ഡോളി പാര്‍ട്ടണ്‍: കണ്‍ട്രി സംഗീതത്തിലെ അസ്തമിക്കാത്ത നക്ഷത്രം

ഒടുവില്‍ 'ജോഷ്വ' എന്ന ഗാനത്തിലൂടെ ആദ്യ സോളോ ഹിറ്റടിച്ചു. തുടര്‍ന്ന് 'കോട്ട് ഓഫ് മെനി കളേഴ്സ്' എന്ന ഗാനം ടോപ്പ് 5-ല്‍ ഇടംനേടി. ഈ പാട്ട് പിന്നീട് കുട്ടികളുടെ പുസ്തകമായും സിനിമയായും മാറി
ഡോളി പാര്‍ട്ടണ്‍: കണ്‍ട്രി സംഗീതത്തിലെ അസ്തമിക്കാത്ത നക്ഷത്രം
Published on

ടെന്നസിയിലെ നാഷ്വില്ലില്‍ ഇനി ഡോളി പാര്‍ട്ടണില്ല. 80 വയസ്സില്‍ നാഷ്വില്ലില്‍ പ്രശാന്തമായ അന്തരീക്ഷത്തില്‍, തന്റെ സംഗീതത്തെ ബാക്കിയാക്കി ഡോളി വിടപറഞ്ഞു. കണ്‍ട്രി സംഗീതത്തിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ഡോളി ദാരിദ്ര്യത്തോട് പൊരുതിയാണ് സംഗീതത്തിന്റെ ഉന്നതിയിലേക്ക് ഉയര്‍ന്നത്. മുത്തശ്ശന്‍ പാസ്റ്ററായിരുന്ന പള്ളിയിലെ പ്രാര്‍ത്ഥനാ ഗാനങ്ങളിലൂടെ തുടങ്ങി, 13-ാം വയസ്സില്‍ പ്രശസ്തമായ 'ഗ്രാന്റ് ഓള്‍ ഓപ്രി' വേദിയിലെത്തിയ ഡോളി പിന്നീട് നാഷ്വില്ലിന്റെ സംഗീത റാണിയായി മാറുകയായിരുന്നു. ശക്തമായ ശൈലിയിലുള്ള ഗാനാലാപനവും ഹൃദയസ്പര്‍ശിയായ ഗാനരചനയും തിളങ്ങുന്ന വസ്ത്രധാരണവും വലിയ സുന്ദരമായ മുടിയിഴകള്‍ കൊണ്ടുമാണ് അവര്‍ ശ്രദ്ധേയയായത്.

'ജോലീന്‍', 'കോട്ട് ഓഫ് മെനി കളേഴ്സ്', 'ഐ വില്‍ ഓള്‍വേസ് ലവ് യൂ' തുടങ്ങിയ പ്രശസ്തമായ ഗാനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഗാനങ്ങള്‍ അവര്‍ രചിച്ചു. ലോകമെമ്പാടുമായി 10 കോടിയിലധികം കാസറ്റുകള്‍ വിറ്റഴിക്കപ്പെടുകയും ഓണ്‍ലൈനില്‍ ശതകോടിയിലധികം തവണ സ്ട്രീം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നീളമുള്ള നഖങ്ങള്‍ കൊണ്ട് ബാഞ്ചോ, ഗിറ്റാര്‍, ഡല്‍സിമര്‍ തുടങ്ങിയ വാദ്യോപകരണങ്ങള്‍ മീട്ടിയിരുന്ന പാര്‍ട്ടണ്‍, മികച്ച ഒരു ജീവകാരുണ്യ പ്രവര്‍ത്തകയായിരുന്നു. തന്റെ ജന്മസ്ഥലത്തിനടുത്തുള്ള സ്‌മോക്കി മൗണ്ടന്‍ താഴ്വരയില്‍ ഒരു തീം പാര്‍ക്കും അവര്‍ സ്ഥാപിച്ചിരുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കര്‍ഷകനായ തന്റെ പിതാവിന്റെ ഓര്‍മ്മയ്ക്കായി ടെന്നസിയിലെ കുട്ടികള്‍ക്ക് സൗജന്യമായി പുസ്തകങ്ങള്‍ നല്‍കുന്നതിനായി അവര്‍ 'ഇമാജിനേഷന്‍ ലൈബ്രറി' എന്ന സംഘടന ആരംഭിച്ചു.

