"മുദ്രാവാക്യം വിളിക്കുമ്പോൾ കഴുത്ത് ഉളുക്കുന്നതെങ്ങനെ? സിപിഐഎം ചെവിയിൽ നുള്ളിക്കോ"; ഒന്നും മറക്കില്ലെന്ന് വി ഡി സതീശൻ

ഭരണത്തിലിരിക്കുന്നവരുടെ വീഴ്ചകൾ മറയ്ക്കാനാണ് കെ എസ് യുക്കാർ ആക്രമിച്ചു എന്ന് മന്ത്രി വീണാ ജോർജ് കള്ളം പറഞ്ഞത് എന്ന് സതീശൻ കുറ്റപ്പെടുത്തി
"മുദ്രാവാക്യം വിളിക്കുമ്പോൾ കഴുത്ത് ഉളുക്കുന്നതെങ്ങനെ? സിപിഐഎം ചെവിയിൽ നുള്ളിക്കോ"; ഒന്നും മറക്കില്ലെന്ന് വി ഡി സതീശൻ
Published on

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ വർഗീയതയ്ക്ക് തീ കൊളുത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിലെ സിപിഐഎം സംഘപരിവാറിന്റെ പാതയിലാണ്, കേരളത്തിന്റെ മുഖമുദ്ര മതേതരത്വമാണ്, വർഗീയത പറഞ്ഞ് ആരും അത് തകർക്കാൻ നോക്കേണ്ട, വി ഡി സതീശൻ പറഞ്ഞു. യുഡിഎഫിന്റെ പുതുയുഗ യാത്രയുടെ ഭാ​ഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ വർക്കലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണെന്നാണ് ഞങ്ങൾ മുൻപ് പറഞ്ഞിരുന്നത്. എന്നാൽ, വെന്റിലേറ്ററിലാണോ മോർച്ചറിയിലാണോ എന്നാണ് ജനങ്ങളുടെ ചോദിക്കുന്നത്. ഭരണത്തിലിരിക്കുന്നവരുടെ വീഴ്ചകൾ മറയ്ക്കാനാണ് കെ എസ് യുക്കാർ ആക്രമിച്ചു എന്ന് മന്ത്രി വീണാ ജോർജ് കള്ളം പറഞ്ഞത് എന്നും സതീശൻ കുറ്റപ്പെടുത്തി. കെ എസ് യു പ്രവർത്തകരെ വധശ്രമം ചുമത്തി അകത്തിട്ടിരിക്കുകയാണ്. മുദ്രാവാക്യം വിളിക്കുമ്പോൾ കഴുത്ത് ഉളുക്കുമെന്ന് ആദ്യമായി കേൾക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇതിനു ‘ചെവിയിൽ നുള്ളിക്കൊള്ളാ’നും യു.ഡി.എഫ് ഭരണത്തിൽ വന്നാൽ ഇതൊന്നും മറക്കുകയില്ലെന്നും സതീശൻ പറഞ്ഞു. എൽഡിഎഫിന്റെ പത്ത് വർഷത്തെ ദുർഭരണം കേരളത്തെ 25 വർഷം പിന്നോട്ടടിച്ചു. യുഡിഎഫ് സർക്കാർ വന്നാൽ ഈ അവസ്ഥയിൽ മാറ്റം വരുമെന്നും, കൃത്യമായ പഠനം നടത്തി ബദൽ പദ്ധതികൾ തയ്യാറാക്കി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, വർ​ഗീയ ശക്തിയകളെ തകർക്കാനുള്ള ശക്തി യുഡിഎഫിനുണ്ട് എന്നും, വോട്ട് കിട്ടിയില്ലെങ്കിലും വർഗീയത പറയുന്നവരെ എതിർക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

English Summary: Leader of Opposition V. D. Satheesan accused Chief Minister Pinarayi Vijayan of fuelling communal tensions in the State.

Related Stories

No stories found.
Madism Digital
madismdigital.com