

മംഗളൂരുവിനെ ദക്ഷിണ പശ്ചിമ റെയില്‍വേയില്‍ ചേര്‍ക്കാനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ കേരളത്തില്‍ ആശങ്ക. പാലക്കാട് റെയില്‍വേ ഡിവിഷന്റെ ഭാഗമായിരുന്ന മംഗളൂരു വേര്‍പെടുത്തി മൈസൂരു സെക്ഷന്റെ ഭാഗമാകുന്നതോടെ കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളില്‍ കേരളത്തിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ വലിയ തോതില്‍ ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്ക് മംഗളൂരുവില്‍ നിന്ന് ആവശ്യത്തിന് ട്രെയിനുകളില്ലെന്ന് പ്രാദേശിക തലത്തില്‍ വലിയ വികാര ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണു മംഗളൂരുവിനെ ദക്ഷിണ പശ്ചിമ റെയില്‍വേയില്‍ ചേര്‍ക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചത്.
മംഗളൂരു നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്നത്
ഡിവിഷന്‍ വിഭജനം നിലവിലുള്ള ട്രെയിന്‍ സര്‍വീസുകളെ ബാധിക്കില്ല. എന്നാല്‍ ഒക്ടോബര്‍ 1നു ശേഷം മംഗളൂരു ഏരിയ, ദക്ഷിണ പശ്ചിമ റെയില്‍വേയുടെ നിയന്ത്രണത്തിലാകും. ഇതോടെ പുതിയ ട്രെയിനുകളോടിക്കാന്‍ കഴിയില്ല. മംഗളൂരുവിലേക്കു ട്രെയിന്‍ ഓടിക്കണമെങ്കിലും ഇനി ദക്ഷിണ പശ്ചിമ റെയില്‍വേയുടെ അനുമതി ആവശ്യമാണ്.
കേരളത്തിന്റെ നഷ്ടം
സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള റെയില്‍ ടെര്‍മിനല്‍ സൗകര്യം പാലക്കാട് ഡിവിഷനും കേരളത്തിനും നഷ്ടമാകും എന്നതാണ് വിഭജനം ഉണ്ടാക്കുന്ന പ്രധാന തിരിച്ചട്. പാലക്കാട് ഡിവിഷന്‍ കേരളത്തിലേക്കും മറ്റു സ്ഥലങ്ങളിലേക്കും ഇത്രയും കാലം ട്രെയിനുകള്‍ നിശ്ചയിച്ചിരുന്നത് പൂര്‍ണമായും മംഗളൂരു സെന്‍ട്രല്‍, മംഗളൂരു ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനുകളെ ആശ്രയിച്ചാണ്. നിയന്ത്രണം മാറുന്നതോടെ ട്രെയിന്‍ സമയക്രമം, പ്ലാറ്റ്ഫോം അലോക്കേഷന്‍, അറ്റകുറ്റപ്പണികള്‍ എന്നിവ കടുത്ത വെല്ലുവിളിയാകുകയും മലബാര്‍ മേഖലയ്ക്ക് ആവശ്യമായ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
മംഗളൂരുവിന്റെ നിയന്ത്രണം നഷ്ടമാകുന്നതോടെ വരുംവര്‍ഷങ്ങളില്‍ മലബാറില്‍ നിന്ന് പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ലഭിക്കാത്ത സ്ഥിതി വരും. ട്രെയിന്‍ അറ്റകുറ്റപ്പണിക്ക് ആവശ്യമായ സൗകര്യങ്ങളും പ്ലാറ്റ്‌ഫോമുകളും കുടിയാണ് പാലക്കാട് ഡിവിഷന് ഇല്ലാതാകുന്നത്. ട്രെയിന്‍ അറ്റകുറ്റപ്പണി സൗകര്യം മലബാര്‍ മേഖലയില്‍ വേണമെന്ന് ആവശ്യങ്ങള്‍ മംഗളൂരു ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തെ റെയില്‍വെ നിഷേധിച്ചത്. ഇത് നേടിയെടുക്കുക എന്നതായിരിക്കും കേരളത്തിന്റെ മുന്നില്‍ ഇനിയുള്ള പ്രധാന പോംവഴി. കാസര്‍കോട് കുമ്പളയില്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 30 ഏക്കര്‍ ഭൂമി ഇതിനായി ഉപയോപ്പെടുത്തണമെന്നതും കേരളം നിരന്തരം ആവശ്യപ്പെട്ടിരുന്നു.
പ്രതിദിനം 2.75 കോടി രൂപ വരുമാനമുള്ള പാലക്കാട് ഡിവിഷന് പുതിയ തീരുമാനത്തിലൂടെ 1100 കോടിയോളം രൂപയുടെ വാർഷിക വരുമാന നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ടിക്കറ്റ് വരുമാനത്തിൽ എ വൺ സ്റ്റാറ്റസുള്ള സ്റ്റേഷനാണ് മംഗളൂരു സെൻട്രൽ.
കേരളത്തിന്റെ നിലപാട്
പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്ന് മംഗലാപുരം സ്റ്റേഷന്‍ ഉള്‍പ്പെടെ ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം ഏകപക്ഷീയമാണെന്നാണ് മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണം.
