കോൺഗ്രസിൽ കോളിളക്കം; അടൂർ പ്രകാശിനെച്ചൊല്ലി നേതാക്കൾക്കിടയിൽ വാക്പോര്, പോർമുഖം തുറന്ന് മഹിളാ കോൺഗ്രസും

അടൂർ പ്രകാശിന്റെ പരാതികളിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കട്ടെയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
കോൺഗ്രസിൽ കോളിളക്കം; അടൂർ പ്രകാശിനെച്ചൊല്ലി നേതാക്കൾക്കിടയിൽ വാക്പോര്, പോർമുഖം തുറന്ന് മഹിളാ കോൺഗ്രസും
Published on: 

പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരളത്തിൽ ഭരണത്തിലേറിയ യുഡിഎഫ് സർക്കാരിനും കോൺ​ഗ്രസിനും ഭരണത്തുടക്കത്തിൽ തന്നെ വലിയ പ്രതിസന്ധി സൃഷ്ടിച്ച് മുന്നണിയിലുണ്ടായ ആഭ്യന്തര തർക്കങ്ങൾ രൂ​ക്ഷമാകുന്നു. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രി വി ഡി സതീശനെതിരെ നടത്തിയ പരസ്യ പരാമർശങ്ങളും വിമർശമങ്ങളുമാണ് കോൺ​ഗ്രസിനെ നെടുകെ പിളർത്തുന്ന അവസ്ഥയിലെക്ക് എത്തിച്ചത്.

പാർട്ടിയുമായോ മുന്നണിയുമായോ യാതൊരു കൂടിയാലോചനകളും നടത്താതെ മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന അടൂർ പ്രകാശിന്റെ വിമർശനം ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, പാർട്ടിക്കുള്ളിൽ പുകയുന്ന വലിയൊരു വലിയൊരു അതൃപ്തിയുടെ പ്രതിഫലനമാണെന്നുമാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിരൽചൂണ്ടുന്നത്. ഇതിന് പിന്നാലെ സർക്കാരിന്റെ പദവി പങ്കിടലിലെ അതൃപ്തി പരസ്യമാക്കി മഹിളാ കോൺഗ്രസ് കൂടി രംഗത്തെത്തിയതോടെ കോൺഗ്രസിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമായി.

അടൂർ പ്രകാശിന്റെ തുറന്നുപറച്ചിലോടെ കോൺ​ഗ്രസിലെ മുതിർന്ന നേതാക്കൾ പരസ്യമായി തന്നെ ചേരിതിരിഞ്ഞ് വാക്പോരിലേർപ്പെടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അടൂർ പ്രകാശിനെ ശക്തമായി പിന്തുണച്ച് മന്ത്രി എ പി അനിൽ കുമാർ രംഗത്തെത്തിയത് ഇതിൽ ഏറെ ശ്രദ്ധേയമായി. മുന്നണിയിൽ ചർച്ചകളും കൂടിയാലോചനകളും നടക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ അനിൽ കുമാർ, എല്ലാ കാര്യങ്ങളും കെ സി വേണുഗോപാലിൽ കേന്ദ്രീകരിക്കേണ്ടതില്ലെന്ന കൃത്യമായ സന്ദേശവും നൽകി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന സമയത്ത് കെ സിയെ മാധ്യമങ്ങൾ വേട്ടയാടിയതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും അടൂർ പ്രകാശിന് പരോക്ഷമായ പിന്തുണയുമായി രംഗത്തുണ്ട്. കോൺഗ്രസിൽ എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും, മുഖ്യമന്ത്രിയോടും നേതൃത്വത്തോടും ചോദ്യങ്ങൾ ചോദിക്കാൻ അവകാശമുണ്ടെന്നുമാണ് ദീപ്തി മേരി വർഗീസ് വ്യക്തമാക്കിയത്.

