എൽപിഎസ്ടി സമരം: ഐസിയുവിൽ കഴിയുന്ന വളർമതിയെ വാർഡിലേക്ക് മാറ്റാൻ നീക്കം; പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ

വളർമതിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് വരുത്തിത്തീർക്കാനാണ് ഈ നീക്കമെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.
എൽപിഎസ്ടി സമരം: ഐസിയുവിൽ കഴിയുന്ന വളർമതിയെ വാർഡിലേക്ക് മാറ്റാൻ നീക്കം; പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ
Published on: 

പിഎസ്സി എൽപി സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽനിന്നുള്ള നിയമനം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന വളർമതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അതേസമയം, ആരോഗ്യനില വഷളായി തുടരുന്ന സാഹചര്യത്തിലും വളർമതിയെ ഐസിയുവിൽനിന്ന് സാധാരണ വാർഡിലേക്ക് മാറ്റാൻ സർക്കാർ തലത്തിൽനിന്ന് നിർദ്ദേശം നൽകിയതായി ആക്ഷേപമുയർന്നിട്ടുണ്ട്. ആരോഗ്യനില മോശമാണെന്ന ഡോക്ടർമാരുടെ റിപ്പോർട്ട് നിലനിൽക്കെയാണ് സർക്കാരിന്റെ ഈ നീക്കമെന്നാണ് ഉദ്യോഗാർത്ഥികളുടെ പരാതി.

വളർമതിയെ ഐസിയുവിൽ നിന്ന് പെട്ടെന്ന് വാർഡിലേക്ക് മാറ്റാനുള്ള ആശുപത്രി അധികൃതരുടെ നീക്കം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വളർമതിയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് വരുത്തിത്തീർക്കാനാണ് ഈ നീക്കമെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്.

വളർമതിയുടെ രക്തസമ്മർദ്ദം ഉയർന്നു നിൽക്കുകയാണെന്നും, ശരീരത്തിൽ സോഡിയം, മാഗ്നീഷ്യം എന്നിവയുടെ അളവ് വളരെ കുറവാണെന്നും ഡോക്ടർമാർ തന്നെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിനുപിന്നാലെ, കൂട്ടിരിപ്പുകാരെ പോലും അറിയിക്കാതെ യാതൊരു മുന്നറിയിപ്പുമില്ലാതെ അവരെ ഐസിയുവിൽ നിന്ന് സാധാരണ റൂമിലേക്ക് മാറ്റാൻ ശ്രമിച്ചുവെന്നാണ് ആശുപത്രിയിലുള്ള ഉദ്യോഗാർത്ഥികൾ വ്യക്തമാക്കുന്നത്. ഒരാളുടെ ജീവൻ ഉള്ളം കയ്യിൽ വെച്ച് സർക്കാർ കളിക്കരുതെന്നും, എത്രയും വേഗം ചർച്ചകളിലൂടെ സമരം ഒത്തുതീർപ്പാക്കണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെട്ടു.

എൽപിഎസ്ടി സമരം: ഐസിയുവിൽ കഴിയുന്ന വളർമതിയെ വാർഡിലേക്ക് മാറ്റാൻ നീക്കം; പ്രതിഷേധവുമായി ഉദ്യോഗാർത്ഥികൾ
'ഒരു അസുഖവുമില്ലാതിരുന്നിട്ടും എന്നെ ഐസിയുവിലാക്കി, എന്ത് വന്നാലും പിന്നോട്ടില്ല'; സമരപ്പന്തലിൽ തിരിച്ചെത്തി വളർമതി, മാർച്ചുമായി എസ്എഫ്ഐയും എഐവൈഎഫും

വിവരം അറിഞ്ഞയുടൻ ഉദ്യോഗാർത്ഥികൾ ആശുപത്രിയിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് ആശുപത്രിയിലെ ആർഎംഒ വിഷയത്തിൽ ഇടപെടുകയും വളർമതിയെ വാർഡിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുകയും ചെയ്തു.

എൽപിഎസ്ടി ഉദ്യോഗാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് 133 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതിൽ സമരസമിതി നേതാവായ വളർമതിയുടെ നിരാഹാര സമരം 21-ാം ദിവസത്തിലേക്കും, മറ്റൊരു ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ ആരംഭിച്ച നിരാഹാര സമരം നാലാം ദിവസത്തിലേക്കും കടന്നു.

വളർമതിയുടെ ജീവൻ വെച്ച് പന്താടുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്നും, ഉദ്യോഗാർത്ഥികൾ ഉന്നയിക്കുന്ന വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും സമരക്കാർ ശക്തമായി ആവശ്യപ്പെടുന്നു. സമരത്തെ ഇല്ലാതാക്കാൻ വഴിവിട്ട നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ഉദ്യോഗാർത്ഥികൾക്ക് പരാതിയുണ്ട്.

Summary

The ongoing LPST rank holders' strike has reached 133 days, with protest leader Valarmathi on a 21-day hunger strike. Currently admitted to the ICU in serious condition, authorities attempted to shift her to a regular ward without informing her bystanders—allegedly to downplay the severity of her health. The move was halted after strong protests from fellow candidates and intervention by the RMO. Protesters are demanding immediate government action to resolve the issue, as another candidate, Jayakrishnan, enters the fourth day of his hunger strike.