മമതയെ വീഴ്ത്തിയ മുൻ വിശ്വസ്തൻ; കോണ്‍ഗ്രസില്‍ തുടങ്ങി ബിജെപിയുടെ നായകനായ സുവേന്ദു

നന്ദിഗ്രാമില്‍ സിപിഎമ്മിനെതിരേയുള്ള സമരത്തെ നയിച്ച ഭൂമി ഉഛദ് പ്രതിരോധ് സമിതിയുടെ നേതൃത്വം വഹിച്ചത് സുവേന്ദുവായിരുന്നു.
മമതയെ വീഴ്ത്തിയ മുൻ വിശ്വസ്തൻ;  കോണ്‍ഗ്രസില്‍ തുടങ്ങി ബിജെപിയുടെ നായകനായ സുവേന്ദു
Published on

മമത ബാനര്‍ജിയുടെ വിശ്വസ്തന്‍, ഇപ്പോള്‍ മമതയെ വീഴ്ത്തിയ എതിരാളി. ദശാബ്ദത്തോളം നീണ്ട ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഫലം കാണുമ്പോള്‍ ബംഗാളിനെ ഇനി സുവേന്ദു അധികാരി നയിക്കും. വെള്ളിഴ്ച ചേര്‍ന്ന് ബിജെപി നിയമസഭാ കക്ഷിയോഗമാണ് സുവേന്ദു അധികാരിയെ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. കോണ്‍ഗ്രസില്‍ തുടങ്ങി ബിജെപിയുടെ ചരിത്ര നിയോഗം ഏറ്റെടുത്തുകൊണ്ടാണ് സുവേന്ദു അധികാരി ബംഗാളിന്റെ ചരിത്രത്തില്‍ ഇടം സ്വന്തമാക്കുന്നത്.

ഒരിക്കല്‍ മമതയുടെയും തൃണമൂലിന്റെയും മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച നേതാവിനെ കൊണ്ട് തന്നെ അതേ രാഷ്ട്രീയത്തെ പിടിച്ചുകെട്ടുകയാണ് ബിജെപി. ബംഗാള്‍ രാഷ്ട്രീയത്തില്‍ താഴെത്തട്ടില്‍ ഇടതു പക്ഷത്തെ തകര്‍ക്കാന്‍ മമതയ്ക്ക് തന്ത്രങ്ങള്‍ മെനയുന്നതില്‍ അതികായനായിരുന്ന സുവേന്ദു ബിജെപിയുടെ മുന്‍നിര പോരാളിയായി മാറുകയായിരുന്നു.

മന്‍മോഹന്‍സിങ് സര്‍ക്കാരിലെ സഹമന്ത്രി സിസിര്‍ അധികാരിയുടെ മകനാണ് സുവേന്ദു അധികാരി. 2016 മുതല്‍ 2020 വരെ മമത സര്‍ക്കാരില്‍ ഗതാഗത, ജലസേചന മന്ത്രിയിരുന്നു അദ്ദേഹം. അതേ മമതയെ തോല്‍പ്പിച്ച് ഇപ്പോള്‍ ബിജെപിയുടെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിയിരിക്കുകയാണ് 55 കാരനായ സുവേന്ദു.

മമതയെ വീഴ്ത്തിയ മുൻ വിശ്വസ്തൻ;  കോണ്‍ഗ്രസില്‍ തുടങ്ങി ബിജെപിയുടെ നായകനായ സുവേന്ദു
മാന്ത്രിക സംഖ്യയിലെത്താന്‍ ടിവികെയ്ക്ക് ഇനിയും കാത്തിരിക്കണം: തമിഴ്നാട് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരുന്നു

സുവേന്ദുവിന്റെ രാഷ്ട്രീയ ജീവിതം

ബംഗാളിലെ പ്രശസ്തമായ രാഷ്ട്രീയ കുടുംബാംഗമാണ് സുവേന്ദു അധികാരി. രബീന്ദ്രഭാരതി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള അദ്ദേഹം തദ്ദേശ സ്ഥാപനത്തില്‍ നിന്നാണ് അധികാര രാഷ്ട്രീയത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്.

കാന്തി മുന്‍സിപ്പാലിറ്റിയില്‍ കോണ്‍ഗ്രസിന്റെ നഗരസഭാംഗം ആയിരുന്നു സുവേന്ദു അധികാരി. 1998 ല്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂലിന്റെ ഭാഗമായി. കാന്തി നിയമസഭാ മണ്ഡലത്തില്‍ തൃണമൂലിന്റെ എംഎല്‍എയായി. 2009 മുതല്‍ 2014 വരെ തൃണമൂല്‍ എംപിയായും പ്രവര്‍ത്തിച്ചു. ഹാല്‍ദിയ തുറമുഖവും വ്യവസായ മേഖലയും ഉള്‍പ്പെടുന്ന പൂര്‍ബ മെദിനിപ്പുരാണ് സുവേന്ദുവിന്റെ രാഷ്ട്രീയ തട്ടകം.

ഗ്രാഫ് ഉയര്‍ത്തിയ നന്ദിഗ്രാം

ബംഗാളില്‍ സിപിഎമ്മിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിച്ച നന്ദിഗ്രാം സുവേന്ദു അധികാരി എന്ന നേതാവിന്റെ വളര്‍ച്ചയ്ക്ക് കൂടിയായിരുന്നു വഴിവച്ചത്. നന്ദിഗ്രാമില്‍ സിപിഎം സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന് എതിരായ പ്രതിഷേധങ്ങളുടെ നായകനായിരുന്നു സുവേന്ദു. സ്വന്തം നാട്ടില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫാണ് ഈ സംഭവം ഉയര്‍ത്തിയത്. നന്ദിഗ്രാമില്‍ സിപിഎമ്മിനെതിരേയുള്ള സമരത്തെ നയിച്ച ഭൂമി ഉഛദ് പ്രതിരോധ് സമിതിയുടെ നേതൃത്വം വഹിച്ചത് സുവേന്ദുവായിരുന്നു. അന്നത്തെ ഇടത് സര്‍ക്കാര്‍ സുവേന്ദു അധികാരിക്ക് എതിരെ മാവോയിസ്റ്റ് ബന്ധം ഉള്‍പ്പെടെ ആരോപിച്ചിരുന്നു.

