

വിമാനത്താവളത്തിലെ ലഘുഭക്ഷണത്തിന് ഈടാക്കുന്ന അമിതവിലയും ടെലികോം കമ്പനികളുടെ റീചാർജ് കൊള്ളയും പാർലമെന്റിൽ ഉന്നയിച്ച് കൈയടി നേടിയ നേതാവ്. എന്നാൽ, സാധാരണക്കാരന്റെ സങ്കടങ്ങൾ സഭയിൽ മുഴങ്ങുമ്പോഴും സ്വന്തം പാർട്ടിക്കുള്ളിൽ ആ ശബ്ദം നിശബ്ദമാക്കപ്പെടുകയാണ്. സ്വന്തം പ്രതിഛായ മെച്ചെപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഛദ്ദയുടേതെന്നും പ്രധാനമന്ത്രി മോദിക്കോ കേന്ദ്രത്തിനോ എതിരായി ആ ശബ്ദം മുഴങ്ങാറില്ലെന്നുമുള്ള ആരോപണമാണ് ഈ യുവനേതാവിനെതിരെ സ്വന്തം ക്യാംപിൽ നിന്നുതന്നെ ഉയർന്നിട്ടുള്ളത്. ആം ആദ്മി പാർട്ടിയുടെ (എഎപി) ഡൽഹിയിലെയും പഞ്ചാബിലെയും പടയോട്ടങ്ങൾക്ക് തന്ത്രങ്ങൾ മെനഞ്ഞ ചാണക്യൻ, അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തൻ, പാർലമെന്റിലെ യുവശബ്ദം—രാഘവ് ഛദ്ദയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. ഒരു കാലത്ത് പഞ്ചാബ് ഭരണത്തിന്റെ അണിയറയിലെ ചാലകശക്തിയായിരുന്ന രാഘവ് ഛദ്ദ പാർട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങൾ മാറിയതോടെ നിശബ്ദനാക്കപ്പെടുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്.
തന്ത്രജ്ഞന്റെ ഉദയം
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടിയ ചാർട്ടേഡ് അക്കൗണ്ടന്റായ രാഘവ്, അണ്ണാ ഹസാരെ പ്രക്ഷോഭത്തിലൂടെയാണ് കെജ്‌രിവാളിന്റെ പടയണിയിലെത്തുന്നത്. പാർട്ടിയുടെ സാമ്പത്തിക നയരൂപീകരണത്തിലും ആശയവിനിമയത്തിലും പുലർത്തിയ അസാധാരണ മികവ് അദ്ദേഹത്തെ അതിവേഗം മുൻനിരയിലെത്തിച്ചു. 2022-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയുടെ വിജയത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ രാഘവായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയം മുതൽ പ്രചാരണ തന്ത്രങ്ങൾ വരെ അദ്ദേഹം നേരിട്ട് നിയന്ത്രിച്ചു.
പഞ്ചാബിലെ സമാന്തര അധികാരകേന്ദ്രം
ഭഗവന്ത് മൻ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും, യഥാർത്ഥ ഭരണനിയന്ത്രണം രാഘവ് ഛദ്ദയുടെ കൈകളിലാണെന്ന വിമർശനം പ്രതിപക്ഷം അക്കാലത്ത് ശക്തമായി ഉന്നയിച്ചിരുന്നു. ചണ്ഡീഗഢിലെ സെക്ടർ 2-ലെ അൻപതാം നമ്പർ വസതി പഞ്ചാബ് ഭരണത്തിന്റെ പ്രഭവകേന്ദ്രമായി മാറി. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ മാറ്റങ്ങൾ മുതൽ നയപരമായ തീരുമാനങ്ങൾ വരെ ഇവിടെയാണ് രൂപപ്പെട്ടത്.
പഞ്ചാബ് സർക്കാരിന്റെ താത്കാലിക ഉപദേശക സമിതി അധ്യക്ഷനായി അദ്ദേഹം നിയമിതനായതോടെ 'ഭരണഘടനാ വിരുദ്ധമായ അധികാരകേന്ദ്രം' എന്ന ആരോപണം ശക്തമായി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഉദ്യോഗസ്ഥരുടെ യോഗങ്ങൾ വിളിച്ചുചേർത്തതും ഭരണപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനമെടുത്തതും രാഘവിന്റെ അനിഷേധ്യമായ സ്വാധീനത്തിന്റെ തെളിവുകളായിരുന്നു.
