കോണ്‍ഗ്രസ് മുന്‍ എംപി സജ്ജന്‍ കുമാര്‍ (80) അന്തരിച്ചു. സിഖ് വിരുദ്ധ കലാപക്കേസില്‍ തിഹാര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതര്‍ പറഞ്ഞു.
1977-ല്‍ ഡല്‍ഹി കൗണ്‍സിലറായാണ് സജ്ജന്‍ കുമാര്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. പിന്നീട് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (പി.സി.സി) ജനറല്‍ സെക്രട്ടറിയായിരുന്ന സജ്ജന്‍ കുമാര്‍ സഞ്ജയ് ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു.
1980ല്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ ഔട്ടര്‍ ഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991-ല്‍ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2004-ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷമായ 8.5 ലക്ഷത്തിലധികം വോട്ടുകളോടെയാണ് ഔട്ടര്‍ ഡല്‍ഹി സീറ്റ് നേടിയത്.
ഡല്‍ഹി രാഷ്ട്രീയത്തില്‍ താഴേതട്ടില്‍ നിന്നും തുടങ്ങി ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരുകളില്‍ ഒന്നായിരുന്നു സജ്ജന്‍ കുമാറിന്റേത്. 1970കളില്‍ രാഷ്ട്രീയത്തില്‍ സജീവമായ സജ്ജന്‍ കുമാര്‍ 1977ല്‍ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തി. പിന്നീട് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായും മൂന്ന് തവണ എംപിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സഞ്ജയ് ഗാന്ധിയുടെ അനുയായി എന്ന നിലയില്‍ കോണ്‍ഗ്രസില്‍ കരുത്തനായിരുന്ന സജ്ജന്‍ കുമാറിന്റെ പേര് എന്നാല്‍ ഇന്ത്യന്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത് ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ ശിക്ഷിക്കപ്പെട്ട നേതാവ് എന്ന നിലയിലാണ്.
ആരാണ് സജ്ജന്‍ കുമാര്‍
നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്ഥന്‍മാരില്‍ ഒരാളായിരുന്നു സജ്ജന്‍ കുമാര്‍. 1945 സെപ്തംബര്‍ 23 ന് ഡല്‍ഹിയിലെ രഘുനാഥ് സിങ് - മീര കൗര്‍ ദമ്പതികളുടെ മകനായി ജനനം. രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കും മുന്‍പ് ബേക്കറി ബിസിനസുകാരനായിരുന്നു സജ്ജന്‍ കുമാര്‍. പിന്നീട് പ്രാദേശിക രാഷ്ട്രീയത്തിലുടെ സജീവ പൊതുപ്രവര്‍ത്തനത്തിലേക്ക്,
ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വളരുകയായിരുന്നു. കോണ്‍ഗ്രസിന്റെ ഡല്‍ഹി നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് ഉള്‍പ്പെടെ എത്തിയ സജ്ജന്‍ കുമാര്‍ രാഷ്ട്രീയ ജീവിതത്തില്‍ സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ വിശ്വസ്ഥന്‍ കൂടിയായിരുന്നു.
1980 ല്‍ ഏഴാം ലോക്‌സഭയിലേക്ക് ഡല്‍ഹി ഔട്ടര്‍ മണ്ഡലത്തില്‍ നിന്നും ക്രോണ്‍ഗ്രസ് ടിക്കറ്റില്‍ ആദ്യ വിജയം. 1991 ല്‍ വിജയം ആവര്‍ത്തിച്ചു. 2004 മൂന്നാം അങ്കത്തിന് ഇറങ്ങിയ സജ്ജന്‍ കുമാര്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലായിരുന്നു വിജയം. 8.5 ലക്ഷം വോട്ടായിരുന്നു സജ്ജന്‍ കുമാര്‍ മൂന്നാംമൂഴത്തില്‍ നേടിയത്.
സിഖ് വിരുദ്ധ കലാപം
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് 1984 നവംബറില്‍ പൊട്ടിപ്പുറപ്പെട്ട കലാപക്കേസില്‍ ആണ് സജ്ജന്‍ കുമാര്‍ ശിക്ഷിക്കപ്പെട്ടത്. പാലം കോളനി പ്രദേശത്തുണ്ടായ കലാപത്തിനിടയില്‍ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018 ഡിസംബര്‍ 17-നാണ് ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. കലാപത്തിന് തീപടര്‍ത്തും വിധത്തിലുള്ള ഇടപെടലുകള്‍ ആയിരുന്നു സജ്ജന്‍ കുമാര്‍ നടത്തിയത് എന്നായിരുന്നു സാക്ഷി മൊഴികള്‍. അക്രമികള്‍ക്ക് നൂറ് രൂപ വീതവും മദ്യവും നല്‍കാന്‍ സജ്ജന്‍ കുമാര്‍ ഇടപെട്ടിരുന്നു എന്നും സാക്ഷിമൊഴികള്‍ ഉണ്ടായിരുന്നു.
കേസില്‍ സിബിഐ നടത്തിയ അന്വേഷണത്തിലും സജ്ജന്‍ കുമാറിന് കുരുക്ക് ആകുന്ന വിവരങ്ങളായിരുന്നു പുറത്തുവന്നത്. കലാപക്കേസുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്നും തന്റെ പേര് ഒഴിവാക്കാന്‍ പൊലീസുകാരുമായി സജ്ജന്‍ കുമാര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു കണ്ടെത്തല്‍. സാക്ഷി മൊഴികള്‍ ഉള്‍പ്പെടെ തിരുത്താന്‍ ശ്രമം നടന്നിരുന്നു എന്നും കണ്ടെത്തിയിരുന്നു.
