എങ്ങനെ ഫിഫ റഫറിയാകാം? മലപ്പുറത്തെ ആദ്യ ഫിഫ റഫറി അബ്ദുൽ ഹകീം വിശദീകരിക്കുന്നു

റഫറിയിങ് കരിയറിലെ തന്റെ അനുഭവങ്ങളെകുറിച്ച് മലപ്പുറത്തുനിന്ന് ആദ്യമായി ഫിഫ റഫറിയായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുൽ ഹകീം തറയിൽ വിശദീകരിക്കുന്നു. മാത്രമല്ല, ഒരാൾക്ക് എങ്ങനെ ഫിഫ റഫറിയാകാം എന്നും അ​ദ്ദേഹം വിവരിക്കുന്നുണ്ട്. 1977ൽ മലപ്പുറം കോട്ടക്കുന്ന് മൈതാനത്തുവെച്ചുനടന്ന ഫുട്ബോൾ മത്സരത്തിനുതൊട്ടുമുമ്പാണ് കളി നിയന്ത്രിക്കാനായി വരാമെന്നേറ്റിരുന്ന റഫറിക്ക് വരാൻ കഴിയില്ലെന്ന് അറിയുന്നത്. ആശയക്കുഴപ്പത്തിലായ സംഘാടകർ ആ മൈതാനത്ത് ഇടക്ക് കളിക്കാറുള്ള ഒരു പത്തൊമ്പതുകാരൻ പയ്യനെ വിസിൽ ഏൽപിക്കുന്നു. ഏവരേയും അത്ഭുതപ്പെടുത്തി അവൻ ഭം​ഗിയായി കളി നിയന്ത്രിച്ചു. അതിനുശേഷമാണ് അവനോട് സുഹൃത്തുക്കൾ റഫറി കോഴ്സിന് ചേരാൻ നിർബന്ധിക്കുന്നത്. അവരുടെ നിർബന്ധപ്രകാരം കോഴ്സിനു ചേർന്ന ആ പയ്യൻ അടുത്ത വർഷം കോഴ്സ് പൂർത്തിയാക്കുന്നു. മലപ്പുറം ആനക്കയം സ്വദേശിയായ അബ്ദുൽ ഹകീമിന്റെ ഫിഫയിലേക്കുള്ള ചവിട്ടുപടിയാകുകയായിരുന്നു അത്.

Madism Digital
madismdigital.com