രാഹുൽ ഹാജരായി, 4 മണി വരെ ചോദ്യം ചെയ്യൽ നീളും; നടപടി ആദ്യ ബലാത്സംഗ കേസില്‍

പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ.
രാഹുൽ ഹാജരായി, 4 മണി വരെ ചോദ്യം ചെയ്യൽ നീളും; നടപടി ആദ്യ ബലാത്സംഗ കേസില്‍
Published on: 

കൊച്ചി: ആദ്യ ബലാത്സംഗ പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ചോദ്യം ചെയ്യലിന് ഹാജരായി. പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിലാണ് ചോദ്യം ചെയ്യൽ. കേസിൽ നേരത്തെ രാഹുലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും, ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണയാക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നുമുള്ള കർശന ഉപാധികളോടെയായിരുന്നു ജാമ്യം ലഭിച്ചത്. ഇന്ന് വൈകിട്ട് 4 മണി വരെ ചോദ്യം ചെയ്യൽ നീളും.

മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ, കീഴ്കോടതികൾ നിന്ന് രാഹുലിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദ്യ കേസിലെ മുൻകൂർ ജാമ്യം രാഹുൽ മാങ്കൂട്ടത്തിലിന് വലിയ ആശ്വാസമായിരുന്നു. ഈ മാസം 16, 17, 18 തീയതികളിൽ രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് നിർദ്ദേശിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് മുൻകൂർ ജാമ്യം നൽകിയത്. പ്രഥമദൃഷ്ട്യാ, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നുമുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു മുൻകൂർജാമ്യം.

പരാതിക്കാരിയായ യുവതിയെ മാനസികമായി തളർത്തി, ലൈംഗികമായി ചൂഷണം ചെയ്തു തുടങ്ങിയ വാദങ്ങൾ ഉയർത്തി രാഹുലിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ, തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു രാഹുലിന്റെ പ്രധാനവാദം. കൂടാതെ, വിവാഹവാഗ്ദാനം നൽകിയുള്ള പീഡനം എന്ന ആരോപണം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.

രാഹുൽ നിരന്തര കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ഈ കേസിന് ശേഷമാണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കർശന വ്യവസ്ഥകളോടെയാണ് രാഹുലിന് ജാമ്യം ലഭിച്ചത്. സംസ്ഥാനം വിട്ടുപോകരുത്, രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകണം, പാസ്‌പോർട്ട് സമർപ്പിക്കണം തുടങ്ങിയ കർശന വ്യവസ്ഥകളാണ് രാഹുലിന് ജാമ്യം അനുവദിച്ചപ്പോൾ കോടതി മുന്നോട്ടുവച്ചത്.

ആദ്യ ബലാത്സംഗ പരാതിക്ക് ശേഷം രണ്ട് പരാതികൾ കൂടി രാഹുലിനെതിരേ വന്നിരുന്നു. ബെംഗളൂരുവിൽ ജോലി ചെയ്തു വരുന്ന യുവതി കെപിസിസി അധ്യക്ഷന്റെ മെയിൽ മുഖാന്തരമാണ് രാഹുലിനെതിരെ പരാതിപ്പെട്ടത്. തുടർന്ന് ഈ പരാതി പോലീസിന് കൈമാറുകയും അതിൽ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. നിലവിൽ വിദേശത്തുള്ള പത്തനംതിട്ട സ്വദേശിനിയാണ് മൂന്നാമത്തെ പരാതികാരി. ഈ പരാതിയെ തുടർന്നായിരുന്നു പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.

English Summary: Rahul Mankootathil appeared for questioning in the first rape case against him.

Madism Digital
madismdigital.com