

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ പുതിയ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രൻ അഡ്വാന്‍സായി കൈപ്പറ്റിയ പത്ത് ലക്ഷം രൂപ തിരികെ നൽകിയതായി നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഹരിഹരൻ എന്ന ഇടനിലക്കാരൻ വഴിയാണ് തുക കൈമാറിയതെന്നും ഇതോടെ വിവാദങ്ങൾ അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വിവാദ പശ്ചാത്തലം
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്താണ് പണം വാങ്ങി വഞ്ചിച്ചെന്ന ആരോപണം ശോഭ നേരിടുന്നത്. സിപിഎം നേതാവ് ഇപി ജയരാജന്‍ ബിജെപി പ്രവേശനത്തിനായി ശ്രമിച്ചെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തിന് തൊട്ടുപിന്നാലെയാണ് ശോഭക്കെതിരെ ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം വരുന്നത്. ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍ വെച്ചടക്കം ബിജെപി ചര്‍ച്ചകള്‍ നടന്നിരുന്നു എന്നായിരുന്നു അന്നത്തെ ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍. 2024 ജനുവരി 4 നാണ് ദില്ലിയിലെ എസ് ബി ഐ ശാഖ വഴി ശോഭാ സുരേന്ദ്രന് പത്തുലക്ഷം രൂപ കൈമാറിയതെന്ന് നന്ദകുമാര്‍ പറഞ്ഞിരുന്നു. ഈ വാദത്തെ ശോഭാ സുരേന്ദ്രന്‍ ആദ്യം തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍, ഭൂമി കൈമാറ്റത്തിനു വേണ്ടിയാണ് പണം വാങ്ങിയതെന്ന് പിന്നീട് തിരുത്തി പറഞ്ഞിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ കരാര്‍ ലംഘിച്ചതുകൊണ്ടാണ് പണം തിരികെ നല്‍കാത്തതെന്ന് ശോഭ സുരേന്ദ്രന്‍ അവകാശപ്പെട്ടു. ആ പണമാണ് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു തിരഞ്ഞെടുപ്പ് കാലത്ത് തിരികെ നല്‍കിയത്.
നന്ദകുമാറിന്റെ പ്രതികരണം
ഫോണില്‍ വിളിച്ച് അക്കൗണ്ട് വിവരങ്ങള്‍ വാങ്ങിയ ഇടനിലക്കാര്‍ ശോഭ നല്‍കാനുള്ള പണം തിരികെ നല്‍കുമെന്ന് അറിയിച്ചു. ചൊവ്വാഴ്ച (ഏപ്രില്‍ 7) ഉച്ചയോടെ പണം അക്കൗണ്ടില്‍ എത്തിയെന്ന് നന്ദകുമാര്‍ പറഞ്ഞു. പണം നല്‍കി വോട്ട് നല്‍കിയെന്ന ആരോപണം ശോഭയ്ക്കുനേരെ ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെയാണ് നന്ദകുമാറിന് പണം തിരികെ നല്‍കിയത്. ശോഭാ സുരേന്ദ്രനെതിരെ കൊടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നും നന്ദകുമാര്‍ അറിയിച്ചു. അതോടൊപ്പം പുതുച്ചേരി ലെഫ്റ്റനന്റ് പദവി ലക്ഷ്യമിട്ട് ശോഭ വലിയ തുക ചെലവാക്കിയെന്നും നന്ദകുമാര്‍ ആരോപിച്ചു. ഇപി ജയരാജനെപ്പറ്റിയുള്ള വിവാദവും ശരിയല്ലെന്നും നന്ദകുമാര്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ശോഭ സുരേന്ദ്രന്‍ ഈ വിഷയത്തില്‍ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
English Summary: Nandakumar said that Sobha Surendran has returned the ₹10 lakh she had taken earlier, putting an end to the dispute. He also dismissed allegations against EP Jayarajan as baseless and announced that he would withdraw the cases filed against her.