വളരെ പ്രധാനപ്പെട്ട മംഗലാപുരം ജങ്ഷന്‍ ഒഴിവാക്കിയതിലൂടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുകയും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
നിലവില്‍ സതേണ്‍ റെയില്‍വേയില്‍ ഉള്‍പ്പെട്ട ഉള്ളാള്‍ മുതല്‍ മംഗലാപുരം വരെയുള്ള പ്രദേശങ്ങള്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ ലയിക്കുന്നതോടെ സതേണ്‍ റെയില്‍വേക്കും കേരളത്തിനും വലിയ നഷ്ടമാണ് സംഭവിക്കുന്നത്. സംസ്ഥാനത്തെ അറിയിക്കുകയോ ഏതങ്കിലും തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുകയോ ചെയ്യാതെയാണ് പാലക്കാട് ഡിവിഷനെ വിഭജിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തീരുമാനം പുനപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണ്.
അടിയന്തരമായ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര റെയില്‍വെ മന്ത്രിക്കും കത്തയയ്ക്കും. സംസ്ഥാനത്തെ എംപിമാരുടെ കൂടി സഹകരണത്തോടെ തീരുമാനം പുനപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജംഗ്ഷന്‍ ഉള്‍പ്പെടെ സുപ്രധാന ഭാഗങ്ങള്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് വെട്ടിമാറ്റിയ റെയില്‍വേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളത്തോട് റെയില്‍വേയും കേന്ദ്ര സര്‍ക്കാരും കടുത്ത വിവേചനവും അവഗണനയുമാണ് പുലര്‍ത്തുന്നത്. കടുത്ത അനീതിയാണിതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു.
പാലക്കാട് ഡിവിഷന്‍റെ വരുമാനത്തില്‍ ഇതുവഴി 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തെറ്റായ ഈ നടപടി തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള എം.പിമാരും ശക്തമായി ഇടപെടണം.
മംഗലാപുരം ഭാഗം മൈസൂര്‍ ഡിവിഷനോട് ചേര്‍ക്കുന്നതോടെ പാലക്കാട് ഡിവിഷന് ഫലത്തില്‍ അന്ത്യം കുറിക്കുകയാണ്. ഉള്ളാള്‍ വരെയുള്ള സ്റ്റേഷനുകളാണ് മൈസൂരിലേക്ക് മാറ്റിയത്.
പ്രധാന തുറമുഖ നഗരമായ മംഗലാപുരം നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്‍റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകും. പനമ്പൂര്‍ ഗുഡ്സ് യാര്‍ഡ് വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 625 കോടിയുടെ ചരക്കുനീക്കമാണ് നടന്നത്. ഇത് പൂര്‍ണ്ണമായും നഷ്ടമാകും.
തിരുവനന്തപുരത്തേക്ക് ഉള്‍പ്പെടെ നിലവില്‍ മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ മൈസൂര്‍ ഡിവിഷന്‍റെ ഭാഗമാകുന്നതോടെ സ്വന്തമായി ഒരു ട്രെയിന്‍ പോലും ഇല്ലാത്ത ഡിവിഷനായി പാലക്കാട് മാറുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ഡിവിഷന്‍ മാത്രമാക്കി കേരളത്തെ പരിമിതപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. വരുമാനം കുറവാണെന്ന ന്യായത്തില്‍ പുതിയ ട്രെയിനുകളൊന്നും കേരളത്തിന് ലഭിക്കാതാവും. റെയില്‍വേയുടെ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ നടപടിക്ക് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. കേന്ദ്ര നടപടി തിരുത്തിക്കാന്‍ മുഴുവന്‍ എം.പിമാരേയും കൂട്ടിയോജിപ്പിച്ച് ശക്തമായി ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു.
സംസ്ഥാനവുമായി യാതൊരുവിധ ചര്‍ച്ചയും കൂടാതെ പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്നും മംഗളൂരു സെന്‍ട്രല്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക ഭാഗങ്ങള്‍ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയില്‍വേ ബോര്‍ഡിന്റെ ഏകപക്ഷീയമായ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും പ്രതികരിച്ചു.
ഓണക്കാലത്ത് കേരളത്തിന് ലഭിച്ച കനത്ത ഇരുട്ടടിയായ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി അടിയന്തര ചര്‍ച്ച നടത്തുകയും, ഈ വിവേചനപരമായ തീരുമാനത്തിനെതിരെ കേരളത്തിലെ മുഴുവന്‍ എം.പിമാരും ഒറ്റക്കെട്ടായി ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഈ റെയില്‍വേ ഡിവിഷന്‍ വിഭജന നീക്കത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടുമെന്ന് റെയില്‍വേ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. ഇന്ന് ആലപ്പുഴയിലെത്തിയ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരെയും നേരില്‍കണ്ട് ഇക്കാര്യത്തിലുള്ള ശക്തമായ പ്രതിഷേധം അറിയിച്ചു. പാലക്കാട് ഡിവിഷനെ കൂടുതല്‍ ദുര്‍ബലമാക്കുന്ന ഈ തീരുമാനം റെയില്‍വേ അടിയന്തരമായി തിരുത്തണമെന്നും, മംഗളൂരുവിനെ പാലക്കാട് ഡിവിഷന്റെ അവിഭാജ്യ ഘടകമായി തന്നെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
Kerala has raised concerns over the Railway Ministry’s decision to bring Mangaluru under South Western Railway. Mangaluru, which was part of the Palakkad Railway Division, is set to be moved to the Mysuru section. The change is expected to significantly reduce Kerala’s influence over train services operating to and from the region. The decision follows strong local demand in Karnataka, where there has been growing concern over inadequate train services from Mangaluru to various parts of the state.