കോൺഗ്രസിൽ കോളിളക്കം; അടൂർ പ്രകാശിനെച്ചൊല്ലി നേതാക്കൾക്കിടയിൽ വാക്പോര്, പോർമുഖം തുറന്ന് മഹിളാ കോൺഗ്രസും
'വിമർശന ചേരിയിൽ ഞാൻ ഒറ്റയ്ക്കാണ്'; മുഖ്യമന്ത്രിക്കെതിരായ വിമർശനത്തിൽ ഉറച്ച് അടൂർ പ്രകാശ്, കോൺഗ്രസിൽ അതൃപ്തി പുകയുന്നു

എന്നാൽ അടൂർ പ്രകാശിനെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് മറുവിഭാ​ഗം രം​ഗത്തെത്തിയത്. പറയാനുള്ള കാര്യങ്ങൾ പാർട്ടി വേദികളിലാണ് പറയേണ്ടതെന്നും ഇങ്ങനെ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ലെന്നും മന്ത്രി കെ മുരളീധരൻ തുറന്നടിച്ചു. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി കൃത്യമായി അറിയിക്കാറുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. രാജ്‌മോഹൻ ഉണ്ണിത്താൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ തുടങ്ങിയവരും അടൂർ പ്രകാശിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രിക്ക് പ്രതിരോധം തീർക്കുന്നുണ്ട്.

നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുമ്പോൾ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്വീകരിച്ചിരിക്കുന്ന നയതന്ത്രപരമായ നിലപാട് മുഖ്യമന്ത്രി വി ഡി സതീശന് പൂർണ്ണ പിന്തുണ നൽകുന്നതല്ല. പാർട്ടിയുടെ പ്രസിഡന്റ് എന്ന നിലയിൽ താൻ എല്ലാവരുമായി കൂടിയാലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് വ്യക്തമാക്കിയ അദ്ദേഹം, അടൂർ പ്രകാശിന്റെ പരാതികളിൽ ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുക്കട്ടെ എന്നാണ് പ്രതികരിച്ചത്. തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. പ്രശ്നം എഐസിസിക്ക് വിട്ടുകൊണ്ടുള്ള കെപിസിസി അധ്യക്ഷന്റെ ഈ നിലപാട്, സംസ്ഥാനത്തെ സംഘടനാ നേതൃത്വത്തിനും സർക്കാരിന്റെ പോക്കിൽ പൂർണ്ണ തൃപ്തിയില്ലെന്നതിന്റെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.

ഈ രാഷ്ട്രീയ പ്രതിസന്ധിയെ കൂടുതൽ വഷളാക്കുന്നതാണ് മഹിളാ കോൺഗ്രസിന്റെ ഇപ്പോഴത്തെ നിലപാട്. സർക്കാരിലെ പദവി പങ്കിടലിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന അധ്യക്ഷ ജെബി മേത്തർ കെപിസിസി അധ്യക്ഷന് കത്ത് നൽകി കഴിഞ്ഞു. ബോർഡ് കോർപ്പറേഷൻ നിയമനങ്ങളിലെ കാലതാമസവും, മഹിളാ കോൺഗ്രസ് നൽകിയ നോമിനികളെ പാടെ തഴയുന്നതുമാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പിലടക്കം നടന്ന നിയമനങ്ങൾ മഹിളാ കോൺഗ്രസിന്റെ താല്പര്യങ്ങൾക്ക് തികച്ചും വിരുദ്ധമായിരുന്നു. ഇനി നടക്കാനിരിക്കുന്ന നിയമനങ്ങളിലെങ്കിലും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും, അതിനായി കെപിസിസി എക്സിക്യൂട്ടീവ് അടിയന്തരമായി വിളിച്ചുചേർക്കണമെന്നുമാണ് ജെബി മേത്തർ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ, കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങളെയും അടൂർ പ്രകാശിന്റെ നീക്കങ്ങളെയും പൂർണ്ണമായും അപ്രസക്തമാക്കുന്ന നിലപാടാണ് യുഡിഎഫിലെ ഏറ്റവും വലിയ ഘടകകക്ഷിയായ മുസ്ലിം ലീഗ് സ്വീകരിച്ചത്. യുഡിഎഫിൽ ഹിമാലയൻ പ്രശ്നങ്ങളൊന്നുമില്ലെന്നും അടൂർ പ്രകാശിന്റെ പരസ്യപ്രതികരണം തികച്ചും അനാവശ്യവും അനവസരത്തിലുമുള്ളതാണെന്നും മുസ്ലിം ലീഗ് നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. മുന്നണിയിൽ ചർച്ചകൾ നടക്കാറില്ലെന്ന ആരോപണം തള്ളിയ കുഞ്ഞാലിക്കുട്ടി, ഉഭയകക്ഷി ചർച്ചകളിലൂടെയാണ് കാര്യങ്ങൾ തീരുമാനിച്ചതെന്നും, വരാനിരിക്കുന്ന കൂടുതൽ നിയമനങ്ങളോടെ എല്ലാവരുടെയും പരാതികൾ തീർപ്പാകുമെന്നും വ്യക്തമാക്കി.