മമതയെ വീഴ്ത്തിയ മുൻ വിശ്വസ്തൻ;  കോണ്‍ഗ്രസില്‍ തുടങ്ങി ബിജെപിയുടെ നായകനായ സുവേന്ദു
ചന്ദ്രനാഥ് റാഥ്: വ്യോമസേന ഉദ്യോഗസ്ഥനില്‍നിന്ന് രാഷ്ട്രീയ തന്ത്രജ്ഞനിലേക്ക്; സുവേന്ദു അധികാരിയുടെ ട്രബിള്‍ ഷൂട്ടര്‍

അഭിഷേക് ബാനര്‍ജി V/S സുവേന്ദു അധികാരി

തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ വളര്‍ച്ചയാണ് സുവേന്ദുവിന്റെ പുറത്ത് പോകലിന് വഴിയൊരുക്കിയ പ്രധാന സംഭവങ്ങളില്‍ ഒന്ന്. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണു ബിജെപിയില്‍ ചേരുന്നത്. ശാരദ ചിട്ടിക്കേസില്‍ സിബിഐ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഭയം കാരണമാണ് സുവേന്ദു പാര്‍ട്ടി വിട്ടതെന്നായിരുന്നു തൃണമൂല്‍ ഉയര്‍ത്തിയ പ്രതിരോധം.

സുവേന്ദു ബിജെപിയിലേക്ക് എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി വലിയ വളര്‍ച്ചയാണ് നേടിയത്. 3 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി 2021 സീറ്റ് നില 77 ലേക്ക് എത്തിച്ചു. 5 വര്‍ഷത്തിനിപ്പുറം സുവേന്ദുവിന്റെ നേതൃത്വം ബിജെപിയെ 207 സീറ്റിലേക്കും എത്തിച്ചു. ഇതാണ് സംസ്ഥാന പ്രസിഡന്റ് സമിക് ഭട്ടാചാര്യ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപിക്കാരെ പിന്തള്ളി സുവേന്ദു മുഖ്യമന്ത്രിക്കസേരയിലേക്കും കുതിച്ചു.

തീവ്ര നിലപാടുകളുടെ പ്രതിനിധിയായാണ് സുവേന്ദു ബംഗാളില്‍ അധികാരത്തിലെത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗുണ്ടാസംഘങ്ങള്‍ക്കെതിരെ പോരടിച്ച് നിന്നായിരുന്നു അദ്ദേഹം ബിജെപിയെ നയിച്ചത്. പലപ്പോഴും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞും അദ്ദേഹം നിലപാട് വ്യക്തമാക്കി. ജയ് ബംഗ്ല വിളിക്കുന്ന തൃണമൂലിന്റെ പ്രവര്‍ത്തകര്‍ക്കു നേരെ ജയ് ശ്രീരാം വിളിച്ച് പ്രതിരോധിച്ചു. തനിക്കു വോട്ടുചെയ്യാത്ത നന്ദിഗ്രാമില്‍ മുസ്ലീങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ലെന്നും അതിനാല്‍

ഹിന്ദുക്കള്‍ക്കുവേണ്ടി മാത്രമായിരിക്കും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം തുറന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാരേക്കാള്‍ കൂടിയ സെഡ് പ്ലസ് സുരക്ഷ നല്‍കിയാണ് കേന്ദ്രം സുവേന്ദുവിനെ സംരക്ഷിച്ചത്.

ബംഗാള്‍ പതിവ് മാറ്റുമോ

ഒരു നേതാവില്‍ കേന്ദ്രീകരിക്കുന്ന രാഷ്ട്രീയ പാരമ്പര്യമാണ് ബംഗാളിനുള്ളത്. സുവേന്ദു അധികാരിയും ഈ പതിവ് തുടരുമോ എന്നാണ് ഇനി അറിയേണ്ടത്. അര നൂറ്റാണ്ടിനിടെ മൂന്ന് മുഖ്യമന്ത്രിമാര്‍ മാത്രമാണ് ബംഗാളിലുണ്ടായിട്ടുള്ളത്. 1977 മുതല്‍ 2011 വരെ ഇടതുമുന്നണി അധികാരം കയ്യാളിയപ്പോള്‍ 23 വര്‍ഷം ജ്യോതി ബസു മുഖ്യമന്ത്രിയായി. 2011 മുതല്‍ 2026 വരെ തുടര്‍ച്ചയായി മൂന്ന് തവണ മമത ബാനര്‍ജി സംസ്ഥാനത്തെ നയിച്ചു.

Summary

English Summery: Suvendu Adhikari is emerging as a strong contender for the post of Chief Minister in West Bengal amid growing political momentum for the BJP in the state. A key strategist behind the party’s rise in Bengal and a prominent face of the opposition, Adhikari has intensified attacks on the ruling Trinamool Congress government led by Mamata Banerjee. Political discussions within BJP circles suggest that Adhikari could lead the party’s campaign and potentially become the CM face ahead of the next Assembly election. His growing influence, organizational control, and strong grassroots network have further strengthened speculation around his leadership role in Bengal politics.

Madism Digital
madismdigital.com