ആന്റിവെനത്തെച്ചൊല്ലി തർക്കം കൊഴുക്കുന്നു: പാമ്പുകടി മരണങ്ങളിൽ വിരൽ ചൂണ്ടുന്നത് ആശുപത്രികൾക്ക് നേരെ

പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിച്ചിട്ടും ചികിത്സ നല്‍കാത്തത് ആശുപത്രിയുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍
ആന്റിവെനത്തെച്ചൊല്ലി തർക്കം കൊഴുക്കുന്നു: പാമ്പുകടി മരണങ്ങളിൽ വിരൽ ചൂണ്ടുന്നത് ആശുപത്രികൾക്ക് നേരെ
Published on

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ ആശങ്കാജനകമായി തുടരുമ്പോൾ, ചികിത്സാപ്പിഴവുകളെച്ചൊല്ലിയുള്ള ആരോപണങ്ങൾ ശക്തമാകുന്നു. പാമ്പുകടിയേറ്റാൽ ഒട്ടും വൈകാതെ ആന്റിവെനം ലഭ്യമാക്കണമെന്ന കർശനമായ മെഡിക്കൽ പ്രോട്ടോക്കോളും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങളും നിലനിൽക്കെയാണ് ആശുപത്രികളിൽ ചികിത്സ വൈകുന്നതെന്ന ആക്ഷേപം ഉയരുന്നത്.

ആരോപണവുമായി കുടുംബങ്ങൾ

തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടു വയസ്സുകാരൻ ദിക്ഷലിന്റെയും കായംകുളത്ത് സലീനയുടെയും മരണങ്ങൾ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നത്. രണ്ട് സംഭവങ്ങളിലും ആന്റിവെനം നൽകാൻ അധികൃതർ തയ്യാറായില്ലെന്നതാണ് ബന്ധുക്കളുടെ പ്രധാന പരാതി. പാമ്പുകടിയേറ്റതാണെന്ന് പ്രാഥമികമായി മനസ്സിലാക്കിയിട്ടും എന്തുകൊണ്ട് ആന്റിവെനം നൽകി ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന ചോദ്യം കുടുംബങ്ങൾ ഉയർത്തുന്നു. ആന്റിവെനം കൃത്യസമയത്ത് നൽകിയിരുന്നെങ്കിൽ ഈ ജീവനുകൾ നഷ്ടമാകില്ലായിരുന്നുവെന്ന് അവർ വിശ്വസിക്കുന്നു.

ആന്റിവെനത്തെച്ചൊല്ലി തർക്കം കൊഴുക്കുന്നു: പാമ്പുകടി മരണങ്ങളിൽ വിരൽ ചൂണ്ടുന്നത് ആശുപത്രികൾക്ക് നേരെ
പാമ്പ് കടിയേറ്റാൽ മരണം സംഭവിക്കുന്നത് ഈ പിഴവുകൾ കാരണം! മുറിവിൽ കെട്ടുന്നവരും പാമ്പിനെ തേടി പോകുന്നവരും അറിയാൻ. ഉടൻ ചെയ്യേണ്ടത് ...

പരിശോധനാ ഫലവും റഫറലും: ജീവൻ കവരുന്ന കാലതാമസം

പാമ്പുകടിയേറ്റ ഒരാൾ ആശുപത്രിയിലെത്തിയാൽ രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഇരുപത് മിനിറ്റ് ഹോൾ ബ്ലഡ് ക്ലോട്ടിങ് ടെസ്റ്റ് (20WBCT) ആണ് പ്രധാനമായും നടത്തുന്നത്. ഇതിൽ വലിയ വ്യതിയാനം കാണാത്ത പക്ഷം ഉയർന്ന ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതാണ് നിലവിലെ രീതി. എന്നാൽ ഇതിനായി ചെലവഴിക്കുന്ന സമയം പലപ്പോഴും രോഗിയുടെ നില വഷളാക്കുന്നു. പാമ്പുകടിയേറ്റ വിവരം രോഗി പറഞ്ഞാലും മെഡിക്കൽ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുന്നത് മരണസംഖ്യ വർദ്ധിപ്പിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്.

മുഖ്യമന്ത്രിയുടെ നിർദ്ദേശവും യാഥാർത്ഥ്യവും

പാമ്പുകടിയേറ്റാൽ ഒട്ടും വൈകാതെ ആന്റിവെനം ചികിത്സയുള്ള ഏറ്റവും അടുത്ത ആശുപത്രിയിൽ രോഗിയെ എത്തിക്കണമെന്നും രോഗിയെ പരിഭ്രാന്തരാക്കാതെ സമാധാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സർക്കാർ തലത്തിൽ ഇത്തരം ബോധവൽക്കരണം നടക്കുമ്പോഴും രോഗിയെ എത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും ആന്റിവെനം നൽകുന്നതിൽ ഡോക്ടർമാർ കാണിക്കുന്ന വിമുഖതയും ഇതിലേക്ക് നയിക്കുന്ന കാരണങ്ങളും ഗൗരവകരമായ ചർച്ചയാകേണ്ടതാണ്. ആവശ്യത്തിന് ആൻറിവെനം സംസ്ഥാനത്ത് സ്റ്റോക്കുണ്ടെന്ന വിലയിരുത്തൽ പരിഗണിച്ച് പ്രത്യേകിച്ചും.

ആന്റിവെനത്തെച്ചൊല്ലി തർക്കം കൊഴുക്കുന്നു: പാമ്പുകടി മരണങ്ങളിൽ വിരൽ ചൂണ്ടുന്നത് ആശുപത്രികൾക്ക് നേരെ
പാമ്പുകൾ പുറത്തിറങ്ങുന്നത് എന്തുകൊണ്ട്? 'അറിയേണ്ട ചില വസ്തുതകൾ'; ചൂടിന് പുറമെ പാമ്പുകളെ പുറത്തെത്തിക്കുന്ന ശാസ്ത്രീയ കാരണങ്ങൾ

മരണം പിന്തുടരുന്ന അനാസ്ഥ

തൃശൂർ കോടാലിയിൽ എട്ടു വയസ്സുകാരൻ ആൽജോയുടെ മരണത്തിലും ശരിയായ രോഗനിർണ്ണയം വൈകിയത് തിരിച്ചടിയായി. ശംഖുവരയനെപ്പോലെയുള്ള പാമ്പുകൾ കടിക്കുമ്പോൾ വേദന കുറവായതിനാൽ അത് തിരിച്ചറിയാൻ വൈകുന്നത് മറ്റൊരു വെല്ലുവിളിയാണ്. പാമ്പുകടിയേറ്റാൽ ഒട്ടും വൈകാതെ ആന്റിവെനം നൽകുന്നതിലെ സാങ്കേതികതകൾ മാറ്റിയെഴുതിയില്ലെങ്കിൽ ഇനിയും നിരപരാധികളുടെ ജീവൻ പൊലിയുന്ന അവസ്ഥ തുടരും.

English Summary: Allegations of hospital negligence have surfaced in recent Kerala snakebite deaths, with families claiming that timely administration of antivenom could have saved the victims.

Related Stories

No stories found.
Madism Digital
madismdigital.com