മഞ്ഞുരുക്കം, പിന്തുണ; കേരള മോഡല്‍ 'ജനാധിപത്യം'

ഹസ്തദാനം നല്‍കിയാണ് പിണറായി നിയുക്ത മുഖ്യമന്ത്രിയെ വീടിനുള്ളിലേക്കു ക്ഷണിച്ചത്. ചായ നല്‍കി സല്‍ക്കരിക്കുകയും ചെയ്തു.
മഞ്ഞുരുക്കം, പിന്തുണ; കേരള മോഡല്‍ 'ജനാധിപത്യം'
Published on

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ കൂടിക്കാഴ്ചകളുടെ തിരക്കിലാണ് കോണ്‍ഗ്രസ് നേതാവ്. പത്ത് ദിവസങ്ങളോളം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുത്ത തീരുമാനത്തിന് പിന്നാലെ പാര്‍ട്ടിയിലെയും പ്രതിപക്ഷത്തെയും പ്രമുഖ നേതാക്കളെ നേരില്‍ സന്ദര്‍ശിക്കാനാണ് വി.ഡി. സതീശന്‍ ഇന്ന് സമയം കണ്ടെത്തിയത്. പുതിയ സര്‍ക്കാരിന്റെ രൂപീകരണത്തിന് മുന്‍പുള്ള സൗഹൃദ കൂടിക്കാഴ്ചകള്‍ക്ക് രാഷ്ട്രീയ പ്രാധാന്യവും വര്‍ധിക്കുകയാണ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വസതി സന്ദര്‍ശിച്ചായിരുന്നു നിയുക്ത മുഖ്യമന്ത്രിയുടെ ഇന്നത്തെ പരിപാടികള്‍ തുടങ്ങിയത്.

മഞ്ഞുരുക്കം, പിന്തുണ; കേരള മോഡല്‍ 'ജനാധിപത്യം'
ഇനി പോര് മന്ത്രിക്കസേരകൾക്ക്; ആഭ്യന്തരത്തിൽ ഉറച്ച് ചെന്നിത്തല, എട്ട് വകുപ്പുകൾ ചോദിക്കാൻ കെസി പക്ഷം

അന്തരിച്ച മുതിര്‍ന്ന നേതാവ് ജി കാര്‍ത്തികേയന്റെ അരുവിക്കരയിലെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ടും വി ഡി സതീശന്‍ അനുഗ്രഹം തേടി. വികാരപരമായി നിമിഷങ്ങളായിരുന്നു ജി കാര്‍ത്തികേയന്റെ വീട്ടില്‍ അരങ്ങേറിയത്. മുന്‍ എംഎല്‍എയും ജി കാര്‍ത്തികേയന്റെ മകനുമായ കെ.എസ്. ശബരീനാഥന്‍ ആണ് വി ഡി സതീശനെ സ്വീകരിച്ചത്. കാര്‍ത്തികേയന്റെ ഭാര്യ സുലേഖ വിഡി സതീശനെ ചേര്‍ത്തുപിടിച്ചപ്പോഴായിരുന്നു അദ്ദേഹം വികാരാധീനനായത്.'സാറല്ലേ എന്നെ എല്ലാം ആക്കിയത്, ഏറെ കടപ്പാടുള്ളത് സാറിനോടാണ്' എന്നും വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍, ചീഫ് മിനിസ്റ്റര്‍ക്ക് കരച്ചിലൊന്നും വരരുതെന്ന ഉപദേശമായിരുന്നു സുലേഖ വി ഡി സതീശന് നല്‍കിയത്. നടന്‍ ജഗദീഷും നിര്‍മാതാവ് രഞ്ജിത്തും ഈ സമയം വീട്ടിലുണ്ടായിരുന്നു. എല്ലാവരുമായും കുശലാന്വേഷണം നടത്തിയാണ് സതീശന്‍ മടങ്ങിയത്.

പിന്നാലെ, മുന്‍ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷനേതാവുമായ പിണറായി വിജയനെ കാണാനായിരുന്നു നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശ എത്തിയത്. തിരുവനന്തപുരത്തെ വാടകവീട്ടിലെത്തിയാണ് സതീശന്‍ വെള്ളിയാഴ്ച പിണറായിയെ സന്ദര്‍ശിച്ചത്. വസതിയിലെത്തിയ സതീശനെ പിണറായി വിജയനും കുടുംബവും സ്വീകരിച്ചു.

ഹസ്തദാനം നല്‍കിയാണ് പിണറായി നിയുക്ത മുഖ്യമന്ത്രിയെ വീടിനുള്ളിലേക്കു ക്ഷണിച്ചത്. ചായ നല്‍കി സല്‍ക്കരിക്കുകയും ചെയ്തു. ചെറിയ ചര്‍ച്ചയ്ക്ക് ശേഷം രണ്ടുപേരും പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ടു. സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും സീനിയറായ ആളാണ് പിണറായി വിജയന്‍ എന്നു വി ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കാനുള്ള പിന്തുണ പിണറായി വിജയന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അഭ്യര്‍ഥിച്ചു. സത്യപ്രതിജ്ഞയ്ക്കു പിണറായി വിജയനെ ക്ഷണിച്ചുവെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ പിണറായി വിജയന്‍ തയാറായില്ല. പിന്നീടു പറയാമെന്നായിരുന്നു പിണറായിയുടെ പ്രതികരണം.

മഞ്ഞുരുക്കം, പിന്തുണ; കേരള മോഡല്‍ 'ജനാധിപത്യം'
നയംമാറ്റി ചെന്നിത്തല, മന്ത്രിസഭയുടെ ഭാഗമാവും; മന്ത്രിസഭയിൽ പിടിമുറുക്കാന്‍ കെ.സി പക്ഷം

ഇതിന് ശേഷമായിരുന്നു കേരളം കാത്തിരുന്ന കൂടിക്കാഴ്ച. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ കാണാനും നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശനെത്തി. തിരുവനന്തപുരത്തെ രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ വി.ഡി സതീശന്‍ അദ്ദേഹവുമായി മിനിറ്റുകള്‍ നീണ്ട ചര്‍ച്ചയും നടത്തി. വി.ടി ബല്‍റാം, അബിന്‍ വര്‍ക്കി തുടങ്ങിയ നിയുക്ത എംഎല്‍എമാരും നിയുക്ത മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരു നേതാക്കളും മാധ്യമങ്ങളെ കണ്ടു. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുന്നു എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. എന്നാല്‍ മന്ത്രിസഭയില്‍ ചേരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് കൃത്യമായ മറുപടി അദ്ദേഹം പറഞ്ഞില്ല. ഇത്തരം വിഷയങ്ങള്‍ മുഖ്യമന്ത്രിയാണ് തീരുമാനിക്കുന്നതെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

ചെന്നിത്തല തന്റെയും നേതാവാണെന്ന് പറഞ്ഞായിരുന്നു വി ഡി സതീശന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നും അദ്ദേഹം പറഞ്ഞു.

Summary

English Summery: After being named the next Chief Minister of Kerala by the Congress high command, V D Satheesan began a series of courtesy visits to senior leaders from both the party and the opposition. The visits come after nearly ten days of intense discussions and political uncertainty surrounding the leadership decision. Satheesan’s meetings are being viewed as an important step toward strengthening political ties ahead of the formation of the new government.

Madism Digital
madismdigital.com