

തിരുവനന്തപുരം: മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടത്തിന് പിന്നാലെ കോൺഗ്രസിൽ ഉടലെടുത്ത പടലപിണക്കങ്ങൾ ഒത്തുതീർപ്പിലാക്കാൻ എഐസിസിസി. നേതൃത്വവുമായി ഉടക്കിനിൽക്കുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രി പദം നൽകി പ്രശ്‌നങ്ങൾ അവസാനിപ്പിക്കാനാണ് നീക്കങ്ങൾ. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ്മുൻഷിയും ചെന്നിത്തലയുമായി അനുനയ ചർച്ചകൾ നടത്തിയിട്ടുണ്ട്. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള നിർദേശ പ്രകാരമാണ് ചർച്ചയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ആഭ്യന്തര മന്ത്രിസ്ഥാനത്തിൽ കടുംപിടുത്തം ആവശ്യമില്ലെന്ന നിലപാടിലാണ് വി.ഡി സതീശൻ. മറ്റേതെങ്കിലും നിർണായക വകുപ്പുകളിലേക്ക് ചെന്നിത്തലയെ പരിഗണിക്കണമെന്നും ആഭ്യന്തര ആവശ്യം തള്ളണമെന്നുമാണ് വി.ഡിയുടെ പക്ഷം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എഐസിസി നേതൃത്വത്തിന്റേതാവും.
മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചെന്നിത്തലയുടെ പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കപ്പെടണമെന്ന നിലപാടിലാണ്. കേരളത്തിലെ മുതിർന്ന നേതാവെന്ന നിലയിലുള്ള പരിഗണന അദ്ദേഹത്തിന് ഉറപ്പാക്കണമെന്ന് നേരത്തെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനോടും അഭ്യർത്ഥിച്ചിരുന്നു. സോണിയാ ഗാന്ധിക്കും വിഷയത്തിൽ സമാന നിലപാട് തന്നെയാണ്.
എഐസിസി നിർദേശങ്ങൾക്ക് മുന്നിൽ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരിക്കണമെന്ന നിർദേശം നേതൃത്വം വി.ഡി സതീശന് കൈമാറിയതായിട്ടാണ് വിവരം. ആഭ്യന്തരം വേണമെന്ന ശാഠ്യത്തിൽനിന്ന് സതീശൻ ഇതോടെ പിന്തിരിഞ്ഞേക്കും. നിലവിൽ നിർണായക വകുപ്പുകൾ കൈപ്പിടിയിലൊതുക്കാൻ കെ.സി വേണുഗോപാൽ പക്ഷവും ആർസി പക്ഷവും കരുനീക്കങ്ങൾ നടത്തുന്നുണ്ട്. ആഭ്യന്തരം കൈവിടുന്നതോടെ വി.ഡി പക്ഷത്തിന് കാര്യമായ ശക്തി മന്ത്രിസഭയിലുണ്ടാകില്ല.
English Summary: The Congress high command has reportedly begun efforts to resolve internal tensions following the Kerala Chief Minister selection. Senior leader Ramesh Chennithala is likely being considered for the Home Minister position, with key discussions involving Deepa Das Munshi and K. C. Venugopal taking place late at night