

കര്‍ണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിനി ശരണ്യ ജി.എസി(36) നെയാണ് വ്യാഴാഴ്ച കാണാതായത്. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറുന്നതിനിടെയാണ് ശരണ്യയെ കാണാതായത്.
ഏപ്രിൽ രണ്ടിനാണ് ട്രെക്കിങ്ങിനായി ശരണ്യ ഒറ്റയ്ക്ക് കൊച്ചിയിൽനിന്ന് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ 8.15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങി ശരണ്യ ട്രെക്കിങ് ആരംഭിച്ചു. കാട്ടാന ശല്യമുള്ള പ്രദേശമായതിനാൽ മറ്റു 10 പേർ അടങ്ങുന്ന സംഘത്തിനൊപ്പം പോകാൻ അധികൃതർ നിർദ്ദേശിച്ചിരുന്നു. വൈകീട്ട് നാലോടെ സംഘം തിരിച്ചെത്തിയപ്പോൾ ശരണ്യ ഇവർക്കൊപ്പം ഉണ്ടായിരുന്നില്ല.
തനിക്ക് വഴിതെറ്റിയതായും വനത്തിനുള്ളിൽ കുടുങ്ങിയതായും ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഫോൺ സിഗ്നൽ നഷ്ടപ്പെടുകയും സ്വിച്ച് ഓഫ് ആവുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിൽ ശരണ്യ ട്രെക്കിങ് പാതയിലേക്ക് പ്രവേശിക്കുന്നത് വ്യക്തമാണെങ്കിലും തിരികെ വരുന്ന ദൃശ്യങ്ങളില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ശരണ്യയെ കണ്ടെത്താനായി പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഉള്‍പ്പെടുന്ന 60 അംഗ സംഘം അഞ്ച് ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്. ഡ്രോണുകൾ, സ്നിഫർ നായകളുടെ സഹായത്തോടെയുള്ള പരിശോധനയും വനത്തിനുള്ളിൽ തുടരുന്നുണ്ട്. പ്രധാന ട്രെക്കിങ് പാതകൾക്ക് പുറമെ, വനത്തിന്റെ ഉൾഭാഗങ്ങളിലേക്കും ഇടവഴികളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. എന്നാൽ, മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. സംഭവമറിഞ്ഞ് ശരണ്യയുടെ സഹോദരൻ ശ്യാം കുടകിലെത്തിയിട്ടുണ്ട്.
English Summary: A search is continuing in Kodagu for a 36-year-old Malayali IT professional from Kannur who went missing during a trek to Tadiandamol. Despite 48 hours of intensive efforts involving police, forest officials, drones and sniffer dogs, she has not yet been found.