2026-ലെ ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും പടരുമ്പോള്‍, സ്വീഡന്‍ മണ്ണില്‍ ഇന്ത്യന്‍ കൗമാരം ചരിത്രമെഴുതിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും അഭിമാനകരമായ യൂത്ത് ടൂര്‍ണമെന്റുകളിലൊന്നായ ഗോതിയ കപ്പ് സ്വന്തമാക്കി ചണ്ഡീഗഡ് ആസ്ഥാനമായുള്ള മിനര്‍വ അക്കാദമിയിലെ കൊച്ചുതാരങ്ങള്‍ ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചു. ശനിയാഴ്ച നടന്ന ആവേശകരമായ ഫൈനലില്‍ ബ്രസീലിയന്‍ കരുത്തരായ ആര്‍.എസ് സ്‌പോര്‍ട്‌സിനെ 1-2 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ യുവനിര കപ്പുയര്‍ത്തിയത്.
ഈ മാസം ആദ്യം ഫിന്‍ലന്‍ഡില്‍ നടന്ന ഹെല്‍സിങ്കി കപ്പ് നേടിയതിന് പിന്നാലെ, യൂറോപ്യന്‍ മണ്ണില്‍ തോല്‍വിയറിയാതെ മിനര്‍വ നടത്തുന്ന കുതിപ്പ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയുടെ തെളിവാണ്. ടൂര്‍ണമെന്റിലുടനീളം കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ച മിനര്‍വ, 86 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ വഴങ്ങിയത് വെറും 7 ഗോളുകള്‍ മാത്രമാണ്. ഈ അവിശ്വസനീയമായ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രവും മിനര്‍വ അക്കാദമിയുടെ സ്ഥാപകനുമായ രഞ്ജിത് ബജാജ് ഇന്ന് ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വമാണ്.
ആരാണ് രഞ്ജിത് ബജാജ്?
ഇന്ത്യന്‍ ഫുട്‌ബോള്‍ അഡ്മിനിസ്‌ട്രേറ്റര്‍, സംരംഭകന്‍, ഫുട്‌ബോള്‍ സംഘാടകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രഞ്ജിത് ബജാജ്. ക്രിക്കറ്റിന് പിന്നാലെ മാത്രം രാജ്യം സഞ്ചരിക്കുമ്പോള്‍, പഞ്ചാബിലെ മൊഹാലിയിലുള്ള പത്തേക്കര്‍ ഭൂമിയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി കെട്ടിപ്പടുക്കുകയാണ് ഇദ്ദേഹം. മാനസികമായി കടുത്ത കരുത്തുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് ബജാജിന്റെ ലക്ഷ്യം. 'മറ്റുള്ളവര്‍ക്ക് ഇതൊരു ഭ്രാന്തന്‍ സ്വപ്നമായി തോന്നാം, എന്നാല്‍ എനിക്ക് ഇത് മാത്രമാണ് ലക്ഷ്യം', തന്റെ ലക്ഷ്യത്തെ കുറിച്ച് ഒരിക്കന്‍ രഞ്ജിത്ത് ബജാജ് പറഞ്ഞത് ഇങ്ങനെയാണ്. 2034-ലെ ലോകകപ്പില്‍ ഇന്ത്യ കളിക്കുമെന്നും അതിന് നേതൃത്വം നല്‍കുന്നത് തന്റെ അക്കാദമിയിലെ കുട്ടികളായിരിക്കുമെന്നും ബജാജ് ഉറച്ചു വിശ്വസിക്കുന്നു. ഇതിനെ 'വേള്‍ഡ് കപ്പ് ബാച്ച് 2034' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.
വഴിത്തിരിവുകള്‍ നിറഞ്ഞ ജീവിതം
ഉന്നത ഉദ്യോഗസ്ഥരുടെ കുടുംബത്തിലാണ് രഞ്ജിത് ജനിച്ചത്. അദ്ദേഹത്തിന്റെ അമ്മ രൂപന്‍ ഡിയോള്‍ ബജാജ് പ്രശസ്തയായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥയായിരുന്നു. എന്നാല്‍ 90-കളുടെ അവസാനത്തിലും 2000-ന്റെ തുടക്കത്തിലും ചണ്ഡീഗഡിലെ ഒരു 'വഴിതെറ്റിയ പയ്യന്‍' എന്ന നിലയിലായിരുന്നു മാധ്യമങ്ങള്‍ രഞ്ജിത്തിനെ ചിത്രീകരിച്ചിരുന്നത്. അടിപിടിയും കേസുകളുമായി നടന്ന ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഫുട്‌ബോളിലേക്കുള്ള വരവോടെ അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. 2015-ല്‍ മിനര്‍വ പഞ്ചാബ് എഫ്.സി സ്ഥാപിച്ച അദ്ദേഹം, 2017-18 സീസണില്‍ ടീമിനെ ഐ ലീഗ് ചാമ്പ്യന്മാരാക്കിക്കൊണ്ട് രാജ്യത്തെ ഞെട്ടിച്ചു.
