

പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയര്‍മാനുമെന്ന നിലയില്‍ വി.ഡി സതീശന്‍, മുതിര്‍ന്ന നേതാവും മുന്‍ പ്രതിപക്ഷ നേതാവുമെന്ന നിലയില്‍ രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുടെ പേരുകളിലാണ് കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും പാര്‍ട്ടിയുടെ നിരീക്ഷകര്‍ എത്തുന്നതിന് മുമ്പായി പരമാവധി എം.എല്‍.എമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് മൂന്നു പക്ഷവും.
45 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് കെ.സി വേണുഗോപാല്‍ അവകാശപ്പെടുന്നത്. രാഹുല്‍ ഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവാണ് സംഘടനാചുമതലയുള്ള കെ.സി വേണുഗോപാല്‍. അദ്ദേഹം മുഖ്യമന്ത്രി പദത്തിന് താത്പര്യം കാട്ടിയാല്‍ രാഹുല്‍ നോ പറയുമോ എന്നത് പ്രധാനമാണ്. എം.എല്‍.എമാരുടെ പിന്തുണയില്‍ രണ്ടാമനായ കൂട്ടത്തില്‍ സീനിയറായ ചെന്നിത്തലയെ മാറ്റിനിര്‍ത്താന്‍ ഹൈക്കമാന്‍ഡിന് സാധിക്കുന്നില്ല.
2021ല്‍ പ്രതിപക്ഷ നേതൃസ്ഥാനം നിഷേധിക്കപ്പെട്ടപ്പോള്‍ സോണിയാഗാന്ധി നല്‍കിയ ഉറപ്പാണ് ചെന്നിത്തലയുടെ ബലം. ഘടകകക്ഷികളുടെ അഭിപ്രായംകൂടി മുഖവിലക്കെടുക്കണമെന്ന നിലപാടിലാണ് സതീശന്‍ പക്ഷം. മുസ്ലിം ലീഗ് ഉള്‍പ്പെടെ അനുകൂല സമീപനം സ്വീകരിച്ച പശ്ചാത്തലത്തിലാണ് ഈ നീക്കം. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി നിര്‍ണയവുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് കേരളത്തിലെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞിരുന്നു. ഈ വാക്കുകളും സതീശന്‍ വിഭാഗം ഏറ്റുപിടിക്കുന്നുണ്ട്.
കെ.സി മുഖ്യമന്ത്രി പദത്തിലേക്ക് വന്നാല്‍ ഉപതിരഞ്ഞെടുപ്പുകള്‍ വേണ്ടിവരും. അതില്‍ പരാജയപ്പെട്ടാല്‍ ഇപ്പോഴത്തെ വിജയത്തിന്റെ തിളക്കം നഷ്ട്‌പ്പെടും. നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനം നിലനില്‍ക്കെ കെ.സിക്ക് ഒരു ചാന്‍സ് കൊടുക്കുന്നത് വ്യാപകമായ ആക്ഷേപത്തിനിടയാക്കും.
വേണുഗോപാല്‍ പിന്‍മാറുകയാണെങ്കില്‍ രമേശ് ചെന്നിത്തലയ്ക്കാണ് മുന്‍തൂക്കം. സതീശന് സുപ്രധാന വകുപ്പും ഉറപ്പാക്കും. എം.എല്‍.എമാരുടെ പിന്തുണ മാത്രം നോക്കിയാല്‍ പോരെന്ന അഭിപ്രായം സതീശന്‍ പ്രകടിപ്പിച്ചിട്ടുള്ളതിനാല്‍ ഈ തീരുമാനത്തിന് സതീശന്‍ വഴങ്ങാന്‍ സാധ്യതയുണ്ടാകില്ല. ഇനി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍, അദ്ദേഹത്തിന് കീഴില്‍ മന്ത്രിയാവാന്‍ ചെന്നിത്തല തയ്യാറാവുമോ എന്നതും കണ്ടറിയണം.
അതിനിടെ കെ.സി വേണുഗോപാല്‍ ഡല്‍ഹിയിലെത്തി. വലിയ സ്വീകരണമാണ് അദ്ദേഹത്തിന് ഡല്‍ഹിയില്‍ ലഭിച്ചത്. കൊച്ചിയിലെത്തിയ വി.ഡി സതീശനും ഉജ്ജ്വല വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. 'മുഖ്യമന്ത്രി സതീശാ' എന്ന മുദ്രാവാക്യങ്ങളോടെ പ്രവര്‍ത്തര്‍ സതീശനെ സ്വീകരിച്ചത്. അതേസമയം, രമേശ് ചെന്നിത്തലയും ഡല്‍ഹിയിലുണ്ട്. എ.ഐ.സി.സി നേതൃത്വവുമായി ചര്‍ച്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ ഡല്‍ഹി യാത്ര. മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും കേരളത്തിലെ സാഹചര്യവും ചര്‍ച്ചയാകും.
അതേസമയം, മുഖ്യമന്ത്രിയെ നിര്‍ണയിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിക്കുന്ന എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുന്‍പ് എംഎല്‍എമാരെ നേരിട്ട് കാണാനാണ് നീക്കം. നിരീക്ഷകര്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ അഭിപ്രായം ആരാഞ്ഞ് കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെയും കേരളത്തിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും. എത്രയും പെട്ടെന്ന് തീരുമാനം പ്രഖ്യാപിച്ച് മെയ് 10നുമുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് നീക്കം.
മുഖ്യമന്ത്രിത്തര്‍ക്കം കടുത്തതോടെ കെ.സി വേണുഗോപാലിനും വി.ഡി സതീശനും രമേശ് ചെന്നിത്തലക്കും വേണ്ടി ഫ്‌ളക്സ് യുദ്ധവും സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണവും ശക്തമായിട്ടുണ്ട്. വിഡി സതീശന് വേണ്ടി സോണിയാ ഗാന്ധിക്ക് ഇമെയില്‍ സന്ദേശം അയയ്ക്കാന്‍ അണികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ആഹ്വാനം. സന്ദേശത്തിന്റെ പകര്‍പ്പും ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിന് വി.ഡി അര്‍ഹനാണ് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. എം.പിമാരെ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കരുതെന്നും അഞ്ചുവര്‍ഷം നിലത്തിറങ്ങി പോരാട്ടം നയിച്ച നേതാവാണ് വി.ഡിയെന്നും സന്ദേശത്തില്‍ പറയുന്നു. മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ എഫ്ബി പോസ്റ്റിന് താഴെ വന്‍ പ്രചാരണമാണ് മൂന്നു പക്ഷങ്ങളും നടത്തുന്നത്.
English Summary: Following the UDF victory in the 2026 kerala assembly elections, a three-way race for the Chief Minister's post has emerged within the Congress party. The AICC observers will submit a report to the High Command based on the MLAs' preferences and the views of senior state leaders. The party aims to finalize the name quickly, with a goal to hold the swearing-in ceremony by May 10.