

തിരുവനന്തപുരം: കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂരിനെ ഇടതുമുന്നണിയിലേക്ക് എത്തിക്കാൻ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. ദുബൈയിൽ ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മുഖ്യമന്ത്രിയുമായി അടുപ്പമുള്ള വ്യവസായിയാണ് ചർച്ചക്ക് മുൻഗണന എടുക്കുന്നതെന്നും സൂചന. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെയാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് വേദിയിലെത്തിയ രാഹുല്‍ ഗാന്ധി ശശി തരൂരിനെ അവഗണിച്ചെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇത് മുൻനിർത്തിയാണ് സിപിഐഎം നീക്കമെന്നാണ് വ്യക്തമാകുന്നത്. നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്ത് 27 ന് ചേരുന്ന കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തരൂർ പങ്കെടുക്കാതിരിക്കാനും സാധ്യതയുണ്ട്. സിപിഐഎമ്മിന്റെ ഈ നീക്കങ്ങൾക്കിടെ, ഇടഞ്ഞുനിൽക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. അതൃപ്തി മാറ്റാന്‍, രാഹുല്‍ ഗാന്ധി തന്നെ തരൂരിനോട് സംസാരിക്കുമെന്നും വിവരമുണ്ട്.
പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നേ തന്നെ തരൂരുമായി നേതാക്കള്‍ സംസാരിക്കുമെന്നാണ് എ ഐ സി സി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കോൺഗ്രസുമായുള്ള എല്ലാ പ്രശ്നങ്ങളും, നേതൃത്വവുമായി നേരിട്ട് ചർച്ച ചെയ്യുമെന്നും തരൂർ അറിയിച്ചിരുന്നു. മാത്രമല്ല, താൻ തരൂരിനെ അവഗണിച്ചതല്ല എന്നും, മറിച്ച് നേതാക്കളുടെ ലിസ്റ്റില്‍ തരൂരിന്റെ പേര് ഉണ്ടാകാതിരുന്നതിനാലാണ് ആ പേര് വിട്ടുപോയതെന്നും രാഹുലും വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ തരൂരിനെ പിണക്കി നിര്‍ത്തുന്നത് യുവാക്കളിലും, പ്രൊഫഷണലുകളിലും മധ്യവര്‍ഗത്തിലുമൊക്കെ അതൃപ്തി ഉണ്ടാക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തല്‍.
അതേസമയം, ശശി തരൂരിനെ ഒപ്പം നിർത്താനുള്ള സി പി എം നീക്കം ശക്തമാണെന്നാണ് എൽഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞത്. ഇടത് മുന്നണി അടിത്തറ വിപുലീകരിക്കാൻ ഗ്രൂപ്പുകളെയും പാർട്ടികളെയും വ്യക്തികളെയും സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ശശി തരൂർ എന്ന വ്യക്തി അല്ല, മറിച്ച് അദ്ദേഹം സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടാണ് പ്രസക്തമെന്നും, കോൺഗ്രസ് വിട്ടുവന്നാൽ സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary: Reports suggest that discussions are underway to bring Shashi Tharoor into the CPI(M) as his tensions with the Congress continue