

തിരുവനന്തപുരം: വികസനത്തെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ‘എൽഡിഎഫ് റിപ്പോർട്ട് കാർഡ്’ പുറത്തുവിട്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. “എന്നാൽ ഇനി സംവാദത്തിന് തയ്യാറായാലോ?” എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.
‘നവകേരളത്തിന്റെ നട്ടെല്ലായ പത്ത് വർഷങ്ങൾ’ എന്ന പേരിലുള്ള റിപ്പോർട്ട് കാർഡിൽ, സർക്കാർ കൈവരിച്ച വിവിധ നേട്ടങ്ങൾ എടുത്തുപറയുന്നുണ്ട്. സർക്കാർ സ്കൂളുകൾ ഹൈടെക് സംവിധാനങ്ങളിലേക്ക് ഉയർത്തിയതും, പഠനവർഷം തുടങ്ങുന്നതിന് മുൻപ് തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും ലഭ്യമാക്കുന്നതും, സംസ്ഥാനത്ത് ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ രൂപം കൊണ്ടതും, മാലിന്യ സംസ്കരണ രംഗത്തെ പുരോഗതിയും ഉൾപ്പെടെ വിവിധ മേഖലകളിലെ നേട്ടങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. സമയവും സ്ഥലവും മുഖ്യമന്ത്രിക്ക് തന്നെ നിശ്ചയിക്കാമെന്നും, ഭരണനേട്ടങ്ങളെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു. ഭവനപദ്ധതി ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ സർക്കാർ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നുവെന്ന വിമർശനവും പ്രതിപക്ഷം മുന്നോട്ടുവച്ചിരുന്നു.
അതേസമയം, ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരനും സംവാദത്തിനുള്ള വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു. പത്ത് വർഷത്തെ ഭരണകാലത്തെക്കുറിച്ച് തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും, വസ്തുതകളും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള സംവാദം വേണമെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.
English Summary: Kerala Chief Minister Pinarayi Vijayan accepted the opposition’s challenge for a public debate on development, releasing a 10-year governance “LDF Report Card” highlighting achievements across sectors