ചുറ്റും ആളിപ്പടരുന്ന തീഗോളം, കാതടപ്പിക്കുന്ന ശബ്ദം; കണ്മുന്നിൽ മരണം നിഴൽവിരിച്ച ആ നിമിഷം മുണ്ടത്തിക്കോട്ടെ പടക്ക നിർമ്മാണ തൊഴിലാളിയായ വിൽസൺ ഒരിക്കലും മറക്കില്ല. പടക്ക നിർമ്മാണത്തിന്റെ ഭാഗമായി കളത്തിൽ തിരികൾ ഉണക്കാനിടുന്ന തിരക്കിലായിരുന്നു അദ്ദേഹം. എന്നാൽ നിമിഷനേരം കൊണ്ട് പ്രദേശം മുഴുൻ ഭയാനകമായ അന്തരീക്ഷത്തിലേക്ക് മാറി
"എന്റെ കണ്മുന്നിലാണ് പെട്ടെന്ന് തീ പിടിച്ചു തുടങ്ങിയത്. എല്ലാം കത്തുന്നത് കണ്ടതോടെ മറ്റൊന്നും ആലോചിക്കാതെ ജീവനും കൊണ്ട് കുതിച്ചു പാഞ്ഞു. വീണു മറിഞ്ഞും എഴുന്നേറ്റും ഓടുന്നതിനിടെ പിന്നിൽ എല്ലാം തകർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു," വിൽസന്റെ വാക്കുകളിൽ ആ നടുക്കം ഇപ്പോഴുമുണ്ട്. മരണത്തിൽ നിന്ന് രക്ഷപ്പെടാൻ അദ്ദേഹത്തിന് ലഭിച്ചത് വെറും രണ്ട് മൂന്ന് സെക്കൻഡുകൾ മാത്രമാണ്. ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് തന്റെ തൊട്ടുപിന്നിൽ എല്ലാം കത്തിയമരുന്നതാണ്. വേലിക്കമ്പി ചാടിക്കടന്ന് പാടത്തേക്ക് ഓടിയത് കൊണ്ടാണ് ഇന്ന് താൻ ജീവനോടെ ഇരിക്കുന്നതെന്നും ആ ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയുന്നതായും വിൽസൺ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.
മറ്റൊരു തൊഴിലാളിക്കും ചിന്തിക്കാൻ പോലും സമയം നൽകാത്ത വിധം അത്രമേൽ വേഗതയിലായിരുന്നു സ്ഫോടന പരമ്പരകൾ. കഠിനമായ ചൂട് വെടിമരുന്നിന് തീപിടിക്കാൻ കാരണമായിട്ടുണ്ടാകാം എന്നാണ് വിൽസൺ കരുതുന്നത്. മുണ്ടത്തിക്കോടിനെ ശ്മശാനമൂകമാക്കിയ ആ ഉഗ്രസ്ഫോടനത്തിൽ നിന്ന് ഒരു അത്ഭുതം പോലെയാണ് വിൽസൺ ജീവിതത്തിലേക്ക് തിരിച്ചു നടന്നത്.
തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ടിന് പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് മുണ്ടത്തിക്കോടുള്ള വെടിപ്പുരയിൽ ദുരന്തമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ ഉണ്ടായ ഉഗ്രസ്ഫോടനത്തിൽ ഇതുവരെ 9 മരണം സ്ഥിരീകരിച്ചു. 40 ഓളം പേർക്ക് പരിക്കേറ്റ ദുരന്തത്തിൽ കളക്ടർ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
English Summary: While the Mundathikode fireworks explosion claimed nine lives, one worker managed a death-defying escape, fleeing the site just seconds before the facility turned into a massive fireball. The survivor was drying wick-threads in the yard when he noticed the materials spontaneously igniting, likely due to the extreme ambient heat currently affecting the region.