വേനൽക്കാലം കടുക്കുന്ന സാഹചര്യത്തിൽ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ചും അവ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ചും കേരളാ ഫോറസ്റ്റ് ഡിപാര്‍ട്ട്‌മെന്റിന്റെ ചരിത്രത്തിലെ ആദ്യ വനിതാ സ്‌നേക്ക് റെസ്‌ക്യൂവര്‍ ഡോ. ജി.എസ്. റോഷ്നി പറയുന്നു. കടുത്ത ചൂടിൽ നിന്ന് രക്ഷനേടാൻ തണൽ തേടിയാണ് പാമ്പുകൾ വീടുകളിലേക്കും മറ്റ് കെട്ടിടങ്ങളിലേക്കും എത്തുന്നത്. മനുഷ്യർ ജാഗ്രത പാലിക്കേണ്ടുന്ന പ്രധാനപ്പെട്ട സമയമാണിതെന്നും ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവർ മാഡിസം ഡിജിറ്റലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
''പാമ്പുകൾ സാധാരണയായി നേരെ കിടക്കുകയല്ല, മറിച്ച് ചെടിച്ചട്ടികൾക്ക് പിന്നിലോ പാത്രങ്ങൾക്കിടയിലോ ഷൂസിനുള്ളിലോ ചുരുണ്ടിരിക്കാനാണ് ശ്രമിക്കുന്നത്. ചൂട് കൂടുന്നത് പാമ്പുകൾ പുറത്തിറങ്ങാൻ പ്രധാന കാരണമായി മാറുന്നു. ഇത്തരം സാഹചര്യങ്ങളിൽ അനാവശ്യമായ ഭയമാണ് പലപ്പോഴും അപകടങ്ങൾ വർദ്ധിപ്പിക്കുന്നത്. പാമ്പ് കടിയേറ്റാൽ ഉടൻ പരിഭ്രാന്തരാകുന്നത് രക്തസമ്മർദ്ദം ഉയരാനും അത് ഹൃദയാഘാതം പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്ക് നയിക്കാനും കാരണമാകും. അതിനാൽ അത്തരം സന്ദർഭങ്ങളിൽ ശാന്തത പാലിക്കേണ്ടത് അത്യാവശ്യമാണ്. ഒരു ജീവനെയെങ്കിലും രക്ഷിക്കാൻ സാധിക്കുമെന്ന ആഗ്രഹത്തോടെയാണ് വനംവകുപ്പ് ജനങ്ങൾക്ക് നിർദ്ദേശങ്ങൾ ആവർത്തിക്കുന്നത്.
പാമ്പ് കടിയേറ്റാൽ ഉടൻ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്ന നിലയിൽ ഒരു തെറ്റിദ്ധാരണ ഉണ്ട്. മുറിവേറ്റ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത്. ശെരിക്കും അങ്ങനെ ചെയ്യുമ്പോൾ കാര്യമായ ഫലം നൽകില്ല, കാരണം വിഷം ശരീരത്തിനുള്ളിലേക്കാണ് പ്രവേശിക്കുന്നത്. ശാസ്ത്രീയമല്ലാത്ത രീതിയിലുള്ള ചികിത്സകൾ ഒഴിവാക്കി എത്രയും വേഗം വിദഗ്ധ സഹായം തേടുകയാണ് വേണ്ടത്. രാജവെമ്പാലയെപ്പോലുള്ള പാമ്പുകൾ കടിക്കുമ്പോൾ വലിയ അളവിൽ വിഷം ശരീരത്തിലേക്ക് കുത്തിവയ്ക്കപ്പെടുന്നു. ഇത് മനുഷ്യശരീരത്തിൽ വളരെ വേഗത്തിൽ പ്രതിപ്രവർത്തിക്കുകയും അതീവ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
English Summery: Snake rescuer Dr. G.S. Roshni warns that rising summer heat drives snakes into homes and human settlements in search of cooler shelter. She emphasizes calmness during snakebite emergencies, avoiding unscientific first aid, and following forest department safety guidelines to prevent dangerous encounters