിലെ ഇടനിലക്കാരുടെ ചൂഷണം മറുവശത്ത്. കൃത്യമായ വിലസ്ഥിരതാ ഫണ്ടും, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണവും, പ്രകൃതിക്ഷോഭമുണ്ടാകുമ്പോള്‍ യഥാസമയം ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുകയും ഉറപ്പാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിക്കാത്തപക്ഷം, ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഈ കര്‍ഷക വിലാപങ്ങള്‍ക്ക് അറുതിയുണ്ടാകില്ല.

Summary

Farmers in Kerala continue to face a deepening agrarian crisis, with debt becoming a defining feature of their lives. According to a recent study, more than 24,000 farmers and agricultural labourers have died by suicide in the state over the past 27 years, largely due to mounting debt and crop losses. The figures translate to an average of 1,069 farmer suicides every year. The study also reveals that nearly 70% of Kerala's farmers are burdened by severe indebtedness, highlighting the scale of the financial distress affecting the farming community. These findings are published in the book Farmer Kerala: Six Decades of Change, released by Sacred Heart College, Thevara, and the Organic Kerala Charitable Trust, incorporating research by former Maharaja's College professor Dr. Martin Patrick.

Madism Digital
madismdigital.com