മാസപ്പടിയിൽ വിജിലൻസ് എഫ്ഐആർ; രണ്ട് കേസ്, പിണറായിയും റിയാസും ഒന്നാം പ്രതികൾ

പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎൽ കമ്പനിക്കുവേണ്ടി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നതാണ് ആദ്യത്തെ കേസ്
മാസപ്പടിയിൽ വിജിലൻസ് എഫ്ഐആർ; രണ്ട് കേസ്, പിണറായിയും റിയാസും ഒന്നാം പ്രതികൾ
Published on: 

സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിജിലൻസ്. ഇഡി കത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെയാണ് എഫ്ഐആർ.

രണ്ടു കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് ആദ്യ കേസ്. ഇതിൽ പിണറായി ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. രണ്ടാമത്തേത് റിയാസ് മന്ത്രിയായിരുന്നപ്പോൾ അഴിമതി പണം വിദേശത്തേക്കു കടത്തിയെന്ന കേസാണ്. ഈ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.

ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നാണ് കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി അന്വേഷണ സംഘം തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആറുകൾ സമർപ്പിച്ചു.

മാസപ്പടിയിൽ വിജിലൻസ് എഫ്ഐആർ; രണ്ട് കേസ്, പിണറായിയും റിയാസും ഒന്നാം പ്രതികൾ
'പിണറായിയുടെയും വീണയുടെയും പേര് പറയാൻ ഇഡി ഭീഷണിപ്പെടുത്തി'; ഗുരുതര ആരോപണവുമായി മുഹമ്മദ് റിയാസും സുഹൃത്തും

ആകെ പതിമൂന്ന് പ്രതികളുള്ള കേസിൽ രണ്ട് വ്യത്യസ്ത എഫ്ഐആറുകളായാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിഎംആർഎൽ കമ്പനിക്കുവേണ്ടി സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തുവെന്നതാണ് ആദ്യത്തെ കേസ്. ഇതിൽ പിണറായി വിജയൻ ഒന്നാം പ്രതിയും മകൾ ടി. വീണ രണ്ടാം പ്രതിയും മുഹമ്മദ് റിയാസ് മൂന്നാം പ്രതിയുമാണ്.

വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന ഐടി കമ്പനിക്ക് സിഎംആർഎൽ നൽകാത്ത സേവനത്തിന് 3.28 കോടി രൂപ നൽകിയത് പിണറായി വിജയനുള്ള കൈക്കൂലിയാണെന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തൽ.

രണ്ടാമത്തെ കേസ് കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ടതാണ്. ഈ കേസിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി. വീണ രണ്ടാം പ്രതിയുമാണ്. മാസപ്പടിയായി ലഭിച്ച പണം ഷെൽ കമ്പനികൾ വഴി വിദേശത്തേക്ക് കടത്തിയെന്നാണ് പ്രധാന ആരോപണം. മുഹമ്മദ് റിയാസിൻ്റെ സുഹൃത്തുക്കളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ചുവന്ന ഡയറിയിലെ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, വിദേശ കറൻസി കൈമാറ്റം, ബിനാമി സിം കാർഡുകളുടെ ഉപയോഗം എന്നിവയാണ് ഈ കേസിന് അടിസ്ഥാനമായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്.

രണ്ടായിരത്തി പതിനേഴ് മുതലുള്ള കാലയളവിൽ വീണയ്ക്ക് ലഭിച്ച പണം റിയാസും സുഹൃത്തുക്കളും ചേർന്ന് കുഴൽപ്പണ ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്ന് ഇഡി റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ചിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്കാണ് കോടതി നിർദേശം നൽകിയത്. ഇ.ഡി നൽകിയ കത്തിലും രേഖകളിലും എഫ്ഐആർ നേരിട്ടു റജിസ്റ്റർ ചെയ്യാൻ മതിയായ വസ്തുതകൾ ഉണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. സാക്ഷികളുടെയും സംശയിക്കുന്ന വ്യക്തികളുടെയും മൊഴികളുമുണ്ട്. ആരോപണ വിധേയർ അഴിമതി നിരോധന നിയമപ്രകാരം (പി.സി ആക്ട്) കുറ്റം ചെയ്തെന്നും ഇ.ഡി നൽകിയ വിവരങ്ങൾ വെളിപ്പെടുത്തുന്നു.

റിവിഷൻ ഹർജി തള്ളിയതിനു ശേഷമാണ് കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം വിവരങ്ങൾ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിനായി ഡിജിപിക്കു കൈമാറിയത്. അതിനാൽ ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ ഉത്തരവുകൾ ഫലപ്രദമായ അന്വേഷണത്തിനു തടസ്സമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിഎസിന്റെ മുൻ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറികെ.എം.ഷാജഹാൻ നൽകിയ ഹർജിയിലായിരുന്നു ഈ മാസം 9ലെ ഉത്തരവ്.

Summary

The Vigilance Department has registered an FIR in the CMRL-Exalogic financial transaction case against Pinarayi Vijayan, his daughter Veena, and her husband, former minister P. A. Mohammed Riyas, based on an ED letter.

Madism Digital
madismdigital.com