

പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നൽകുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്. ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. ബിജെപി പണം നൽകിയ വോട്ടർമാരുടെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടും. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുന്ന ശോഭാ സുരേന്ദ്രന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ കാറിലിരുത്തി ബിജെപി പ്രവർത്തകയായ യുവതിയാണ് വൃദ്ധയായ വോട്ടർക്ക് പണം നൽകിയത്. ഇവരുടെ വീടിനടുത്തുള്ള മരണവീട്ടിലെത്തി തിരികെ പോകുന്നതിനിടെ ബിജെപി സ്ഥാനാർത്ഥിയും സംഘവും സമീപ പ്രദേശങ്ങളിലെ വീടുകളിലെ സന്ദർശനം നടത്തിയിരുന്നു. ബിജെപി പ്രവർത്തക വൃദ്ധയായ വോട്ടറോട് കുറച്ചുനേരം സംസാരിക്കുകയും ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം കൈയ്യിൽ 500 രൂപയുടെ കുറച്ച് നോട്ടുകൾ നൽകുകയും ചെയ്തു. എന്നാൽ, ബിജെപി പ്രവർത്തകർ പണം നൽകിയെന്ന ആരോപണം വയോധികയായ ദേവു നിഷേധിച്ചു. തന്റെ കൈവശം ഉണ്ടായിരുന്നത് സ്വന്തം പെൻഷൻ തുകയാണെന്നും ബിജെപി പ്രവർത്തകർ പണം നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.
കാറിലുണ്ടായിരുന്ന ശോഭാ സുരേന്ദ്രന്റെ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സംഭവത്തിന് സാക്ഷികളായ കോൺഗ്രസ് പ്രവർത്തകർ പകർത്തി. ദൃശ്യങ്ങൾ ചിത്രീകരിക്കുകയാണെന്ന് ബോധ്യപ്പെട്ട ശോഭാ സുരേന്ദ്രൻ കാറിന് പുറത്തിറങ്ങി കോൺഗ്രസ് പ്രവർത്തകരുമായി തർക്കിച്ചു. വീഡിയോ ചിത്രീകരിക്കുന്നത് തുടർന്നാൽ അടിച്ചുകരണം പൊട്ടിക്കുമെന്നായിരുന്നു ബിജെപി സ്ഥാനാർത്ഥിയുടെ ഭീഷണി. താങ്കൾക്ക് ഞങ്ങളുടെ കരണംപൊട്ടിക്കാൻ എന്ത് അവകാശമെന്ന് പ്രവർത്തകർ മറുചോദ്യം ഉന്നയിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വൃദ്ധയ്ക്ക് 5000 രൂപ നൽകിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ ആദ്യഘട്ടത്തിൽ പരാതി നൽകും.
മുൻ നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ, ബിജെപി സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രൻ, മറ്റു രണ്ട് സ്ത്രീകൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നു. പരാതി ഉയർന്നയുടൻ ഫ്ലയിങ് സ്ക്വാഡിനെ പ്രദേശത്ത് പരിശോധനക്കായി നിയോഗിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.
അതേസമയം പാലക്കാട് വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണം പൂർണ്ണമായും തള്ളി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ രംഗത്ത്. തന്നെ രാഷ്ട്രീയമായി വേട്ടയാടാനുള്ള കോൺഗ്രസ് നീക്കമാണിതെന്ന് അവർ ആരോപിച്ചു. കണ്ണാടി പഞ്ചായത്തിൽ എത്തിയത് ഒരു കാൻസർ രോഗിയെ സന്ദർശിക്കാനാണെന്നും, വികസനവും രാഷ്ട്രീയവും മുൻനിർത്തി മാത്രമാണ് താൻ വോട്ട് ചോദിക്കുന്നതെന്നും ശോഭ വ്യക്തമാക്കി. ആരോപണത്തിന് പിന്നിലെ സത്യം പുറത്തുകൊണ്ടുവരുന്നതുവരെ പിന്നോട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
English Summary: Congress has alleged that BJP workers distributed money to voters in Palakkad, releasing video evidence that reportedly includes BJP candidate Shobha Surendran. The footage also shows her allegedly threatening those who tried to record the incident, sparking political controversy.