

വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖയെ പ്രതിചേര്‍ത്തു. ഇക്കാര്യത്തില്‍ പൊലീസ് പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സിപിഐഎമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനൊടുവിലാണ് നീക്കം. നേരത്തെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശ്രീലേഖ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു.
ശ്രീലേഖയെ പ്രതിചേര്‍ത്ത സംഭവത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലേഖ തനിക്കെതിരായി കേസെടുക്കാതിരിക്കാന്‍ ഉന്നതതലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപണങ്ങളുണ്ട്. സംഭവത്തില്‍ കമ്മിഷ്ണര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും പഴയ ഉദ്യോഗസ്ഥയെന്ന നിലയില്‍ ശ്രീലേഖയ്ക്ക് പരിഗണന ലഭിച്ചതെന്നും സിപിഐഎം ആരോപിക്കുന്നുണ്ട്.
വട്ടിയൂർകാവിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തില്‍ ശ്രീലേഖയ്ക്ക് പങ്കുണ്ടെന്നാണ് വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ ഉയർത്തിയ ആരോപണം. ബിജെപി സംഘടിപ്പിച്ച സ്റ്റേഷൻ മാർച്ചിനിടെ പൊലീസിനെതിരായ മുൻ ഡിജിപിയുടെ മുദ്രാവാക്യവിളിയും ഇതോടൊപ്പം വിമർശന വിധേയമായി. സംസ്ഥാനത്തിലെ ആദ്യ വനിത ഡിജിപിയായിരുന്ന വ്യക്തിയിൽ നിന്നുള്ള ഇത്തരം പരാമർശങ്ങൾ അനുചിതമായിരുന്നില്ലെന്ന വിമർശനവും ഐപിഎസ് അസോസിയേഷനിൽ ഉയരുന്നുണ്ട്. എന്നാല്‍ ചിലർ ശ്രീലേഖയ്ക്ക് സഹായങ്ങള്‍ ചെയ്യുന്നുവെന്നും അസോസിയേഷനകത്ത് ചർച്ചയുണ്ട്.
ബിജെപിയുടെ തുടർച്ചയായ സമരങ്ങങ്ങള്‍ക്ക് പിന്നാലെ വട്ടിയൂർകാവ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്ത പക്ഷം കമ്മീഷണർ ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകിയിരുന്നത്. കമ്മീഷണർക്ക് അയച്ച സന്ദേശം പരസ്യപ്പെടുത്തിയ നടപടിയും ഐപിഎസ് അസോസിയേഷൻ വിമർശിച്ചിട്ടുണ്ട്. മുൻ ഡിജിപിക്കെതിരെ തുറന്ന പ്രതികരണം വേണമെന്ന നിലപാടും അസോസിയേഷനിൽ ശക്തമായി ഉയരുന്നുണ്ടെന്നാണ് വിവരം.
English Summary: R Sreelekha has been named as an accused in the Vattiyoorkavu police station march case. Police submitted a special report in the matter, with allegations emerging that the move came under pressure from Communist Party of India (Marxist). The development has intensified political tensions, with both sides trading accusations.