

നിയമസഭാ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഉടലെടുത്തിരിക്കുന്ന പരസ്യമായ അധികാര വടംവലി യുഡിഎഫിൽ കടുത്ത അസ്വസ്ഥത പുകയ്ക്കുന്നു. ഗ്രൂപ്പ് പോരിലും കസേരക്കളിയിലും അതൃപ്തി പരസ്യമാക്കി എം.കെ. രാഘവൻ എം.പി രംഗത്തെത്തിയതോടെ കോൺഗ്രസിലെ തർക്കം പുതിയ തലത്തിലെത്തി. വോട്ടെണ്ണലിന് മുൻപേയുള്ള നേതാക്കളുടെ ഈ പടലപ്പിണക്കം ജനങ്ങൾക്കിടയിൽ യുഡിഎഫിനെ പരിഹാസ്യരാക്കുന്നു എന്ന വിലയിരുത്തലിലാണ് മുസ്ലീം ലീഗ് നേതൃത്വം.
പ്രവർത്തകരെ വെല്ലുവിളിക്കുന്നു; തുറന്നടിച്ച് എം.കെ രാഘവൻ
മുഖ്യമന്ത്രി പദത്തെച്ചൊല്ലി നേതാക്കൾ തെരുവിൽ നടത്തുന്ന പോര് പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ ഒട്ടും ഗുണകരമല്ലെന്ന് എം.കെ രാഘവൻ എം.പി . യുഡിഎഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കാൻ രാപ്പകൽ കഠിനാധ്വാനം ചെയ്ത സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ പരിഹസിക്കുന്ന രീതിയിലാണ് നേതാക്കളുടെ ഈ കസേരക്കളി. ഇത്തരം നീക്കങ്ങൾ പ്രവർത്തകർ അംഗീകരിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ട എന്നത് ചിലരുടെ പിടിവാശി മാത്രമാണെന്നും ഹൈക്കമാൻഡിന്റെ പേരുപറഞ്ഞ് ഇതിനെ ന്യായീകരിക്കേണ്ടെന്നും അദ്ദേഹം കേരള നേതൃത്വത്തിനെതിരെ തുറന്നടിച്ചു. തന്നോട് മത്സരിക്കാൻ ഒരു പ്രമുഖ നേതാവ് ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലിലൂടെ നേതൃത്വത്തിനുള്ളിലെ ഇരട്ടത്താപ്പും അദ്ദേഹം പുറത്തുകൊണ്ടുവന്നു.
ലീഗിന് അതൃപ്തി; പക്ഷം പിടിക്കില്ല
മുഖ്യമന്ത്രി വിവാദത്തിൽ മുസ്ലീം ലീഗ് നേതൃത്വം കടുത്ത അമർഷത്തിലാണ്. യുഡിഎഫ് തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ നിൽക്കെ നേതാക്കൾ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് ലീഗ് വിലയിരുത്തുന്നു. പരസ്യ പ്രതികരണം തുടരുകയാണെങ്കിൽ ഹൈക്കമാൻഡ് നേരിട്ട് ഇടപെടണമെന്ന് ലീഗ് ആവശ്യപ്പെട്ടേക്കും. എന്നാൽ നിലവിൽ ആരുടെയും പക്ഷം പിടിക്കാതെ, കോൺഗ്രസ് ഔദ്യോഗികമായി ചർച്ചകൾക്ക് വരുമ്പോൾ മാത്രം അഭിപ്രായം പറഞ്ഞാൽ മതിയെന്നാണ് ലീഗിലെ ധാരണ.
കേരളത്തിലെ പടലപ്പിണക്കം: ഹൈക്കമാൻഡ് അതീവ ജാഗ്രതയിൽ
യുഡിഎഫ് ക്യാമ്പിലെ അധികാര വടംവലി എഐസിസി നേതൃത്വം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഫോണിൽ സംസാരിച്ച് വിവരം തേടി. വി.ഡി സതീശൻ, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാൽ എന്നിവർക്കായി സോഷ്യൽ മീഡിയയിൽ അണികൾ നടത്തുന്ന പോസ്റ്റർ യുദ്ധം പാർട്ടിക്ക് വലിയ തോതിൽ അവമതിപ്പുണ്ടാക്കുന്നതായാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.
English Summary: Following the conclusion of polling, MP M.K. Raghavan has slammed the Congress leadership for engaging in an open power struggle over the Chief Minister's post, calling it an insult to hardworking party grassroots. The Muslim League has expressed strong displeasure, stating that such public disputes make the UDF appear ridiculed before the people and may prompt a demand for High Command intervention. Meanwhile, Congress President Mallikarjun Kharge is closely monitoring the situation and has contacted senior leaders to address the growing friction between the supporters of top contenders.