2010 ല്‍ ആണ് സജ്ജന്‍ കുമാറിനെതിരെ കൊലപാതകം, കലാപം, ഗൂഢാലോചന കുറ്റങ്ങള്‍ ചുമത്തിയത്. 2013 ല്‍ ജില്ലാ കോടതി സജ്ജന്‍ കുമാറിനെ വെറുതെ വിട്ടു. വിധി ചോദ്യം ചെയ്ത് സിബിഐ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
2018 ഡിസംബറില്‍ കേസില്‍ വിധി പറഞ്ഞ ഡല്‍ഹി ഹൈക്കോടതി സജ്ജന്‍ കുമാറിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.
1984 നവംബര്‍ 1-ന് ജസ്വന്ത് സിങ്ങിന്റെയും മകന്‍ തരുണ്‍ദീപ് സിങ്ങിന്റെയും കൊലപാതകത്തിന് പ്രേരണ നല്‍കിയതിനും അതില്‍ പങ്കെടുത്തു എന്നീ കേസുകളിലാണ് 2025 ഫെബ്രുവരി 12-ന് ഡല്‍ഹി ശിക്ഷ വിധിച്ചത്. സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തുന്ന രണ്ടാമത്തെ കേസായിരുന്നു ഇത്. കേസില്‍ പതിനാല് ദൃക്സാക്ഷികള്‍ ആയിരുന്നു അദ്ദേഹത്തിനെതിരെ മൊഴി നല്‍കിയത്. 2025 ഫെബ്രുവരി 25-ന്, ഈ കേസില്‍ അദ്ദേഹത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസില്‍ അദ്ദേഹത്തിന്റെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ശിക്ഷിക്കപ്പെട്ട കേസിന് പുറമെ, 1984 ലെ സിഖ് വിരുദ്ധ കലാപത്തിനിടയില്‍ ഡല്‍ഹിയിലെ ജനക്പുരി, വികാസ്പുരി എന്നീ പ്രദേശങ്ങളില്‍ അക്രമത്തിന് പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ ജനുവരിയില്‍ ഡല്‍ഹി കോടതി സജ്ജന്‍ കുമാറിനെ വെറുതെ വിട്ടിരുന്നു.
നാനാവതി കമ്മിഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍
സിഖ് കലാപം അന്വേഷിച്ച നാനാവതി കമ്മീഷൻ റിപ്പോർട്ടിലും സജ്ജന്‍ കുമാറിന്റെ പങ്ക് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഡല്‍ഹിയിലെ പാലം കോളനി, രാജ് നഗര്‍, മംഗള്‍പുരി, സുല്‍ത്താന്‍പുരി തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്‍പ്പെടെ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ സജ്ജന്‍ കുമാര്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയോ നയിക്കുകയോ ചെയ്തിരുന്നു എന്നാണ് പരാമര്‍ശം. ശക്തനായ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് എന്ന വിശേഷണവും നനാവതി കമ്മിഷന്‍ പറയുന്നു. സജ്ജന്‍ കുമാറിന് എതിരായ ഏറ്റവും വിശദമായ ഔദ്യോഗിക വിവരണങ്ങളിലൊന്നായി ഇത് വിലയിരുത്തുന്നു.
മന്ദിര്‍ മംഗോള്‍പുരിക്ക് സമീപം തടിച്ചുകൂടിയ ആളുകളോട് 'സര്‍ദാര്‍ സാല കോയി നഹി ബച്‌ന ചാഹിദ (ഒരു സിഖുകാരനെയും വെറുതെ വിടരുത്) എന്ന പരാമര്‍ശങ്ങള്‍ സജ്ജന്‍ കുമാര്‍ നടത്തുന്നത് കേട്ടതായുള്ള സാക്ഷി മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.
കേവലം ആരോപണങ്ങളെ മാത്രം ആശ്രയിക്കാതെ ജനക്കൂട്ടം സഞ്ചരിച്ചതിന്റെ തെളിവുകള്‍, പെട്രോളിന്റെയും മണ്ണെണ്ണയുടെയും ലഭ്യത, ആളുകളെ കൊണ്ടുപോകാന്‍ ബസുകള്‍ ഉപയോഗിച്ചതിന്റെ തെളിവുകള്‍, പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പങ്കാളിത്തം എന്നിവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. സാക്ഷികള്‍ സജ്ജന്‍ കുമാറിന്റെ പേര് പരാമര്‍ശിച്ചിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതോ, തെളിവില്ലാത്തതിനാല്‍ അവസാനിപ്പിച്ചതോ ആയ കേസുകള്‍ പരിശോധിക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.
Former Congress MP Sajjan Kumar has died at the age of 80 while serving a life sentence at Tihar Jail in connection with a 1984 anti-Sikh riots case. He was admitted to Safdarjung Hospital after his health deteriorated, where authorities confirmed his death. Kumar entered electoral politics as a Delhi councillor in 1977 and later became a general secretary of the Delhi Pradesh Congress Committee. A close associate of Sanjay Gandhi, he was elected to the Lok Sabha from Outer Delhi on a Congress ticket in 1980 and again in 1991. In 2004, he won the Outer Delhi seat with a record margin of more than 8.5 lakh votes.