പോര്‍ട്ടര്‍ വാഗണറുമായുള്ള കൂട്ടുകെട്ട്

1964-ല്‍ ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം, പാട്ടുകളുടെ ഒരു ശേഖരവുമായി അവര്‍ തന്റെ അമ്മാവനും ഗാനരചയിതാവുമായ ബില്‍ ഓവന്‍സിനൊപ്പം നാഷ്വില്ലിലേക്ക് പോയി. റോയ് ഓര്‍ബിസണ്‍, വില്ലി നെല്‍സണ്‍ തുടങ്ങിയ പ്രമുഖരുടെ നിര്‍മ്മാതാവായ ഫ്രെഡ് ഫോസ്റ്റര്‍ ഡോളിയുടെ കഴിവ് തിരിച്ചറിയുകയും മറ്റ് ഗായകര്‍ക്കായി അവരുടെ ഗാനങ്ങള്‍ ഉപയോഗിക്കുകയും പിന്നീട് പാര്‍ട്ടണ്‍ തന്നെ സ്വന്തം ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തിറക്കുകയും ചെയ്തു. 1970-കളുടെ മധ്യത്തോടെ പാര്‍ട്ടണ്‍ നാഷ്വില്ലിലെ സംഗീത റാണിയായി മാറി.

ഡോളി പാര്‍ട്ടണ്‍: കണ്‍ട്രി സംഗീതത്തിലെ അസ്തമിക്കാത്ത നക്ഷത്രം
രാജ്യത്തെ ബിരുദധാരികളില്‍ 8.25% പേര്‍ക്ക് മാത്രം യോഗ്യതയ്‌ക്കൊത്ത ജോലി; തൊഴിലില്ലായ്മ വെളിപ്പെടുത്തി നീതി അയോഗ് റിപ്പോര്‍ട്ട്

പോര്‍ട്ടര്‍ വാഗണറുമായുള്ള കൂട്ടുകെട്ട് പാര്‍ട്ടന്റെ കരിയറില്‍ നിര്‍ണ്ണായകമായിരുന്നു. അദ്ദേഹത്തിന്റെ ടിവി ഷോയിലൂടെ അഭിനയ രംഗത്തേയ്ക്ക് ചുവടുവെച്ച അവര്‍ക്കായി, വാഗണര്‍ ആര്‍സിഎയില്‍ റെക്കോര്‍ഡിംഗ് കരാര്‍ നേടിക്കൊടുത്തു. 1967-ല്‍ അവരുടെ ആദ്യ ഡ്യുയറ്റ് 'ദി ലാസ്റ്റ് തിംഗ് ഓണ്‍ മൈ മൈന്‍ഡ്' പുറത്തിറങ്ങി. അതേവര്‍ഷം തന്നെ അവര്‍ സ്വന്തമായി പബ്ലിഷിംഗ് കമ്പനിയും ആരംഭിച്ചു. ഡോളിയുടെ യുഗ്മഗാനങ്ങള്‍ വലിയ ഹിറ്റുകളായെങ്കിലും സോളോ സിംഗിളുകള്‍ക്ക് ആദ്യം വലിയ വിജയം നേടാനായില്ല. പിന്നീട് വാഗണറുടെ നിര്‍ദേശപ്രകാരം, കണ്‍ട്രി രീതിയിലുള്ള തന്റെ ശൈലി കുറച്ചുകൂടി പോപ്പ് സംഗീതത്തിന് അനുയോജ്യമായ രീതിയിലേക്ക് അവര്‍ മാറ്റി.

ഒടുവില്‍ 'ജോഷ്വ' എന്ന ഗാനത്തിലൂടെ ആദ്യ സോളോ ഹിറ്റടിച്ചു. തുടര്‍ന്ന് 'കോട്ട് ഓഫ് മെനി കളേഴ്സ്' എന്ന ഗാനം ടോപ്പ് 5-ല്‍ ഇടംനേടി. ഈ പാട്ട് പിന്നീട് കുട്ടികളുടെ പുസ്തകമായും സിനിമയായും മാറി. 1973-ല്‍ അവരുടെ കരിയര്‍ മാറ്റിമറിച്ച 'ജോലീന്‍' എന്ന ഹിറ്റ് ഗാനം പുറത്തുവന്നു. തന്നില്‍ നിന്ന് തന്റെ കാമുകനെ തട്ടിയെടുക്കരുതെന്ന് മറ്റൊരു സ്ത്രീയോട് അഭ്യര്‍ത്ഥിക്കുന്ന രീതിയിലാണ് ഈ ഗാനം രചിക്കപ്പെട്ടിട്ടുള്ളത്. ഈ ഗാനം കണ്‍ട്രി ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുകയും പോപ്പ് സംഗീത മേഖലയിലും അന്താരാഷ്ട്ര തലത്തിലും പ്രശസ്തമാവുകയും ചെയ്തു. 1979-ല്‍ റോയല്‍റ്റിയും മാനേജ്മെന്റ് ഫീസും ആവശ്യപ്പെട്ട് വാഗണര്‍ കേസ് കൊടുത്തതോടെ ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായി.

