Ramesh Pisharody
Ramesh Pisharodyimage credit: facebook

പാലക്കാട് മണ്ഡലത്തിൽ രമേശ് പിഷാരടിക്ക് സാധ്യത; 40 സീറ്റുകളിൽ സ്ഥാനാർത്ഥികളെ ഉറപ്പിച്ച് കോൺഗ്രസ്

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ചേർന്ന് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയുമായി ഏകദേശം രണ്ട് മണിക്കൂർ ചർച്ച നടത്തിയതിന് ശേഷമാണ് ആദ്യഘട്ട പട്ടിക കൈമാറിയത്
Published on

പാലക്കാട്: വരാനിരിക്കുന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുടെ തയ്യാറെടുപ്പ് വേഗത്തിലാക്കി. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 40 മണ്ഡലങ്ങളിൽ ഒറ്റപ്പേര് ഉറപ്പിച്ചിരിക്കുകയാണ്. 50 മണ്ഡലങ്ങളിലേക്കുള്ള ആദ്യ പട്ടിക കെപിസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. 10 മണ്ഡലങ്ങളിൽ ഒന്നിലധികം പേരുകൾ പരിഗണനയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ പാലക്കാട് മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ നിന്ന് പുറത്തായതിനെ തുടർന്ന്, ചലച്ചിത്രതാരം രമേഷ് പിഷാരടിയെ സ്ഥാനാർത്ഥിയാക്കാനാണ് സാധ്യത. മുതിർന്ന നേതാവ് കെ. മുരളീധരനെ പാലക്കാടിലേക്ക് പരിഗണിച്ചിരുന്നെങ്കിലും വട്ടിയൂർക്കാവിൽ അദ്ദേഹം മത്സരിക്കുമെന്നുറപ്പായതോടെയാണ് സാധ്യത രമേശ് പിഷാരടിയിലേക്ക് മാറിയത്.

പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥികളുടെ പേരിൽ അന്തിമ തീരുമാനമെടുക്കുക. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ചേർന്ന് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയുമായി ഏകദേശം രണ്ട് മണിക്കൂർ ചർച്ച നടത്തിയതിന് ശേഷമാണ് ആദ്യഘട്ട പട്ടിക കൈമാറിയത്. അമ്പത് പേരുടെ പട്ടിക എപ്പോൾ വേണമെങ്കിലും പ്രഖ്യാപിക്കാനാകുമെന്നാണ് വി ഡി സതീശൻ വ്യക്തമാക്കിയത്.

നിലവിൽ പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴികെ ബാക്കി സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാർക്ക് തന്നെ വീണ്ടും അവസരം നൽകുമെന്നാണ് റിപ്പോർട്ട്. അമ്പലപ്പുഴ, തൃപ്പൂണിത്തുറ, ഉടുമ്പൻചോല മണ്ഡലങ്ങളിൽ എം. ലിജുവിനെയും സംവരണ മണ്ഡലമായ അടൂരിൽ രമ്യ ഹരിദാസിനും സാധ്യതയുണ്ട്. തിരുവമ്പാടിയിൽ വി.എസ്. ജോയിക്ക് മുൻതൂക്കം ലഭിക്കുമെന്നാണ് റിപ്പോർട്ട്. അന്തിമ സ്ഥാനാർത്ഥി പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് പാർട്ടി നേതൃത്വം സൂചിപ്പിക്കുന്നത്.

നെയ്യാറ്റിൻകരയിൽ എൻ. ശക്തനും, കൊട്ടാരക്കരയിൽ ഐഷ പോറ്റിയും സ്ഥാനാർത്ഥികളാകുമെന്നാണ് വിവരം. അതേസമയം പത്തനാപുരത്തിൽ ജ്യോതികുമാർ ചാമക്കാലയും, കൊല്ലത്തിൽ ബിന്ദു കൃഷ്ണയും മത്സരിക്കും. ആറന്മുളയിൽ അബിൻ വർക്കിയും തൃത്താലയിൽ വി.ടി. ബൽറാമും, നാദാപുരത്ത് കെ.എം. അഭിജിത്തും, കൊയിലാണ്ടിയിൽ പ്രവീൺ കുമാറും സ്ഥാനാർത്ഥികളാകും എന്നാണ് റിപ്പോർട്ട്.

English Summary: The Congress party has finalized candidates in around 40 constituencies for the upcoming Kerala Assembly elections.

Madism Digital
madismdigital.com