വിദേശികളാണ് നമ്മേക്കാള്‍ മികച്ചവര്‍ എന്ന ഇന്ത്യന്‍ കായികതാരങ്ങളുടെ ചിന്താഗതിയെ മാറ്റിയെടുക്കുക എന്നതാണ് ബജാജിന്റെ പ്രധാന ദൗത്യം. തോല്‍വി എന്നത് ഒരു ഓപ്ഷനല്ല എന്ന് അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നു. ഇതിന് ഏറ്റവും മികച്ച ഉദാഹരണമായിരുന്നു സ്‌പെയിനില്‍ നടന്ന മെഡിറ്ററേനിയന്‍ ഇന്റര്‍നാഷണല്‍ കപ്പില്‍ ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂളിന്റെ യൂത്ത് ടീമിനെ മിനര്‍വ നേരിട്ടത്. ആഫ്രിക്കന്‍-യൂറോപ്യന്‍ വംശജരായ ശാരീരിക കരുത്തുള്ള ലിവര്‍പൂള്‍ കളിക്കാര്‍ക്കെതിരെ, ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്നുള്ള മിനര്‍വയുടെ കുട്ടികള്‍ ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കാണ് അന്ന് ജയിച്ചത്.
സാമ്പത്തിക പ്രതിസന്ധികളും പോരാട്ട വീര്യവും
മിനര്‍വയുടെ വിജയങ്ങള്‍ തിളക്കമുള്ളതാണെങ്കിലും അതിന്റെ സാമ്പത്തിക പശ്ചാത്തലം കഠിനമാണ്. കുട്ടികളെ വിദേശ ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കുന്നതിനായി രഞ്ജിത് ബജാജിന് സ്വന്തം സ്വത്തുക്കള്‍ പണയപ്പെടുത്തേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും വിമാന ടിക്കറ്റിനും കിറ്റുകള്‍ക്കുമായി അദ്ദേഹം ജനങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചു. കോര്‍പ്പറേറ്റുകളും അധികാരികളും തിരിഞ്ഞുനോക്കാത്തപ്പോഴും സാധാരണക്കാരായ ജനങ്ങള്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ഈ സംഭാവനകള്‍ എന്ന് ബജാജ് വിശ്വസിക്കുന്നു. പണം നല്‍കി പഠിക്കുന്ന കുട്ടികളെ മാത്രം വെച്ച് അക്കാദമി നടത്തിയാല്‍ തനിക്ക് സുഖകരമായി ജീവിക്കാമെന്നും എന്നാല്‍ രാജ്യത്തിന്റെ ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്ക് വേണ്ടി വിശപ്പുള്ള പ്രതിഭകളെ കണ്ടെത്താനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
47 വയസ്സുള്ള ബജാജ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ഭരണകൂടത്തിലെ അഴിമതികള്‍ക്കെതിരെയും തെറ്റായ നയങ്ങള്‍ക്കെതിരെയും നിരന്തരം ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ്. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും അദ്ദേഹം തന്റെ നിലപാടുകള്‍ തുറന്നുപറയാറുണ്ട്. 'ഫുട്‌ബോള്‍ എന്നത് ജീവന്റെയോ മരണത്തിന്റെയോ പ്രശ്‌നമാണെന്ന് ആളുകള്‍ പറയാറുണ്ട്. എന്നാല്‍ എനിക്ക് ഉറപ്പുണ്ട്, അത് അതിനേക്കാളൊക്കെ എത്രയോ മുകളിലാണ്', രഞ്ജിത്ത് ഒരിക്കല്‍ പറഞ്ഞു. ഒരു ജനതയ്ക്ക് അസാധ്യമെന്ന് തോന്നുന്ന ഒരു വലിയ സ്വപ്നത്തിന്റെ അരികിലാണ് ഇന്ന് രഞ്ജിത് ബജാജ് നില്‍ക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കാണുമ്പോള്‍, 2034-ലെ ലോകകപ്പില്‍ ഇന്ത്യ കളിക്കുക എന്നത് കേവലം ഒരു സ്വപ്നമല്ല, മറിച്ച് സംഭവിക്കാന്‍ പോകുന്ന ഒരു യാഥാര്‍ത്ഥ്യം തന്നെയാണ് എന്ന് തോന്നിപ്പോകും. കാരണം, രഞ്ജിത് ബജാജിന് ഫുട്‌ബോള്‍ എന്നത് വെറുമൊരു കളിയല്ല അത് അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്.
Minerva Academy from Chandigarh scripted history by winning the prestigious Gothia Cup in Sweden, defeating Brazil's RS Sports 2-1 in the final. The unbeaten triumph, which came soon after lifting the Helsinki Cup, underlines the rapid progress of Indian youth football. The success has once again brought the spotlight on Minerva founder Ranjit Bajaj, whose vision, grassroots development model, and relentless pursuit of excellence continue to shape India's football future.