

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ അന്വേഷണസംഘത്തിന് മുന്നിലുള്ളത് വന്‍ വെല്ലുവിളി. വിവിധ പ്രദേശങ്ങളിലായി ചിതറിപ്പോയ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയണമെങ്കില്‍ ഓരോ ശരീരഭാഗവും ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും. ആഴ്ച്ചകളോ മാസങ്ങളോ സമയമെടുത്ത് മാത്രമായിരിക്കും ഇത് പൂര്‍ത്തിയാക്കാനാവുക. അപകടസ്ഥലത്തുനിന്ന് ഇന്നലെ മുതല്‍ 23 ശരീരഭാഗങ്ങളാണ് ലഭിച്ചത്. ഇത് കാണാതായവരുടെ ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുമായി താരതമ്യപ്പെടുത്തേണ്ടിവരും.
ഇന്ന് രാവിലെ രണ്ട് മൃതദേഹ ഭാഗങ്ങളാണ് അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയിരിക്കുന്നത്. ഇത് ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. നായകളുടെ സഹായത്തോടെ പുരോഗമിക്കുന്ന പരിശോധനയില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ ലഭിച്ചേക്കാനും സാധ്യതയുണ്ട്. ഇന്നലെ അപകട സ്ഥലത്തിന് സമീപത്തായി ഉണ്ടായിരുന്ന ജലശ്രോതസ്സിലും സ്‌കൂബാ സംഘം പരിശോധന നടത്തിയിരുന്നു.
ദുരന്തം നടക്കുന്ന സമയത്ത് സ്ഥലത്ത് 32 പേരാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നാണ് അന്വേഷണസംഘം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം കണക്കില്‍പ്പെടാത്ത ആളുകള്‍ സ്ഥലത്ത് ഉണ്ടായേക്കാമെന്ന നിഗമനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വീടുകളിലേക്ക് തിരികെയെത്താത്ത ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്, കാണാതായവരുടെ പേരുള്‍പ്പെടുത്തി പട്ടിക തയ്യാറാക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. ഇതുവരെ സ്ഥിരീകരിച്ചത് 13 പേരുടെ മരണമാണ്. പരിക്കേറ്റവരില്‍ 5 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
പൊലീസിനെ കാത്തിരിക്കുന്നത് 'നിഠാരി' വെല്ലുവിളി?
ഡല്‍ഹിയിലെ നിഠാരി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനയാണ് രാജ്യത്തുണ്ടായ ഏറ്റവും വലിയ മാരത്തോണ്‍ ഡിഎന്‍എ പരിശോധന. 2005 മുതല്‍ 2006 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവമാണ് നിഠാരി കൂട്ടക്കൊല. 2006 ഡിസംബറില്‍ നിഠാരിയിലെ അഴുക്കുചാലില്‍നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതോടെയാണ് രാജ്യം ഞെട്ടിയ കൂട്ടക്കൊല പുറംലോകമറിഞ്ഞത്. അസ്ഥികൂടങ്ങള്‍ വേര്‍തിരിച്ച് ഓരോന്നും ആരുടേതെന്ന് തിരിച്ചറിയുകമായിയിരുന്നു പൊലീസിന് മുന്നിലുള്ള വെല്ലുവിളി. ഏറെ മാസങ്ങളെടുത്താണ് ഇത് പൂര്‍ത്തിയാക്കിയത്. തൃശ്ശൂരില്‍ കാണാതായവരുടെ പട്ടിക പൂര്‍ത്തിയായാല്‍ മൃതദേഹ ഭാഗങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ സമാന പരിശോധനകള്‍ ആവശ്യമായി വന്നേക്കുമെന്നാണ് വിദഗദ്ധരുടെ നിരീക്ഷണം.
English Summary: A major challenge confronts investigators after the Thrissur fireworks storage explosion, as scattered human remains require DNA testing for identification. The process may take weeks or months, similar to complex forensic cases like Nithari. Authorities continue search operations while confirming casualties and missing persons.