അകൽച്ചയുടെ തുടക്കം
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായ നിർണ്ണായക ഘട്ടത്തിൽ, കണ്ണിന്റെ ശസ്ത്രക്രിയയ്ക്കായി രാഘവ് ലണ്ടനിലേക്ക് പോയത് പാർട്ടിക്കുള്ളിൽ വലിയ അസ്വാരസ്യങ്ങൾക്ക് കാരണമായി. പാർട്ടി അസ്തിത്വത്തിനായി പൊരുതിയ ആ മാസങ്ങളിൽ രാഘവിന്റെ അസാന്നിധ്യം കെജ്‌രിവാളിന്റെയും മറ്റ് മുതിർന്ന നേതാക്കളുടെയും കടുത്ത അതൃപ്തിക്ക് ഇടയാക്കി.
2025-ൽ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി നേരിട്ട തിരിച്ചടിയോടെ പാർട്ടിക്കുള്ളിലെ അധികാര സമവാക്യങ്ങൾ മാറി. മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവർ ഭരണകാര്യങ്ങളിൽ സജീവമായതോടെ രാഘവിന്റെ സ്വാധീനം ക്രമേണ അസ്തമിച്ചു. ചണ്ഡീഗഢിലെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്നതും ഭരണപരമായ യോഗങ്ങളിൽ നിന്ന് അദ്ദേഹം പൂർണ്ണമായും ഒഴിവാക്കപ്പെട്ടതും ഈ അകൽച്ചയുടെ കൃത്യമായ അടയാളങ്ങളായിരുന്നു.
പദവി നഷ്ടം; രാഷ്ട്രീയ ഭാവി ചോദ്യചിഹ്നം?
രാജ്യസഭയിൽ പാർട്ടിയുടെ കരുത്തുറ്റ ശബ്ദമായിരുന്ന രാഘവിനെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് നീക്കിയത് എഎപിയിലെ ആഭ്യന്തര കലഹത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. "എന്നെ നിശബ്ദനാക്കാം, പക്ഷേ പരാജയപ്പെടുത്താനാവില്ല" എന്ന അദ്ദേഹത്തിന്റെ പ്രതികരണം പാർട്ടിക്കുള്ളിലെ ആഭ്യന്തര അടിച്ചമർത്തലുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഒരിക്കൽ അധികാരത്തിന്റെ ഉച്ചിയിൽ നിന്നിരുന്ന ഒരു തന്ത്രജ്ഞൻ, സ്വന്തം തട്ടകത്തിൽ തന്നെ പാർശ്വവൽക്കരിക്കപ്പെടുന്ന അസാധാരണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് രാഘവ് ഛദ്ദ ഇപ്പോൾ കടന്നുപോകുന്നത്. ഈ പ്രതിസന്ധികളെ മറികടന്ന് അദ്ദേഹം വീണ്ടും മുൻനിരയിലേക്ക് വരുമോ അതോ എഎപിയിലെ പുതിയ അധികാര കേന്ദ്രങ്ങൾ അദ്ദേഹത്തെ പൂർണ്ണമായും നിശബ്ദനാക്കുമോ എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
English Summary: Once the undisputed architect of AAP’s landslide victory in Punjab, Raghav Chadha now faces a significant political downturn within his own party. Previously regarded as the 'de-facto' Chief Minister of Punjab—holding court with top bureaucrats and directing state policy—Chadha’s influence began to wane following his prolonged absence during the party's 2024 leadership crisis. The rift culminated in April 2026 with his removal as the Rajya Sabha Deputy Leader, a move the party leadership justifies by labeling his focus on consumer issues, like airport food and telecom recharges, as "soft PR" to avoid direct confrontation with the Centre. While Chadha maintains he is being "silenced, not defeated," his transition from the pinnacle of power to the internal fringes marks a dramatic chapter in his political career.