

കോൺഗ്രസിൽ മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ചകൾ തകൃതിയായി നടക്കുന്നതിനിടെ നിലപാട് കടുപ്പിച്ച് വി ഡി സതീശൻ. എംഎൽഎമാരുടെ പിന്തുണ നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കാനാണ് ഹൈക്കമാൻഡിന്റെ നിലവിലെ തീരുമാനം. ഇതിനെ വി.ഡി.സതീശൻ ശക്തമായി എതിർത്തു. എംഎൽഎമാരുടെ പിന്തുണയ്‌ക്കൊപ്പം മറ്റു സമവാക്യങ്ങളും നോക്കണമെന്നാണ് സതീശന്റെ നിലപാട്.
തിരുവനന്തപുരത്തുള്ള ഹൈക്കമാൻഡ് നിരീക്ഷകരായ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും നേതാക്കളുമായി ചർച്ച തുടരുകയാണ്.സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും കാര്യങ്ങൾ നിരീക്ഷിച്ചുവരുന്നു.
കെ.സി.വേണുഗോപാലിനു മുഖ്യമന്ത്രി സ്ഥാനം നൽകുന്നതിലേക്കാണ് ഹൈക്കമാൻഡ് നീക്കമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. വേണുഗോപാലിനു മുഖ്യമന്ത്രി സ്ഥാനവും സതീശനും രമേശ് ചെന്നിത്തലയ്ക്കും മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകളും നൽകാമെന്നാണ് ഹൈക്കമാൻഡ് നിലപാട്. എന്നാൽ ഈ ഉപാധി സതീശൻ അംഗീകരിച്ചില്ല.
മുഖ്യമന്ത്രിസ്ഥാനം ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്നാണ് സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചതായാണ് വിവരം. സതീശൻ ഈ നിലപാടിൽ ഉറച്ചുനിന്നാൽ കോൺഗ്രസ് ദേശീയ നേതൃത്വം പ്രതിസന്ധിയിലാവും. ഗ്രൂപ്പ് വടംവലിയിലും സ്ഥാനമോഹത്തിലും പെട്ട് മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്തത് പിണറായി സർക്കാരിനെ തൂത്തെറിഞ്ഞ് ഇത്രയേറെ വലിയ ഭൂരിപക്ഷം യുഡിഎഫിന് നൽകിയ ജനങ്ങളെ അവമതിക്കലാവുമെന്ന അഭിപ്രായം കോൺഗ്രസിൽനിന്നു തന്നെ ഉയരുന്നുണ്ട്.
തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖമായി നിന്നതും ടീം യുഡിഎഫ് എന്ന പ്രതീതി സൃഷ്ടിക്കുന്ന നായകനായി മാറിയതും വി ഡി സതീശനാണെന്നതാണ് അദ്ദേഹത്തെ ഒഴിവാക്കുന്നതിൽ ഹൈക്കമാൻഡിനു മുന്നിലെ വെല്ലുവിളി. തർക്കം തുടരുകയാണെങ്കിൽ ഒത്തുതീർപ്പെന്ന നിലയിൽ രമേശ് ചെന്നിത്തലയെ തൽക്കാലത്തേക്കു മുഖ്യമന്ത്രിയാക്കി കുറച്ചുകാലം കഴിഞ്ഞ് പദവി തിരിച്ചുപിടിക്കുന്നതിലേക്ക് കെ സി വേണുഗോപാൽ പക്ഷം ആലോചിക്കുന്നതായാണ് വിവരം.
കൂടുതൽ എംഎൽഎമാരുടെ പിന്തുണ വേണുഗോപാലിനുണ്ട്. ഏതാണ്ട് 40 എംഎൽഎമാരിൽ അധികം വേണുഗോപാലിനൊപ്പം ഉണ്ട്. വി.ഡി.സതീശന് എംഎൽഎമാരുടെ പിന്തുണ കുറവാണ്. അതേസമയം മുസ്ലിം ലീഗ് സതീശനായി ശക്തമായി രംഗത്തുണ്ട്. ഘടകകക്ഷികളുമായി ഹൈക്കമാൻഡ് വക്താക്കൾ കൂടിക്കാഴ്ച നടത്തും. അപ്പോൾ സതീശനെ പിന്തുണയ്ക്കുന്ന നിലപാട് ലീഗ് അറിയിക്കും.
ഇതിനിടെ സതീശൻ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾ ഏറെ ശ്രദ്ധേയമാണ്. ഭരണപരിചയം മാത്രം നോക്കിയല്ല, ദീർഘദർശനം കൂടി നോക്കി വേണം മുഖ്യമന്ത്രിയെ തീരുമാനിക്കാനെന്നാണ് സതീശൻ പറഞ്ഞത്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമോയെന്ന ചോദ്യത്തിനു അത് സാങ്കൽപ്പിക ചോദ്യമെന്ന് പറഞ്ഞ് സതീശൻ ഒഴിഞ്ഞുമാറി. ഞായറാഴ്ചയായിരിക്കും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയെന്നാണ് വിവരം. ഹൈക്കമാൻഡ് വക്താക്കൾ ഡൽഹിയിലെത്തിയശേഷം മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തും. അതിനുശേഷമായിരിക്കും പ്രഖ്യാപനം.
English Summary: Senior Congress leader VD Satheesan has taken a firm stand in the Kerala chief ministerial race, reportedly informing the party high command that he will not join the cabinet if denied the CM post. The development has intensified the leadership crisis within the Congress and UDF after the assembly victory. While KC Venugopal is believed to have stronger MLA backing, Satheesan’s role as the face of the UDF campaign and support from the Muslim League are creating pressure on the high command.