കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളുടെ പ്രാതിനിധ്യ കുറവ്; നീതികേടെന്ന് ശശി തരൂർ

സ്ഥാനാർത്ഥി നിർണയത്തിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി
കോൺ​ഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകളുടെ പ്രാതിനിധ്യ കുറവ്; നീതികേടെന്ന് ശശി തരൂർ
Published on

ന്യൂഡൽഹി: കേരള നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ വനിതാ പ്രാതിനിധ്യ കുറവിനെ വിമർശിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. വനിതാ പ്രവർത്തകരോട് കാണിച്ച തികഞ്ഞ നീതികേടാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥാനാർത്ഥി നിർണയത്തിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഘടകങ്ങളും പരിഗണിച്ചായിരിക്കാം തീരുമാനമെടുത്തിട്ടുണ്ടാവുക, വിജയസാധ്യതയെ മാനദണ്ഡമാക്കിയാണ് സ്ഥാനാർത്ഥി നിർണയമെന്നായിരുന്നു വിവരം. വനിത ബില്ലിനെ പിന്തുണച്ച വ്യക്തിയെന്ന നിലയ്ക്ക് സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്നാണ് തന്റെ നിലപാടെന്നും ശശി തരൂർ വ്യക്തമാക്കി.

സംസ്ഥാനത്ത് കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ ഒമ്പത് മണ്ഡലങ്ങളിൽ മാത്രമാണ് വനിതാ സ്ഥാനാർത്ഥികളുള്ളത്. വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും ശേഷം പിന്നാലെ വ്യാഴാഴ്ച വൈകുന്നേരമാണ് കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിത്. സീറ്റ് നിഷേധിച്ചതിൽ അമർഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. കൊച്ചിയിൽ ദീപ്തി മേരി വർഗീസിന്റെ പേര് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ നിർദേശിച്ചെങ്കിലും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർദ്ദേശ പ്രകാരമാണ് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിന്റെ പേര് പരിഗണിച്ചത്.

അതേസമയം, കണ്ണൂരിൽ മത്സരിക്കാൻ ഹൈക്കമാൻഡ് ചർച്ചകൾക്ക് വരെ കളമൊരുക്കിയിട്ടും കെ സുധാകരന് സീറ്റ് നൽകിയിരുന്നില്ല. കണ്ണൂരിൽ അഡ്വ. ടി ഒ മോഹനന് നേരത്തെ നിശ്ചയിച്ച പ്രകാരം സീറ്റ് ലഭിച്ചു. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരും പെരുമ്പാവൂരിൽ മനോജ് മൂത്തേടനും ഏറ്റുമാനൂരിൽ നാട്ടകം സുരേഷുമാണ് മത്സരിക്കുന്നത്. കായംകുളത്ത് എം ലിജു, റാന്നിയിൽ പഴംകുളം മധു ആറന്മുളയിൽ അബിൻ വർക്കി, നേമത്ത് കെ എസ് ശബരീനാഥൻ എന്നിവർ മത്സരിക്കും. പെരുമ്പാവൂരിൽ നിന്ന് എൽദോസ് കുന്നപ്പിള്ളിക്കും സിറ്റിങ് സീറ്റ് നിഷേധിച്ചിട്ടുണ്ട്.

English Summary: Shashi Tharoor criticized the low representation of women in Congress’s Kerala candidate list, calling it unfair. He stressed the need for greater inclusion of women in politics.

Related Stories

No stories found.
Madism Digital
madismdigital.com