കേരളത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിൽ; ഗവർണറുടെ നയപ്രഖ്യാപനം നുണകൾ കുത്തിനിറച്ചതെന്ന് വി.ഡി സതീശൻ

സംസ്ഥാനത്തെ കൊള്ളക്കാരുടെയും കൊലപാതകികളുടെയും മയക്കുമരുന്ന് മാഫിയയുടെയും താവളമാക്കി ഈ സർക്കാർ മാറ്റി
V.D Satheeshan MLA
V.D Satheeshan MLA
Published on

രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന്റെ ഭാഗമായി ഗവർണർ അവതരിപ്പിച്ച നയപ്രഖ്യാപനം അസത്യങ്ങളാൽ കുത്തിനിറച്ചുണ്ടാക്കിയതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർവ്വ മേഖലകളിലും പരാജയപ്പെട്ട ഇടതു ഭരണകൂടത്തിന്റെ തെറ്റായ അവകാശവാദങ്ങളാണ് നിയമസഭയിൽ അവതരിപ്പിച്ചതെന്നും സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വസ്തുത നയപ്രഖ്യാപനത്തിലൂടെ തുറന്നുസമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്നും 53,000 കോടി രൂപ ലഭിക്കാനുണ്ടെന്ന് പറഞ്ഞിരുന്ന സർക്കാർ, നയപ്രഖ്യാപനത്തിൽ ആ കണക്കുകൾ പറയുന്നില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാണിച്ചു.

കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്നും പകർച്ചവ്യാധികൾ പടരുന്ന സംസ്ഥാനമായി കേരളം മാറി. കാരുണ്യ പദ്ധതിയിൽ മാത്രം 1,200 കോടി രൂപയുടെ കുടിശിക സർക്കാരിനുണ്ട്. ഉന്നത വിദ്യാഭ്യാസരംഗം പൂർണമായ തകർച്ചയിലായെന്നും സർവ്വകലാശാലകളിൽ വൈസ് ചാൻസലർമാരോ കോളേജുകളിൽ പ്രിൻസിപ്പൽമാരോ ഇല്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും കുട്ടികൾ കൂട്ടത്തോടെ സംസ്ഥാനം വിട്ടുപോകുമ്പോഴാണ് വിദ്യാഭ്യാസ മേഖല മെച്ചമാണെന്ന ശുദ്ധനുണ സർക്കാർ അവകാശപ്പെടുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൂടാതെ, സംസ്ഥാനത്തെ കൊള്ളക്കാരുടെയും കൊലപാതകികളുടെയും മയക്കുമരുന്ന് മാഫിയയുടെയും താവളമാക്കി മാറ്റി ഈ സർക്കാർ മാറ്റി. പോലീസിന്റെ കണക്കുകൾ പ്രകാരം തന്നെ ആയിരക്കണക്കിന് ഗുണ്ടകളാണ് സ്വൈരവിഹാരം നടത്തുന്നത്. വന്യജീവി ആക്രമണങ്ങളിൽ മനുഷ്യജീവനും കൃഷിയും നഷ്ടപ്പെടുമ്പോഴും സർക്കാർ നിസ്സംഗത പാലിക്കുകയാണ് മലയോര ജനതയുടെ പ്രശ്‌നങ്ങളിൽ സർക്കാർ ഇടപെടുന്നില്ല. 10 കൊല്ലം ചെയ്യാതിരുന്ന കാര്യങ്ങൾ ഇവർ ഇനി നടത്തുമെന്ന്‌ പറഞ്ഞാൽ ആര് വിശ്വസിക്കുമെന്നാണ്. വിശ്വാസ്യത പോലും നഷ്ടപ്പെട്ട ഒരു ഡോക്യുമെന്റ് ആയിരുന്നു ഗവർണറുടെ നയപ്രഖ്യാപന പ്രസംഗംമെന്നും ചൂണ്ടികാണിച്ചു. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമാണെന്ന വാദം പച്ചക്കള്ളമാണെന്നും ആറ് ലക്ഷത്തോളം കുടുംബങ്ങൾ ഇപ്പോഴും അതി ദാരിദ്ര്യ പട്ടികയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെൻഷൻ 2,500 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്നവർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ഭരണഘടനയുടെ 175, 176 ആർട്ടിക്കിൾ അനുസരിച്ച് ക്യാബിനറ്റ് അംഗീകരിക്കുന്ന പ്രസംഗമാണ് ഗവർണർ വായിക്കേണ്ടത് എന്നാൽ ഗവർണർ മനപ്പൂർവ്വമായി അത് വിട്ടുകളയുകയും കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. സ്വന്തം കാര്യങ്ങൾ പറയുന്നതിനുള്ള അവസരമായി നയപ്രഖ്യാപന പ്രസംഗത്തെ ഗവർണർ ഉപയോഗിക്കരുത്. ഈ കാര്യത്തിൽ ഗവൺമെന്റ് പറഞ്ഞതിനോട് ഞങ്ങൾ യോജിക്കുന്നുണ്ട്. പക്ഷെ, ക്യാബിനറ്റ് അപ്രൂവ് ചെയ്ത ഈ പ്രസംഗം തെറ്റായ അവകാശവാദങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നയപ്രഖ്യാപനത്തിൽ ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ മുഖ്യമന്ത്രി സഭയിൽ വായിച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കമെല്ലാം മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള വെറും നാടകമാണെന്നും പ്രതിസന്ധിഘട്ടം വരുമ്പോൾ പരസ്പരം ഏറ്റുമുട്ടുകയും പിന്നീട് ഒത്തുതീർപ്പിലെത്തുവെന്നും സതീശൻ പരിഹസിച്ചു.

English Summary: Opposition Leader V.D. Satheesan criticised Kerala Governor’s policy address, calling it a document filled with false claims that exposes the government’s financial crisis and failures in health, education, and governance.

Related Stories

No stories found.
Madism Digital
madismdigital.com