

തിരുവനന്തപുരം: ദേശീയപാത 66ന്റെ ഉദ്‌ഘാടന പരിപാടിയിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ഉദ്‌ഘാടന പരിപാടി രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണെന്നാണ് സംസ്ഥാന സർക്കാർ വിലയിരുത്തുന്നത്. ചടങ്ങ് ബഹിഷ്‌ക്കരിക്കാനും, മുഖ്യമന്ത്രിയും സർക്കാർ പ്രതിനിധികളും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ എൻ എച്ച് 66 തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര പാതകളുടെ ഉദ്‌ഘാടന ചടങ്ങാണ് നടക്കാനിരിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, ഹർദീപ് സിങ് പുരി, പ്രഹ്ലാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ, അജയ് തംത, ഹർഷ് മൽഹോത്ര, കമലേഷ് പസ്വാൻ, ഡോ. ചന്ദ്രശേഖർ പൈമ്മസാനി, സുരേഷ് ഗോപി, ശ്രീപാദ് യെസ്സോ നായിക്, വി സോമണ്ണ, രവ്‌നീത് സിംഗ്, ജോർജ് കുര്യൻ എന്നിവർക്കും, സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ് എന്നിവർക്കും ക്ഷണമുള്ളത്. എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും കൊച്ചിയിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ട്. കൂടാതെ മുൻ കേന്ദ്രസഹമന്ത്രി എന്ന 'പേരിൽ' ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശീയ പാതയുടെ നിർമ്മാണത്തിൽ എല്ലാ ഘട്ടത്തിലും സംസ്ഥാന സർക്കാർ പങ്കാളികളായിരുന്നെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തന്നെ സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിച്ചിരുന്നെന്നും മുഹമ്മദ് റിയാസ് വിഷയത്തിൽ പ്രതികരിച്ചു. കൂടാതെ, ഉദ്ഘാടന പരിപാടിയിൽ ആരെ പങ്കെടുപ്പിച്ചു എന്നതിനെ അടിസ്ഥാനമാക്കി പദ്ധതിയുടെ കഠിനാധ്വാനം അളക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷനെ ചടങ്ങിൽ ഉൾപ്പെടുത്തിയതിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി ആരോപിച്ചു.
ഇന്ത്യയിൽ ആദ്യമായി ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ പണം ചെലവഴിക്കുന്നത് എൻഎച്ച് 66 നായിട്ടായിരുന്നു. ഇതിനായി 5600 കോടി സർക്കാർ ചെലവഴിച്ചെന്നും കടമെടുപ്പ് പരിധിയിൽ കൂടി ഉൾപ്പെടുത്തിയപ്പോൾ 12000 കോടിക്ക് തുല്യമായിരുന്നു ഇതെന്നും എല്ലാ റീച്ചുകളുടെയും റിവ്യൂ യോഗങ്ങൾ കൃത്യമായി സംസ്ഥാന സർക്കാർ നടത്തിയിരുന്നു എന്നും റിയാസ് പറഞ്ഞു.
കേരളത്തിൽ ബിജെപി വളരാത്തതിന്റെ ലളിതമായ മറുപടി ഇത്തരം സംഭവങ്ങളാണെന്നും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാത വികസനം കേരള ജനങ്ങളുടെ മനസിൽ പതിഞ്ഞിരിക്കുന്നതാണെന്നും, എൽഡിഎഫ് സർക്കാരിന്റെ നിലപാടാണ് പദ്ധതിക്ക് വഴിയൊരുക്കിയതെന്നും മന്ത്രി വിലയിരുത്തി. ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതുകൊണ്ട് യാഥാർത്ഥ്യം ഇല്ലാതാകില്ലെന്നും, ഇത്തരം നടപടികൾ ജനാധിപത്യത്തിന് അപമാനമാണെന്നും അദ്ദേഹം വിമർശിച്ചു.
English Summary: The Kerala government has decided to boycott the inauguration ceremony of certain stretches of National Highway 66 after Public Works Minister P.A. Mohammed Riyas was reportedly not invited.