പോപ്പ് ക്രോസ്ഓവര്‍ താരം

'ജോലീന്‍' എന്ന ഹിറ്റിന് ശേഷം 1974-ല്‍ 'ഐ വില്‍ ഓള്‍വേസ് ലവ് യൂ' എന്ന വന്‍ ഹിറ്റ് പാട്ട് പുറത്തുവന്നു. ഇത് വാഗണോടുള്ള ഒരു യാത്രപറച്ചില്‍ കൂടിയായിരുന്നു. 1975-ലും 1976-ലും കണ്‍ട്രി മ്യൂസിക് അസോസിയേഷന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടാന്‍ ഈ പാട്ട് സഹായിച്ചു. ദശകങ്ങള്‍ക്ക് ശേഷം, 1992-ല്‍ പുറത്തിറങ്ങിയ 'ദി ബോഡിഗാര്‍ഡ്' എന്ന ചിത്രത്തിനായി വിറ്റ്നി ഹൂസ്റ്റണ്‍ ഈ ഗാനം ആലപിച്ചപ്പോള്‍ അത് എക്കാലത്തെയും വലിയ വില്‍പ്പന റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. 1994-ല്‍ ഹൂസ്റ്റണിന് ഇതിന് ഗ്രാമി പുരസ്‌കാരം ലഭിക്കുകയും പാര്‍ട്ടണ്‍ തന്നെ അത് സമ്മാനിക്കുകയും ചെയ്തു.

ഡോളി പാര്‍ട്ടണ്‍: കണ്‍ട്രി സംഗീതത്തിലെ അസ്തമിക്കാത്ത നക്ഷത്രം
ഇറാന് സാമ്പത്തിക പൂട്ടിട്ട് അമേരിക്ക, അറുപതോളം സ്ഥാപനങ്ങള്‍ കരിമ്പട്ടികയില്‍; നാല് ഇന്ത്യന്‍ കമ്പനികള്‍ക്കും ഉപരോധം

'ഹിയര്‍ യു കം എഗെയ്ന്‍' എന്ന പോപ്പ് ഹിറ്റിലൂടെ പാര്‍ട്ടണ്‍ ഒരു ബഹുമുഖ പ്രതിഭയായി മാറി. 1979-ല്‍ തന്റെ ആദ്യ ഗ്രാമി അവാര്‍ഡും ഇതിലൂടെ അവര്‍ നേടി. 1980-ല്‍ ജെയ്ന്‍ ഫോണ്ട, ലിലി ടോംലിന്‍ എന്നിവര്‍ക്കൊപ്പം അഭിനയിച്ച '9 ടു 5' എന്ന ചിത്രത്തിലെ ഗാനവും സുഹൃത്ത് കെന്നി റോജേഴ്സിനൊപ്പം പാടിയ 'ഐലന്‍ഡ്സ് ഇന്‍ ദി സ്ട്രീം' എന്ന ഗാനവും വന്‍ ഹിറ്റുകളായി. 1987-ല്‍ ലിന്‍ഡ റോണ്‍സ്റ്റാഡ്, എമിലൂ ഹാരിസ് എന്നിവരുമായി ചേര്‍ന്ന് 'ട്രിയോ' എന്ന ആല്‍ബവും പുറത്തിറക്കി.

തനതായ നാടന്‍ ശൈലി

ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് അവര്‍ വെറുമൊരു 'ഡോളി' മാത്രമായിരുന്നു. എന്നാല്‍, പുരുഷാധിപത്യമുള്ള വിനോദ വ്യവസായത്തില്‍ സ്വന്തം കരിയര്‍ നിയന്ത്രിക്കുകയും സ്വന്തമായി പാട്ടുകളെഴുതുകയും സാമ്പത്തിക കാര്യങ്ങള്‍ നോക്കിനടത്തുകയും ചെയ്ത അവരെ ഒരു ഫെമിനിസ്റ്റ് മാതൃകയായും കണക്കാക്കപ്പെട്ടു. സ്വയം പരിഹസിക്കാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നില്ല. 1989-ല്‍ 'സാറ്റര്‍ഡേ നൈറ്റ് ലൈവ്' എന്ന പരിപാടി അവതരിപ്പിച്ചപ്പോള്‍, ചീത്ത വാക്കുകള്‍ പറയുകയോ യേശുവിനെ പരിഹസിക്കുകയോ ചെയ്യില്ല എന്ന് മാത്രമായിരുന്നു അവരുടെ നിബന്ധന.

