'ആരോ​ഗ്യ മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളം, സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണം'; വിഡി സതീശൻ

മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ പച്ചക്കളളം പ്രചരിപ്പിക്കുകയാണെന്നും, സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചു വിടുകയാണെന്നും സതീശൻ ആരോപിച്ചു.
'ആരോ​ഗ്യ മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളം, സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണം'; വിഡി സതീശൻ
Published on

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകര്‍ ആക്രമിച്ച സംഭവം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ പച്ചക്കളളം പ്രചരിപ്പിക്കുകയാണെന്നും, സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചു വിടുകയാണെന്നും സതീശൻ ആരോപിച്ചു. ഇപ്പോൾ സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ അടുത്ത് പോലും കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ല. പൊലീസ് പണിപ്പെട്ടാണ് ആരോഗ്യ മന്ത്രിയെ നിയന്ത്രിച്ചത്. ആരോഗ്യ മന്ത്രിയുടെ കയ്യിലെ മുറിവ് നേരത്തെ ഉള്ളതാണ്. മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളമാണ്. ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യയായിരിക്കുകയാണ് അവർ, എന്നും സതീശൻ പറഞ്ഞു. സ്പീക്കറുമായി കൂടിയാലോചിച്ച ശേഷമാണ് കള്ളപ്രചാരണം ആരംഭിച്ചതെന്നും, സ്പീക്കർ തന്‍റെ പദവി മറന്ന് പഴയ എസ്എഫ്ഐകാരൻ ആയി മാറിയെന്നും അദ്ദേഹം ആരോപിച്ചു.

സ്പീക്കർ ഗൂഢാലോചനയിൽ പങ്കാളിയായത് അം​ഗീകരിക്കാനാവില്ല. എന്നാൽ ഇതിലൊന്നും ഭയന്ന് പിന്മാറുന്ന ശീലം ഞങ്ങൾക്കില്ല. ജനകീയമായ പ്രതിഷേധങ്ങൾ ഞങ്ങൾ നടത്തുക തന്നെ ചെയ്യും എന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. എല്‍ഡിഎഫ്, തങ്ങൾ നടത്തിയ മൂന്ന് ജാഥകൾ പൊളിഞ്ഞു പോയെന്ന് മനസ്സിലാക്കിയപ്പോൾ പുതുയുഗ യാത്രയെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. വീണ ജോർജ് അക്രമിക്കപ്പെട്ടു എന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും പച്ചക്കള്ളം പറഞ്ഞു. എംവി ഗോവിന്ദൻ ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ല. 'ആരോഗ്യ മന്ത്രിയുടെ പിടലി തിരിച്ചു' എന്ന് പച്ചക്കള്ളം പറഞ്ഞതും ഗോവിന്ദനാണ്. അക്രമത്തിന് ആഹ്വാനം ചെയ്തതിന് പാർട്ടി സെക്രട്ടറിക്കെതിരെ കേസെടുക്കണം, എന്നും വിഡി സതീശൻ കൂട്ടിചേർത്തു.

'ആരോ​ഗ്യ മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളം, സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണം'; വിഡി സതീശൻ
അതിരുകടന്ന കെഎസ്‌യു പ്രതിഷേധം, ആരോഗ്യമന്ത്രിക്ക് പരിക്ക്; ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി, സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെയാണ് ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റത്. മന്ത്രിയെ തടഞ്ഞുനിർത്തിയായിരുന്നു കെഎസ്‌യു പ്രതിഷേധം. കഴുത്തിനും കൈയ്ക്കും പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. മന്ത്രിക്കെതിരെ നടന്ന ആക്രമണം രാഷ്ട്രീയ ആഭാസമാണെന്നും അതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തിൽ സംസ്ഥാനത്തെങ്ങും ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സിപിഎം.

English Summary: Opposition Leader V. D. Satheesan denied the allegation that KSU workers attacked Health Minister Veena George at Kannur Railway Station. He accused the CM and CPI(M) leaders of spreading “blatant lies” and creating a false narrative.

Madism Digital
madismdigital.com