'ഒരു അസുഖവുമില്ലാതിരുന്നിട്ടും എന്നെ ഐസിയുവിലാക്കി, എന്ത് വന്നാലും പിന്നോട്ടില്ല'; സമരപ്പന്തലിൽ തിരിച്ചെത്തി വളർമതി, മാർച്ചുമായി എസ്എഫ്ഐയും എഐവൈഎഫും

ഇന്നലെ രാത്രി പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തൽ ഡിവൈഎഫ്ഐ പ്രവർത്തകർ രാത്രിതന്നെ പുനഃസ്ഥാപിച്ചിരുന്നു
'ഒരു അസുഖവുമില്ലാതിരുന്നിട്ടും എന്നെ ഐസിയുവിലാക്കി, എന്ത് വന്നാലും പിന്നോട്ടില്ല'; സമരപ്പന്തലിൽ തിരിച്ചെത്തി വളർമതി, മാർച്ചുമായി എസ്എഫ്ഐയും എഐവൈഎഫും
Published on: 

സെക്രട്ടേറിയറ്റിന് മുന്നിലെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിൽ നാടകീയ സംഭവവികാസങ്ങൾ. പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയ സമരക്കാരി വളർമതി വീണ്ടും സമരപ്പന്തലിലെത്തി നിരാഹാര സമരം പുനരാരംഭിച്ചു. സമരം അടിച്ചമർത്താനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ടത് സർക്കാരാണെന്നും അവർ പ്രതികരിച്ചു.

ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടും തന്നെ ഐസിയുവിൽ പ്രവേശിപ്പിച്ചെന്നും സമരവേദിയിൽ സംസാരിക്കുന്നത് തടയുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും വളർമതി ആരോപിച്ചു. തന്നെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയതെന്നും ആരോഗ്യനില മോശമായ ഒരാളോടാണോ ഇത്തരത്തിൽ ബലപ്രയോഗം നടത്തിയതെന്നും അവർ ചോദിച്ചു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സമരക്കാരുടെ ആവശ്യങ്ങൾ തള്ളുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വളർമതി പറഞ്ഞു. ഇന്ന് മുതൽ രണ്ടുപേർ കൂടി നിരാഹാര സമരം ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ എസ്എഫ്ഐയുടെയും എഐവൈഎഫിന്റെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് തുടരുകയാണ്. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്നലെ രാത്രി പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തൽ ഡിവൈഎഫ്ഐ പ്രവർത്തകർ രാത്രിതന്നെ പുനഃസ്ഥാപിച്ചിരുന്നു. സമരപ്പന്തൽ പൊളിച്ചുനീക്കാൻ നേതൃത്വം നൽകിയത് കന്റോൺമെന്റ് സിഐ സതീഷ് കുമാറാണെന്നും വളർമതി ആരോപിച്ചു.

നടപ്പാത കയ്യേറി സ്ഥിരം സമരപ്പന്തൽ നിർമിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി. 17 ദിവസമായി നിരാഹാര സമരം തുടരുകയായിരുന്ന വളർമതിയെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ കാസർഗോഡ് സ്വദേശി എം. ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തിരുന്നു.

'ഒരു അസുഖവുമില്ലാതിരുന്നിട്ടും എന്നെ ഐസിയുവിലാക്കി, എന്ത് വന്നാലും പിന്നോട്ടില്ല'; സമരപ്പന്തലിൽ തിരിച്ചെത്തി വളർമതി, മാർച്ചുമായി എസ്എഫ്ഐയും എഐവൈഎഫും
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസെടുത്തു, വളർമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി

സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാക്കളും വിവിധ രാഷ്ട്രീയ സംഘടനകളും സെക്രട്ടേറിയറ്റിന് മുന്നിലെത്തി സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇടത് വിദ്യാർഥി-യുവജന സംഘടനകൾക്ക് പുറമെ യുവമോർച്ചയും പ്രതിഷേധവുമായി രംഗത്തെത്തി. സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പമാണ് താനെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. അതേസമയം, കോടതി നിർദേശപ്രകാരമാണ് സ്ഥിരം സമരപ്പന്തൽ പൊളിച്ചുനീക്കിയതെന്ന നിലപാടിൽ ഉറച്ചുനിന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പൊലീസ് നടപടിയെ ന്യായീകരിച്ചു. വിദ്യാർഥി-അധ്യാപക അനുപാതം കുറയ്ക്കണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും അദ്ദേഹം വിശദീകരിച്ചു.

ആശാ സമരകാലത്തെ യുഡിഎഫ് നിലപാട് ചൂണ്ടിക്കാട്ടിയാണ് എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തോടുള്ള സർക്കാർ സമീപനത്തെ പ്രതിപക്ഷം വിമർശിക്കുന്നത്. റാങ്ക് പട്ടികയിലെ പത്ത് മുതൽ പതിനഞ്ച് വരെ സ്ഥാനങ്ങളിലുള്ള ഉദ്യോഗാർഥികളാണ് നിലവിൽ സമരത്തിൽ സജീവമായുള്ളത്. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വളർമതി വീണ്ടും സമരപ്പന്തലിലെത്തി നിരാഹാര സമരം തുടരാൻ തീരുമാനിച്ചത്.

Summary

Valarmathi returned to the protest site after police forcibly shifted her to hospital, resuming her hunger strike and strongly criticising the government's stance. Protests intensified over the removal of the protest tent, as SFI and AIYF marches gathered momentum.