

കേരളത്തിൽ എൻഎസ്എസിനെ ഹൈജാക്ക് ചെയ്യാൻ ബിജെപി ശ്രമിക്കുന്ന വാർത്തകളും വിഡി സതീശന്റെ ജി സുകുമാരൻ നായരോടുള്ള നിലപാടും ചർച്ചയാകുമ്പോൾ അതിനെയൊക്കെ ശക്തമായി പ്രതിരോധിക്കാൻതന്നെയാണ് എൻഎസ്എസ് നിലപാടെന്നാണ് കരുതുന്നത്. ഡൽഹിയിൽ ബിജെപി നേതാക്കൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പരസ്യമായി വിമർശിച്ചപ്പോൾ, തിരുവനന്തപുരത്ത് സുകുമാരൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻഎസ്എസ് ശക്തിപ്രകടന യാത്ര സംഘടിപ്പിച്ചാണ് മറുപടി നൽകിയത്. കേരളത്തിലുടനീളം ശക്തി തെളിയിക്കുമെന്നും സംഘടനാ നേതൃത്വം സൂചന നൽകിയിട്ടുണ്ട്.
ഡൽഹിയിൽ മന്നം സ്മാരകം കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് ബിജെപിയുടെ മുൻ ദേശീയ നേതാവും നിലവിൽ ഉപരാഷ്ട്രപതിയുമായ സി പി രാധാകൃഷ്ണൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തുടങ്ങിയവരായിരുന്നു. പ്രസംഗത്തിൽ ഇരുവരും ജി സുകുമാരൻ നായരെ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു. എൻഎസ്എസിന്റെ നിലവിലെ നേതൃത്വത്തെ മറികടന്ന് സംഘടനയുമായുള്ള ബന്ധം പുനർനിർവചിക്കാനുള്ള ബിജെപിയുടെ സന്ദേശമായാണ് പലരും ഇതിനെ വിലയിരുത്തിയത്.
തിരുവനന്തപുരത്ത് എൻഎസ്എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശക്തിപ്രകടന യാത്രയിൽ, എൻഎസ്എസ് ജനറൽ സെക്രട്ടറിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണങ്ങൾക്കെതിരെയും അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് പരിപാടിയെന്ന് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത് കുമാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എൻഎസ്എസും ബിജെപിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ പ്രകടമായിരുന്നു.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചതും പിന്നീട് സി.വി. ആനന്ദ് ബോസും സമാന പരാതി ഉന്നയിച്ചതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ശബരിമല, സാമ്പത്തിക സംവരണം, കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ജി. സുകുമാരൻ നായർ ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പലവട്ടം വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെയാണ് ഡൽഹിയിൽ മന്നം സ്മൃതി മണ്ഡപം നിർമാണം പൂർത്തിയായത്. ഈ പദ്ധതിക്ക് ബിജെപി നേതൃത്വത്തിന്റെ പിന്തുണയും സംഘ്പരിവാർ നേതൃത്വവുമായി അടുത്ത ബന്ധവുമുണ്ടെന്ന വിലയിരുത്തലും ഉയരുന്നുണ്ട്. കേരളത്തിൽ ക്രൈസ്തവ സഭകളുമായും വിവിധ ഹൈന്ദവ സംഘടനകളുമായും ബന്ധം ശക്തിപ്പെടുത്താൻ ബിജെപി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രമിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ ഏറ്റവും സ്വാധീനമുള്ള സമുദായ സംഘടനകളിലൊന്നായ എൻഎസ്എസുമായുള്ള ബന്ധവും പാർട്ടിക്ക് നിർണായകമാണ്.
The NSS has responded with a show of strength amid growing political debate over alleged BJP attempts to expand its influence within the influential community organisation and recent differences involving Kerala Chief Minister V.D. Satheesan and NSS General Secretary G. Sukumaran Nair. After BJP leaders, including Vice President C.P. Radhakrishnan and Union Minister Suresh Gopi, criticised Sukumaran Nair in Delhi, the NSS organised a solidarity march in Thiruvananthapuram. The developments highlight the organisation's bid to project unity and resist perceived external political influence.