'സര്‍ക്കാര്‍ ഭാഗികമായി ഏറ്റെടുക്കണം, അല്ലെങ്കില്‍ സമരം', സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാം; പുതിയ ഫോര്‍മുലയുമായി സ്വകാര്യ ബസ്സുടമകള്‍

കെഎസ്ആര്‍ടിസിയ്ക്ക് സമാനമായി 'സീറോ ടിക്കറ്റ്' സംവിധാനത്തിലൂടെ സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ഉടമകള്‍ തയ്യാറാണ്.
'സര്‍ക്കാര്‍ ഭാഗികമായി ഏറ്റെടുക്കണം, അല്ലെങ്കില്‍ സമരം', സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാം; പുതിയ ഫോര്‍മുലയുമായി സ്വകാര്യ ബസ്സുടമകള്‍
Published on

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ, സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ആക്ഷേപം. തങ്ങളെ അവഗണിച്ചുകൊണ്ട് മുന്നോട്ടുപോയാല്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായി നിറുത്തിവെച്ച് സമരത്തിലേക്ക് കടക്കുമെന്നു സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഭാഗികമായി സര്‍വീസ് ഏറ്റെടുക്കണമെന്നതുള്‍പ്പെടെയുള്ള അപ്രായോഗികമല്ലാത്ത ആവശ്യങ്ങളും ഉടമകള്‍ മുന്നോട്ട് വെക്കുന്നു.

സര്‍വീസുകള്‍ ഭാഗികമായി സര്‍ക്കാര്‍ ഏറ്റെടുക്കണം

കെഎസ്ആര്‍ടിസി മാതൃകയില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ സര്‍ക്കാര്‍ ഭാഗികമായി ഏറ്റെടുക്കണമെന്നാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ പ്രധാന ആവശ്യം. സ്വകാര്യ ബസുകളുടെ ദിവസ കലക്ഷന്‍ പൂര്‍ണമായും സര്‍ക്കാരിന് നല്‍കാമെന്നും പ്രതിദിനം ഒരു ബസിന് കിലോമീറ്ററിന് 55 രൂപ സര്‍ക്കാര്‍ നല്‍കണമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അവശ്യപ്പെട്ടു. ബസുകളില്‍ ഡ്രൈവറെ സ്വകാര്യ ബസുടമ നിയമിക്കുമ്പോള്‍, കണ്ടക്ടറെ സര്‍ക്കാര്‍ നിയമിക്കണം. റോഡ് നികുതി, ഇന്‍ഷുറന്‍സ്, ബസിന്റെ അറ്റകുറ്റപ്പണി എന്നിവ സ്വകാര്യ ബസ് ഉടമകള്‍ തന്നെ വഹിക്കും.

സ്ത്രീകളുടെ സൗജന്യയാത്രയും സബ്സിഡി ആവശ്യവും

സര്‍ക്കാര്‍ ഏത് വിഭാഗത്തിന് ആനുകൂല്യം നല്‍കുന്നതിനെയും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ഈ ആനുകൂല്യം മറ്റൊരു വിഭാഗത്തെ ഇല്ലായ്മ ചെയ്യുന്നു എന്നതാണ് പ്രശ്നമെന്നും സംഘടന പറഞ്ഞു. സ്വകാര്യ ബസുകളിലെ യാത്രക്കാരില്‍ 70 ശതമാനത്തോളവും സ്ത്രീകളാണ്. കെഎസ്ആര്‍ടിസിയില്‍ പ്രിയദര്‍ശിനി പദ്ധതി വഴി സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നതോടെ ഈ യാത്രക്കാരെല്ലാം സ്വകാര്യ ബസുകളെ കൈയൊഴിയും. കെഎസ്ആര്‍ടിസിയ്ക്ക് സമാനമായി 'സീറോ ടിക്കറ്റ്' സംവിധാനത്തിലൂടെ സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ ഉടമകള്‍ തയ്യാറാണ്. എന്നാല്‍ ഇതിലൂടെയുണ്ടാകുന്ന ഭീമമായ നഷ്ടം സര്‍ക്കാര്‍ സബ്സിഡിയായി ബസുടമകള്‍ക്ക് നല്‍കണമെന്നാണ് സംഘടനയുടെ ആവശ്യം.

