

83–-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാര വേദിയിൽ ട്രംപിനെതിരെ ആഞ്ഞടിച്ച് അമേരിക്കൻ നടനും, ചലച്ചിത്ര നിർമാതാവും, സാമൂഹ്യ പ്രവർത്തകനുമായ മാർക്ക് റഫലോ. 'BE GOOD' എന്നെഴുതിയ പിന്ന് ധരിച്ച് റെഡ് കാർപ്പെറ്റിൽ എത്തിയ മാർക്ക്, ഡോണൾഡ് ട്രംപ് ലോകത്തിലെ ഏറ്റവും മോശം വ്യക്തിയാണെന്ന് പറഞ്ഞു. അമേരിക്കയിലെ മിനിയാപൊളിസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ, 37 വയസ്സുകാരി റെനി നിക്കോൾ ഗുഡ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചാണ് അദ്ദേഹം അത് ധരിച്ചിരുന്നത്.
ട്രംപ് ഒരു ലൈംഗിക കുറ്റവാളിയും, കൊലപാതകിയുമാണെന്ന് മാർക്ക് റഫലോ മാധ്യമങ്ങളോട് പറഞ്ഞു. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിലെ വിവരങ്ങൾ കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തു വിട്ടപ്പോൾ, കേസിലെ ട്രംപിന്റെ പങ്ക് വെളിപ്പെട്ടതും, തന്റെ പ്രതികരണത്തിൽ മാർക്ക് ഉൾപ്പെടുത്തി. 'നിയമങ്ങളും ഭരണഘടനയും തന്നെ ബാധിക്കുന്നില്ലെന്നും, തന്റെ ആത്മവിശ്വാസം മാത്രമാണ് അമേരിക്കയെ മുന്നോട്ട് നയിക്കുന്നതെന്നും സ്വയം വിശ്വസിക്കുന്ന ട്രംപ് ലോകത്തിന് തന്നെ ഭീഷണിയാണ്,' മാർക്ക് പ്രതികരിച്ചു.
വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയ ഡൊണാൾഡ് ട്രംപിന്റെ നീക്കത്തേയും മാർക്ക് ചൂണ്ടിക്കാട്ടി. 'എനിക്ക് അമേരിക്കയോട് ഒരുപാട് സ്നേഹമുണ്ട്. അതുകൊണ്ട് തന്നെ ട്രംപിനെ പോലൊരു വ്യക്തി അമേരിക്കയെ തന്റെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഇല്ലാതാക്കുന്നത് കാണുമ്പോൾ ഒരുപാട് വേദനയുണ്ട്,' അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പ്രവർത്തികൾ കണ്ട്, നിസ്സഹായരായി നിൽക്കുന്ന അമേരിക്കയിലെയും, ലോകത്തിന്റെ ഓരോ കോണുകളിലെയും മനുഷ്യർക്ക് വേണ്ടിയാണ് ഈ പിന്ന് ധരിച്ചിരിക്കുന്നത് എന്നും മാർക്ക് കൂട്ടിചേർത്തു.
'ഗോൾഡൻ ഗ്ലോബ്സിന്റെ വേദി എന്തുകൊണ്ടാണ് ഇത്തരമൊരു സന്ദേശം നൽകാൻ ഉപയോഗിക്കുന്നത്?' എന്ന ചോദ്യത്തിന്, അവാർഡ് നോമിനേഷനിൽ തനിക്ക് അഭിമാനമുണ്ടെന്നും, എന്നാൽ തനിക്ക് ചുറ്റും നടക്കുന്ന അനീതികൾക്കെതിരെ കണ്ണടയ്ക്കാൻ മനസാക്ഷി അനുവദിക്കുന്നില്ല എന്നുമായിരുന്നു മാർക്കിന്റെ പ്രതികരണം. മാർക്ക് മാത്രമല്ല, ജീൻ സ്മാർട്ട്, വാണ്ട സൈക്ക്സ്, നതാഷ ലിയോൺ, എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമായി സമാനമായ പിന്നുകൾ ഗോൾഡൻ ഗ്ലോബ്സിൽ ധരിച്ചിരുന്നു.
English Summary: Mark Ruffalo slams Trump as worst human being at Golden Globes