

സാമ്പത്തിക തിരിമറി കേസിൽ ബിഎൽഎം കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു എന്ന വാർത്ത വ്യാജമെന്ന് സ്ഥാപനം. ചെന്നൈയിലെ പ്രേംകുമാറിന്റെ വസതിയിൽ പൊലീസ് എത്തിയിരുന്നുവെന്നും എന്നാൽ ശാരീരികാസ്വാസ്ഥ്യമുണ്ടായതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബിഎൽഎം അറിയിച്ചു. പ്രേംകുമാറിനെ പ്രവേശിപ്പിച്ച ആശുപത്രിയിൽ വെച്ച് പൊലീസ് മര്യാദ ലംഘിച്ച് പെരുമാറിയെന്നും ബിഎൽഎം ഗ്രൂപ്പ് ആരോപിക്കുന്നുണ്ട്.
ഇന്ന് രാവിലെയാണ് കോഴിക്കോട് നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം പ്രേംകുമാറിന്റെ അറസ്റ്റിനായി ചെന്നൈയിലെത്തിയത്. എന്നാൽ നടപടികൾക്കിടെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മര്യാദ ലംഘിക്കുന്ന സമീപനമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ജീവനക്കാർ ആരോപിക്കുന്നു.
ആശുപത്രി ജീവനക്കാരെയും ഡോക്ടർമാരെയും വരെ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി എന്ന ഗുരുതര ആരോപണമാണ് ബിഎൽഎം ഉയർത്തുന്നത്. പരാതി നൽകിയത് തെറ്റിദ്ധാരണയുടെ പുറത്താണെന്ന് പരാതിക്കാരൻ തന്നെ വെളിപ്പെടുത്തിയിട്ടും പരാതി പിൻവലിച്ചിട്ടും പൊലീസ് നാടകം കളിക്കുകയാണെന്നും സ്ഥാപനത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ആരോപണമുണ്ട്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ വി.വി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിനായി ചെന്നൈയിലെത്തിയത്. മതിയായ രേഖകളില്ലാതെയാണ് സംഘം അന്വേഷണം നടത്തുന്നതെന്നും സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും ബിഎൽഎം ആരോപിക്കുന്നു.
വ്യാജപരാതികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കേരള മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നേരത്തേ ബിഎൽഎം സൊസൈറ്റി പരാതി നൽകിയിരുന്നു. പ്രചരിപ്പിക്കപ്പെടുന്ന രേഖകളുടെയും വാർത്തകളുടെയും ഉറവിടവും ആധികാരികതയും പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്നാണ് സൊസൈറ്റിയുടെ പ്രധാന ആവശ്യം. വിവിധ വകുപ്പ് മേധാവികൾ നൽകിയതാണെന്ന് അവകാശപ്പെടുന്ന രേഖകളും വിവരങ്ങളും ഉദ്ധരിച്ച് ഓൺലൈൻ, സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിപ്പിക്കുന്നതായും ഇത് അംഗങ്ങളിലും നിക്ഷേപകരിലും അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നതായും സൊസൈറ്റി ചൂണ്ടിക്കാട്ടിയിരുന്നു.
2006 ഫെബ്രുവരി 24-ന് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ബിഎൽഎം സൊസൈറ്റി കേന്ദ്ര സഹകരണ സംഘം രജിസ്ട്രാറുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന സൊസൈറ്റിയുമായി ഏകദേശം 15 ലക്ഷം കുടുംബങ്ങൾ ബന്ധപ്പെട്ടിരിക്കുന്നുവെന്നും സൊസൈറ്റി വ്യക്തമാക്കിയിട്ടുള്ളതാണ്.
ഓരോ സാമ്പത്തിക വർഷത്തെയും കണക്കുകൾ കേന്ദ്ര സഹകരണ വകുപ്പ് സെൻട്രൽ രജിസ്ട്രാറുടെ എംപാനൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർ പരിശോധിക്കുന്നുണ്ടെന്നും നിലവിൽ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് സൊസൈറ്റിയുടെ വിശദീകരണം. 2006 മുതൽ അംഗങ്ങളിൽനിന്ന് സ്വീകരിച്ച നിക്ഷേപങ്ങൾ കാലാവധി പൂർത്തിയാകുമ്പോൾ ലാഭവിഹിതം ഉൾപ്പെടെ കൃത്യസമയത്ത് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ഉണ്ടായിട്ടില്ലെന്നും സൊസൈറ്റി അവകാശപ്പെടുന്നു.
BLM has dismissed reports claiming that its Cooperative Society chairman, Premkumar, was arrested in a financial irregularities case as fake news. The organisation said police had visited Premkumar’s residence in Chennai but did not arrest him due to his ill health. The BLM Group also alleged that the police behaved improperly at the hospital where Premkumar was admitted.