'സര്‍ക്കാര്‍ ഭാഗികമായി ഏറ്റെടുക്കണം, അല്ലെങ്കില്‍ സമരം', സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാം; പുതിയ ഫോര്‍മുലയുമായി സ്വകാര്യ ബസ്സുടമകള്‍
സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് 10 തവണ മാപ്പപേക്ഷിച്ചു, ഭഗത് സിങ് അടക്കമുള്ള വിപ്ലവകാരികള്‍ ഒത്തുതീര്‍പ്പിന് തയ്യാറായില്ല; വെളിപ്പെടുത്തി ചെറുമകന്‍

ചെലവുകളുടെ കണക്കുകളും ഇതര ഉപാധികളും

നിലവില്‍ ഒരു കിലോമീറ്റര്‍ പ്രൈവറ്റ് ബസ് ഓടിക്കാന്‍ 50.65 രൂപ ചെലവുണ്ടെന്നാണ് സംഘടനകള്‍ വ്യക്തമാക്കുന്നത്. ഡീസല്‍ വില കുതിച്ചുയരുന്നതും അറ്റകുറ്റപ്പണി ചെലവുകള്‍ വര്‍ദ്ധിക്കുന്നതും വ്യവസായത്തെ തളര്‍ത്തുന്നു. തങ്ങള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത പക്ഷം മറ്റ് രണ്ട് ഉപാധികള്‍ കൂടി ഉടമകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. പകുതി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കുക, റോഡ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കുക എന്നിവയാണ് ആ ഉപാധികള്‍. മൂന്നു ഉപാധികളില്‍ ഏതെങ്കിലും അംഗീകരിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.

15 വര്‍ഷമായി മാറാത്ത വിദ്യാര്‍ഥി കണ്‍സെഷന്‍

സാധാരണക്കാരുടെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഗതാഗത മേഖലയില്‍ ഏകദേശം 5,000 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുമ്പോള്‍ കെഎസ്ആര്‍ടിസിക്ക് നല്‍കുന്നതുപോലുള്ള പ്രത്യേക പാക്കേജുകളും ഇളവുകളും സ്വകാര്യ ബസ് മേഖലയ്ക്കും അനുവദിക്കണം.

ചര്‍ച്ച നടന്നില്ലെങ്കില്‍ അനിശ്ചിതകാല സമരം

ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 19-ന് ശേഷം മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും കാണാന്‍ ഭാരവാഹികള്‍ തീരുമാനിച്ചിട്ടുണ്ട്. വരാന്‍ പോകുന്ന ബജറ്റില്‍ പ്രത്യേക പാക്കേജ് ഉള്‍പ്പെടെയുള്ള അനുകൂല നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഈ മാസം 30 മുതല്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായി നിന്നുപോകുന്ന സാഹചര്യമുണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ തെക്കന്‍ ജില്ലകളില്‍ ദിവസങ്ങള്‍ക്കകം തന്നെ സര്‍വീസ് നിറുത്തിവെക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകും. മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും ഭവിഷ്യത്തുകള്‍ അറിയിച്ചിരുന്നു. എന്നാല്‍, സ്വകാര്യ ബസ്സുടമകളോട് ചര്‍ച്ച ചെയ്യാതെ സൗജന്യയാത്ര എന്ന തീരുമാനം എടുത്തു. ഒരു ലക്ഷത്തോളം പേര്‍ നേരിട്ട് ജോലി ചെയ്യുന്ന ഈ മേഖല തകര്‍ന്നാല്‍ വലിയൊരു തൊഴിലില്ലായ്മയ്ക്കും പൊതുയാത്രാ ക്ലേശത്തിനുമാകും കേരളം സാക്ഷ്യം വഹിക്കേണ്ടി വരിക.

'സര്‍ക്കാര്‍ ഭാഗികമായി ഏറ്റെടുക്കണം, അല്ലെങ്കില്‍ സമരം', സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കാം; പുതിയ ഫോര്‍മുലയുമായി സ്വകാര്യ ബസ്സുടമകള്‍
US Election 2026: വോട്ടര്‍മാരെ വെട്ടാന്‍ ട്രംപിന്റെ 'രഹസ്യ ലിസ്റ്റ്'; അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി നീക്കമോ?
Summary

Private bus operators in Kerala have expressed concerns over the state government's decision to provide free travel for women on ordinary KSRTC buses, warning that the move could severely impact the private bus sector. Bus owners' associations have threatened to suspend services and launch protests if their concerns are not addressed

Madism Digital
madismdigital.com