

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ ഉണ്ടായ വിവാദവും തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയർന്ന സൈബർ ആക്രമണവും നടന്നതിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയുടെ ഇടപെടൽ സദുദ്ദേശത്തോടെയായിരുന്നുവെന്നും അതിനെ തെറ്റായി വ്യാഖ്യാനിച്ചതിൽ ഖേദമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാനടനെ കൂടുതൽ മനസിലാക്കേണ്ടതായിരുന്നു എന്നും മനസ്സിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും, എന്തിനാണ് ഇത് വിവാദമാക്കിയതെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ സിപിഐഎം സാമൂഹിക മാധ്യമ പോരാളികള്‍ വലിയ തോതിൽ മമ്മൂട്ടിയെ ആക്രമിച്ചുവെന്ന പ്രചാരണത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. സിപിഐഎം സോഷ്യൽ മീഡിയ പ്രവർത്തകർക്ക് മമ്മൂട്ടിയെ അറിയാതെയായോയെന്നും, അപമാനിക്കരുതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു നല്ല കാര്യത്തെ എങ്ങനെ ചീത്തയാക്കാൻ ശ്രമിക്കുമെന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി നടത്തിയ സംഭാഷണമാണ് വിവാദങ്ങൾക്ക് ഇടയായത്. ഇതിനിടെ വിഷയത്തിൽ പ്രതികരിച്ച കെ. റഫീഖ്, മമ്മൂട്ടി വളരെ സന്തോഷത്തോടെയാണ് ടൗൺഷിപ്പ് സന്ദർശിക്കാൻ എത്തിയതെന്നും വ്യക്തിപരമായി പറഞ്ഞ ഒരു കാര്യത്തെ അപമാനമായി ചിത്രീകരിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ മനഃപൂർവം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി നേരിട്ട് വിളിച്ച് വ്യക്തമാക്കിയതായും അദ്ദേഹം കുറിച്ചിരുന്നു.
English Summary: Kerala Chief Minister Pinarayi Vijayan publicly apologized to actor Mammootty over the controversy and cyber attacks that followed the actor’s visit to the Wayanad township. The CM said Mammootty’s remarks were made with good intentions and should not have been misinterpreted, expressing regret for the distress caused to the veteran actor.