

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ഏകാംഗ ജുഡീഷ്യല്‍ കമ്മിഷനാണ് അന്വേഷിക്കുക.
മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 10 ലക്ഷവും സംസ്ഥാന ദുരന്ത പ്രതികരണ നിധി(എസ് ഡി ആര്‍ എഫ്)യില്‍നിന്ന് നാലു ലക്ഷം രൂപയുമാണ് നല്‍കുക. പരുക്കേറ്റവര്‍ക്കു രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നല്‍കും. മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.
സ്ഫോടനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്.
അപകടകാരണത്തെക്കുറിച്ച് വൈകുന്നേരത്തോടെ വ്യക്തവരുമെന്നു സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. കാരണം കണ്ടെത്താന്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പരിശോധന നടത്തിയിരുന്നു. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.
ദുരന്തസ്ഥലത്ത് 32 പേര്‍ ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിച്ചതായും കൂടുതല്‍ പേര്‍ ഉണ്ടാകാനുളള സാധ്യതയും തള്ളിക്കളയുന്നില്ലെന്നും ഡി ജി പി പറഞ്ഞു. സംഭവസ്ഥലം ഡി ജി പി സന്ദര്‍ശിക്കും.
അതേസമയം, എത്ര പേര്‍ അപകടത്തില്‍പ്പെട്ടുവെന്ന് കൃത്യമായി പറയാനാവില്ലെന്നും വീട്ടിലെത്താത്തവരോ ബന്ധപ്പെടാന്‍ കഴിയാത്തവരോ ഉണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കണമെന്നും റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. എത്രപേര്‍ സംഭവത്തില്‍പ്പെട്ടു എന്ന് അറിയുന്നതിനാണ് ഈ അഭ്യര്‍ഥന. കേസോ മറ്റു കാര്യമോ ഉണ്ടാകുമോയെന്ന് ഭയന്ന് വിവരം പുറത്തുപറയാന്‍ മടികാണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അപകടത്തില്‍പ്പെട്ടവര്‍ക്കു യുദ്ധകാല അടിസ്ഥാനത്തില്‍ ചികിത്സ ഉറപ്പാക്കുന്നുണ്ടെന്നു മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വിവിധ മെഡിക്കല്‍ കോളേജില്‍നിന്നു മെഡിക്കല്‍ സംഘങ്ങളെ തൃശൂരില്‍ എത്തിച്ചതായും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് നാളെ ചേരുന്ന ദേവസ്വം, ജില്ലാ ഭരണകൂട യോഗത്തിനുശേഷം സര്‍ക്കാര്‍ തീരുമാനമെടുക്കും. രാവിലെ 10.30നാണ് യോഗം. യോഗം വിളിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതായി മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു. പൂരം കഴിയാതെ താന്‍ തൃശൂരില്‍നിന്നും മടങ്ങുന്നില്ല. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്താത്തതെന്ന് മന്ത്രി പറഞ്ഞു.
English summary: The Kerala Cabinet has directed the State Executive Committee of the State Disaster Management Authority to declare the Thrissur Mundathikode fireworks explosion a “special disaster.” The government has also ordered a judicial inquiry into the incident. Families of the deceased will receive ₹14 lakh in compensation, while the injured will get ₹2 lakh each. Authorities have confirmed that 32 people were present at the site, though more may have been involved.