

കഴിഞ്ഞ 40 വര്‍ഷത്തിലധികമായി പിടികിട്ടാപ്പുള്ളിയായി കഴിയുന്ന സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തിൽ പുറത്തുവന്ന പ്രചരണത്തിന് പിന്നാലെ ഇന്റർപോളിന്റെ സഹായം തേടേണ്ടതില്ലെന്ന നിലപാടിൽ ക്രൈംബ്രാഞ്ച്. പ്രചരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങിയ സാഹചര്യത്തിൽ അന്താരാഷ്ട്ര ഏജൻസിയെ സമീപിക്കേണ്ട സാഹചര്യമില്ലെന്നാണ് ഉന്നത പൊലീസ് വൃത്തങ്ങളുടെ വിലയിരുത്തൽ.
സുകുമാര കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്നായിരുന്നു പ്രചരിച്ച വിവരം. എന്നാൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനയിൽ അവിടെ കണ്ടെത്തിയത് കുറുപ്പല്ലെന്നും തൃശ്ശൂർ സ്വദേശിയായ മറ്റൊരാളാണെന്നും സ്ഥിരീകരിച്ചു. ഇതോടെ വ്യാജപ്രചരണത്തിന് പിന്നിലെ ലക്ഷ്യം കണ്ടെത്തുന്നതിനാണ് ക്രൈംബ്രാഞ്ച് നീക്കം.
പ്രചാരണം സൈബർ ഹാക്കർമാരുടെ സഹായത്തോടെ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. അതിനാലാണ് വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് തിടുക്കപ്പെട്ട് നടപടികളിലേക്ക് കടക്കാതിരുന്നത്. കുറുപ്പിനെ കണ്ടെത്തിയെന്ന അവകാശവാദത്തിന് പിന്നിൽ ആസൂത്രിതമായ നീക്കമുണ്ടോയെന്നും അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമാണോയെന്നും പൊലീസ് പരിശോധിക്കും.
42 വർഷമായി തുടരുന്ന അന്വേഷണം
1984ലെ ചാക്കോ വധക്കേസിന് ശേഷം ഒളിവിൽ പോയ സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള ശ്രമം കേരള പൊലീസ് 42 വർഷമായി തുടരുകയാണ്. ഇന്റർപോളിന്റെ പിടി കിട്ടാപ്പുള്ളികളുടെ പട്ടികയിലും കുറുപ്പ് ഉൾപ്പെട്ടിട്ടുണ്ട്. അസുഖബാധിതനായിരുന്ന കുറുപ്പ് മരണപ്പെട്ടിരിക്കാമെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നതിനിടെയാണ് പുതിയ അവകാശവാദം പുറത്തുവന്നത്.
വെളിപ്പെടുത്തലിന് പിന്നാലെ അന്വേഷണം സംബന്ധിച്ച് പൊലീസിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ പേരിൽ അമിതപ്രതികരണം വേണ്ടെന്നായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇന്റർപോളിന്റെ വിവരശേഖരണത്തിന് ശേഷമേ തുടർനടപടികൾ സ്വീകരിക്കേണ്ടതുള്ളൂ എന്ന നിലപാടാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളും ശരിവയ്ക്കുന്നതെന്നാണ് പൊലീസ് വിലയിരുത്തൽ.
അതേസമയം, വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ ആരൊക്കെയാണെന്നും എന്താണ് ലക്ഷ്യമെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലേക്ക് ക്രൈംബ്രാഞ്ച് കടക്കും. മുൻ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ അലി അക്ബറും കൊച്ചിയിലെ ഒരു സൈബർ വിദഗ്ധനും പ്രചരണത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.
കുറുപ്പിന്റെ അന്വേഷണത്തെ വഴിതെറ്റിക്കാനോ ഇതുവരെ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെ താറടിച്ചുകാണിക്കാനോ ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്. ഒരു മാസത്തിനകം സുകുമാരക്കുറുപ്പ് കേസിലെ അന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. കുറുപ്പിനെ കണ്ടെത്തിയെന്ന പേരിൽ നടന്ന വ്യാജപ്രചരണത്തിന്റെ ഉദ്ദേശ്യവും അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
After being confirmed through intelligence verification that reports claiming the fugitive Sukumara Kurup, who has been wanted for over four decades, was found in Brunei were false, the Crime Branch has decided not to seek Interpol’s assistance. The person found there was identified as a native of Thrissur. The Crime Branch will investigate the possibility of cyber hacking being used to mislead the investigation, as well as the motive behind the false information.