

സർക്കാരിനെതിരായ അടൂർ പ്രകാശിന്റെ വിമർശനങ്ങൾക്ക് പിന്നാലെ യുഡിഎഫ് കൺവീനർക്കെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. അടൂർ പ്രകാശിന്റെ നിലപാടുകൾ യുഡിഎഫിന് ഗുണകരമല്ലെന്നും അദ്ദേഹം യുഡിഎഫ് കൺവീനറാണോ എൽഡിഎഫ് കൺവീനറാണോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും രാജ്മോഹന് ഉണ്ണിത്താൻ പരിഹസിച്ചു. യുഡിഎഫിനെ വിമർശിക്കേണ്ടത് എൽഡിഎഫ് കൺവീനറുടെ ജോലിയാണെന്നും ആരോപണങ്ങൾ ഉന്നയിക്കുന്നവർ ആദ്യം ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
നിർജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കൾ തന്നെ ആയുധങ്ങൾ നൽകുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു. വിമർശനങ്ങൾ ഉന്നയിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും അതിന് അർഹതയുണ്ടോയെന്ന് കൂടി പരിശോധിക്കണം. പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിലകൽപ്പിക്കാതെ ചില കേന്ദ്രങ്ങളുടെ സമ്മർദത്തിന് വഴങ്ങിയവരുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിലെ ഭരണത്തിനെതിരെ ആരെങ്കിലും രംഗത്തുവന്നാൽ ജനങ്ങൾ അതിനോട് പ്രതികരിക്കുമെന്നും റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ഉണ്ണിത്താൻ വ്യക്തമാക്കി.
അടൂർ പ്രകാശ് നൽകിയ പരാതിയിൽ ഗൗരവമുള്ള വിഷയങ്ങളില്ലെന്ന് ഹൈക്കമാൻഡിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും ഒരു മാസം പിന്നിട്ടിട്ടും പരാതിയിൽ നടപടിയുണ്ടാകാത്തത് ഇതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി സണ്ണി ജോസഫിനെതിരെയും രാജ്മോഹൻ ഉണ്ണിത്താൻ വിമർശനം ഉന്നയിച്ചു.
വഹിക്കുന്ന പദവിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞുവേണം മന്ത്രിമാർ പ്രതികരിക്കാനെന്നും അദ്ദേഹം പറഞ്ഞു. നിരവധി യോഗ്യരായ ആളുകളെ മാറ്റിനിർത്തിയാണ് ചിലർക്ക് മന്ത്രിസ്ഥാനം ലഭിച്ചത്. ആ അവസരത്തിനൊത്തുയരാൻ മന്ത്രിമാർക്ക് കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ മന്ത്രിമാരെയും ഗൺപോയിന്റിൽ നിർത്താനുള്ള കാര്യങ്ങൾ തന്റെ കൈവശമുണ്ടെന്ന പരാമർശവും ഉണ്ണിത്താൻ നടത്തി. ആറുമാസം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ അലാവുദ്ദീന്റെ അത്ഭുതവിളക്ക് മുഖ്യമന്ത്രിയുടെ കൈവശമില്ലെന്നും മുഖ്യമന്ത്രിയെ എല്ലാവരും ഗൺപോയിന്റിൽ നിർത്തുന്ന അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം, സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ നേരത്തെ പരസ്യവിമർശനവുമായി രംഗത്തെത്തിയത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശായിരുന്നു. മുന്നണിയുടെ കൺവീനറായിട്ടും നിർണായകമായ പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും യുഡിഎഫിൽ ആവശ്യമായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാതി. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുധാകരനെ പുറത്താക്കാൻ സമ്മർദം ചെലുത്തിയതുപോലെ തന്നെ കൺവീനർ സ്ഥാനത്തുനിന്നും മാറ്റാനുള്ള നീക്കം നടക്കുന്നുണ്ടോയെന്നും അടൂർ പ്രകാശ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നിൽ ഒരു ഉപജാപക സംഘമുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Rajmohan Unnithan mocked the current situation, saying the Chief Minister is being kept at gunpoint. He also alleged that some leaders are providing ammunition to the inactive Opposition and said those who raise criticism should first engage in self-introspection.