ഹോളിവുഡിലേക്ക്

'9 ടു 5' എന്ന സിനിമയില്‍ ക്രൂരനായ ബോസിനെതിരെ പ്രതികരിക്കുന്ന ഓഫീസ് ജീവനക്കാരിയായിട്ടായിരുന്നു പാര്‍ട്ടന്റെ ചലച്ചിത്ര അരങ്ങേറ്റം. ചിത്രത്തിലെ ടൈറ്റില്‍ ഗാനത്തിന് രണ്ട് ഗ്രാമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് 'ദി ബെസ്റ്റ് ലിറ്റില്‍ ഹോര്‍ഹൗസ് ഇന്‍ ടെക്‌സാസ്', 'സ്റ്റീല്‍ മാഗ്‌നോളിയാസ്' എന്നീ ചിത്രങ്ങളിലും അവര്‍ അഭിനയിച്ചു. വര്‍ഷങ്ങളോളം സിനിമയിലും ടിവിയിലും അവര്‍ സജീവമായിരുന്നു. കുട്ടികളുടെ പുസ്തകങ്ങളും ഓര്‍മ്മക്കുറിപ്പുകളും ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളും അവര്‍ എഴുതിയിട്ടുണ്ട്.

ഡോളി പാര്‍ട്ടണ്‍: കണ്‍ട്രി സംഗീതത്തിലെ അസ്തമിക്കാത്ത നക്ഷത്രം
കാലാവസ്ഥ മാറ്റിമറിച്ച വിപണി, പഞ്ചസാര വിലയില്‍ 30% കുതിച്ചുകയറ്റം; പണപ്പെരുപ്പ ഭീതിയില്‍ രാജ്യാന്തര വിപണി

രാഷ്ട്രീയ അഭിപ്രായങ്ങള്‍ തുറന്നു പറയാതെ, 'എന്റെ ആരാധകര്‍ ഇരുപക്ഷത്തുമുണ്ട്' എന്ന് തുറന്നു പറഞ്ഞ ഡോളി പാര്‍ട്ടണ്‍ രാഷ്ട്രീയ-ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറം ജനങ്ങള്‍ സ്‌നേഹിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു. സംഗീതത്തിനപ്പുറം വലിയൊരു ജീവകാരുണ്യ പ്രവര്‍ത്തക കൂടിയായിരുന്നു ഡോളി. 2016-ല്‍ ഉണ്ടായ കാട്ടുതീയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസ ധനസഹായം നല്‍കാന്‍ അവര്‍ മുന്‍കൈ എടുത്തു. 'ഡോളിവുഡ്' എന്ന തീം പാര്‍ക്ക് സ്ഥാപിച്ചതിലൂടെ പ്രദേശവാസികള്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കണ്‍ട്രി മ്യൂസിക് ഹാള്‍ ഓഫ് ഫെയിം ഉള്‍പ്പെടെ നിരവധി ആദരവുകള്‍ അവരെ തേടിയെത്തി. 2025-ല്‍ ഓസ്‌കാര്‍ സംഘടന നല്‍കിയ ജീന്‍ ഹെര്‍ഷോള്‍ട്ട് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് നേടിയതും അവരുടെ ദാനശീലത്തിനുള്ള അംഗീകാരങ്ങളായിരുന്നു.

55 ഗ്രാമി നാമനിര്‍ദ്ദേശങ്ങളും 10 വിജയങ്ങളുമുള്ള പാര്‍ട്ടണ്‍, ബിയോണ്‍സി, ടെയ്ലര്‍ സ്വിഫ്റ്റ് എന്നിവര്‍ക്ക് ശേഷം ഗ്രാമി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മൂന്നാമത്തെ വനിതയാണ്. 2022-ല്‍ 'റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിം' അവരെ ആദരിച്ചപ്പോള്‍, താന്‍ അതിന് അര്‍ഹയല്ലെന്ന് ആദ്യം പറഞ്ഞെങ്കിലും, പിന്നീട് ചടങ്ങില്‍ പങ്കെടുക്കുകയും ഒരു റോക്ക് ആല്‍ബം പുറത്തിറക്കുകയും ചെയ്തു. സംഗീതവും ചാരിറ്റിയും ഒരുപോലെ ചേര്‍ത്തുവെച്ച ഡോളി പാര്‍ട്ടണ്‍ എന്ന ഇതിഹാസം വിടവാങ്ങുമ്പോഴും അവര്‍ കുറിച്ചിട്ട ഈരടികളിലൂടെയും അവിസ്മരണീയമായ ഈണങ്ങളിലൂടെയും ലോകമുള്ളിടത്തോളം കാലം അവര്‍ ജീവിക്കും.

Summary

Dolly Parton, one of the most influential figures in country music, built an extraordinary career from humble beginnings in rural Tennessee to become a global music icon, actor, songwriter and philanthropist. She began singing in church and made an early appearance at the Grand Ole Opry before moving to Nashville after high school to pursue a career in music. Her partnership with Porter Wagoner played a major role in her rise, eventually leading to successful solo hits such as “Joshua,” “Coat of Many Colors,” “Jolene,” and “I Will Always Love You.” Parton later crossed over from country music into pop, film and television, scoring major hits including “Here You Come Again,” “9 to 5,” and “Islands in the Stream.”

Madism Digital
madismdigital.com