

വിദേശസംഭാവന നിയന്ത്രണ നിയമ (എഫ് സി ആർ എ) ഭേദഗതി ബിൽ സംബന്ധിച്ച് യുഡിഎഫും എൽഡിഎഫും നുണ പ്രചരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു മുന്നണികളും മാറിമാറി ഭരിച്ച കേരളം വികസനകാര്യത്തിൽ ഏറെ പിന്നിലാണ്. കോൺഗ്രസ് രാജ്യം ഭരിച്ചപ്പോൾ കേരളത്തിന് എന്താണ് കിട്ടിയത്? സംസ്ഥാനത്ത് വഴിമുട്ടിക്കിടന്ന ദേശീയപാത വികസനം സാധ്യമാക്കിയത് എൻഡിഎ സർക്കാരാണെന്നും മോദി തിരുവല്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു. കേരളം ഇനി എൻഡിഎ ഭരിക്കും. കേരളത്തിലെ വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്നും മോദി പറഞ്ഞു. ശബരിമല അയ്യപ്പനെ പ്രണാമം എന്നു പറഞ്ഞുകൊണ്ട് മലയാളത്തിൽ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ശബരിമലയുടെ പവിത്രത സ്വർണക്കൊള്ളയിലൂടെ ഇല്ലാതാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ പിണറായി സർക്കാർ അനുവദിക്കുന്നില്ല. എൽഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ചിട്ടും കേരളത്തിൽ ഒന്നും നടന്നില്ല. ഇവിടെ റോഡുകളോ പാലങ്ങളോ എത്തില്ല. കോട്ടയം മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങളില്ല.കേന്ദ്രത്തിൽ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തിന് എന്ത് കിട്ടി? കോൺഗ്രസ് നൽകിയതിലും അഞ്ച് ഇരട്ടി തുക എൻഡിഎ സര്‍ക്കാര്‍ കേരളത്തിന് നൽകിയിട്ടുണ്ട്.
കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ സര്‍ക്കാരിന്‍റെ ആനുകൂല്യങ്ങളെല്ലാം കേരളത്തിന് ലഭ്യമാക്കും. കേരളത്തിന്റെ മുഖം മാറ്റുന്ന വികസനങ്ങൾ കൊണ്ടുവരും. കോട്ടയം വഴി വന്ദേഭാരത് ട്രെയിനുകളുടെ സർവീസുകൾ എൻഡിഎ സർക്കാർ ആരംഭിച്ചു. ശബരി വിമാനത്താവള പദ്ധതി നടപ്പാക്കുമെന്നും മോദി കൂട്ടിച്ചേർത്തു. കുമ്മനം രാജശേഖരൻ, അനൂപ് ആന്‍റണി അടക്കമുള്ള എൻ ഡി എ സ്ഥാനാര്‍ത്ഥികൾക്കൊപ്പം വേദിയിലെത്തിയ മോദി തിരുവല്ലയിലെ പരിപാടിക്കുശേഷം റോഡ് ഷോക്കായി തിരുവനന്തപുരത്തേക്കു പോയി.
English Summary: PM Narendra Modi criticises LDF and UDF over alleged FCRA misinformation during Kerala election campaign. Speaking in Thiruvalla, he claims NDA will bring development, improve infrastructure, and transform the state if voted to power