കോൺഗ്രസിൽ കോളിളക്കം; അടൂർ പ്രകാശിനെച്ചൊല്ലി നേതാക്കൾക്കിടയിൽ വാക്പോര്, പോർമുഖം തുറന്ന് മഹിളാ കോൺഗ്രസും
'കണ്‍വീനര്‍ ഒന്നും അറിയുന്നില്ല, യുഡിഎഫില്‍ കൂടിയാലോചനകളില്ല', തുറന്നടിച്ച് അടൂര്‍ പ്രകാശ്; ലക്ഷ്യം മുഖ്യമന്ത്രി?

ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനം ഡോ. എം കെ മുനീറിന് നൽകാൻ നേരത്തെ ധാരണയായതാണെന്നിരിക്കെ, മുന്നണി യോഗം വിളിക്കാൻ ചുമതലയുള്ള കൺവീനർ തന്നെ ഈ വിഷയം പരസ്യമാക്കി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചതിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ പരസ്പരം സംസാരിച്ച് പരിഹരിക്കാവുന്നതേയുള്ളൂവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കിയതോടെ മുന്നണി തലത്തിൽ അടൂർ പ്രകാശ് ഒറ്റപ്പെടുന്ന സാഹചര്യമാണ് ഉണ്ടായത്.

മുന്നണി ബന്ധങ്ങളിൽ വിള്ളലുണ്ടാക്കാൻ ലീഗ് തയ്യാറല്ലെങ്കിലും, കോൺഗ്രസിനുള്ളിലെ അടിത്തറയെ പിടിച്ചുലയ്ക്കുന്ന ഗ്രൂപ്പ് പോരിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സമീപകാലത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾക്ക് കാരണം വി ഡി സതീശന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണെന്ന് വിശ്വസിക്കുന്ന നേതാക്കൾ ഒരുവശത്തും, മുഖ്യമന്ത്രിയുടെ കരുത്തുറ്റ നേതൃത്വത്തെ പിന്തുണയ്ക്കുന്നവർ മറുവശത്തുമായി അണിനിരക്കുമ്പോൾ ഭരണത്തുടക്കത്തിൽ തന്നെയുണ്ടായ ഈ അസ്വസ്ഥതകൾ ഒഴിവാക്കാൻ ഹൈക്കമാൻഡിന് നേരിട്ട് രംഗത്തിറങ്ങേണ്ടി വരും. ഘടകകക്ഷികൾ സർക്കാരിനൊപ്പം ഉറച്ചുനിൽക്കുമ്പോഴും, പാർട്ടിക്കുള്ളിലെ വീതംവെപ്പുകളും ആഭ്യന്തര ജനാധിപത്യത്തെക്കുറിച്ചുള്ള തർക്കങ്ങളും രമ്യമായി പരിഹരിച്ചില്ലെങ്കിൽ വരുംനാളുകളിൽ യുഡിഎഫ് സർക്കാരിന്റെ ഭരണവേഗത്തെയും പ്രതിച്ഛായയെയും അത് ദോഷകരമായി ബാധിക്കും.

Summary

A major political rift has surfaced within Kerala’s ruling United Democratic Front after Convener Adoor Prakash publicly criticized Chief Minister V.D. Satheesan for allegedly taking unilateral decisions without consulting the coalition or the Congress party. The dispute centers around appointments to key boards, corporations, and cabinet-rank posts such as the Delhi special representative and the Administrative Reforms Commission. While leaders like Minister A.P. Anil Kumar, Speaker Thiruvanchoor Radhakrishnan, and KPCC General Secretary Deepti Mary Varghese echoed the call for democratic discussions, others including Minister K. Muraleedharan, Rajmohan Unnithan, and Deputy Speaker Shanimol Usman rallied behind the Chief Minister. Compounding the pressure, Mahila Congress chief Jebi Mather petitioned KPCC President Sunny Joseph over the sidelining of their nominees in key posts. However, key ally Indian Union Muslim League (IUML), led by P.K. Kunhalikutty and Panakkad Sadiq Ali Thangal, rejected Adoor Prakash’s grievances, stating decisions were made through bilateral talks and that no "Himalayan crisis" exists within the front.

Madism Digital
madismdigital.com