ഭൂമിക്കപ്പുറത്തും ജീവനുണ്ടോ? അമിനോ ആസിഡുകൾ നൽകും നിർണാക വിവരങ്ങൾ

ഭൂമിക്ക് പുറത്തുള്ള ജീവന്റെ തെളിവ് കണ്ടെത്താൻ പുതിയ വഴി
ഭൂമിക്കപ്പുറത്തും ജീവനുണ്ടോ? അമിനോ ആസിഡുകൾ നൽകും നിർണാക വിവരങ്ങൾ
Published on

ഭൂമിക്ക് പുറത്തും ജീവൻ ഉണ്ടാകുമോ എന്ന ചോദ്യം മനുഷ്യരെ പതിറ്റാണ്ടുകളായി ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. ചൊവ്വ മുതൽ വ്യാഴത്തിന്‍റെ ഉപഗ്രഹങ്ങളിലേക്കുവരെ നീളുന്ന ബഹിരാകാശ ദൗത്യങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നും ഇതുതന്നെയാണ്. ഇതുവരെ ജീവന്‍റെ സാന്നിധ്യം കണ്ടെത്താൻ ശാസ്ത്രജ്ഞർ പ്രധാനമായും ആശ്രയിച്ചിരുന്നത് അമിനോ ആസിഡുകൾ, ഫാറ്റി ആസിഡുകൾ പോലുള്ള ‘ബയോസിഗ്നേച്ചർ’ രാസപദാർത്ഥങ്ങളെയാണ്. എന്നാൽ ഈ രാസസംയുക്തങ്ങൾ ജീവജാലങ്ങളില്ലാത്ത സാഹചര്യങ്ങളിലും രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ, അവയുടെ സാന്നിധ്യം മാത്രം ഉപയോഗിച്ച് “ഇവിടെ ജീവൻ ഉണ്ടായിരുന്നു” എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന വിമർശനം ശാസ്ത്രലോകത്ത് നിലനിന്നിരുന്നു.

ഈ അന്വേഷണരീതിയിൽ വലിയ മാറ്റം കൊണ്ടുവരാൻ സാധ്യതയുള്ള പുതിയ പഠനമാണ് നിലവിൽ ശ്രദ്ധ നേടുന്നത്. ഇസ്രയേലിലെ വീസ്‍മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞനായ ഗിഡിയോൺ യോഫെയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണമാണ് അന്യഗ്രഹ ജീവനെ കണ്ടെത്താനുള്ള പുതിയ സാധ്യതകൾ തുറക്കുന്നത്. നേച്ചർ ആസ്‍ട്രോണമി ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, സാമ്പിളിൽ അമിനോ ആസിഡുകൾ ഉണ്ടോ എന്നത് മാത്രം നോക്കാതെ അവ എങ്ങനെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു, എത്ര വൈവിധ്യമുള്ളതാണ്, എന്ത് രീതിയിലാണ് വിതരണം ചെയ്തിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണമെന്നാണ് പുതിയ നിർദേശം.

ഭൂമിക്കപ്പുറത്തും ജീവനുണ്ടോ? അമിനോ ആസിഡുകൾ നൽകും നിർണാക വിവരങ്ങൾ
മനുഷ്യ സ്വപ്‌നങ്ങള്‍ ചന്ദ്രനും ചൊവ്വയും കടക്കുന്നു; ടൈറ്റനിലേക്കുള്ള യാത്ര ചര്‍ച്ചയാക്കി ശാസ്ത്രലോകം

ജീവജാലങ്ങളുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ അമിനോ ആസിഡുകൾ ഭൂമിയിലെ എല്ലാ ജീവികളിലും കാണപ്പെടുന്നു. അതുകൊണ്ടുതന്നെ ബഹിരാകാശ പഠനങ്ങളിൽ ഇവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. എന്നാൽ മീറ്റിയറൈറ്റുകളിലും ആസ്റ്ററോയിഡുകളിലും ജീവൻ ഇല്ലാത്ത സാഹചര്യങ്ങളിലും സമാന രാസപദാർത്ഥങ്ങൾ രൂപപ്പെടുന്നതായി മുൻപേ കണ്ടെത്തിയിരുന്നു. അതിനാൽ ഇവിടെ ജീവൻ ഉണ്ടായിരുന്നു എന്ന രീതിയിലുള്ള നിഗമനങ്ങൾ ശാസ്ത്രീയമായി ബലഹീനമാണെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.

പരിശോധിച്ചത് നൂറോളം സാമ്പിളുകൾ

പുതിയ രീതി പരിശോധിക്കാൻ ഗവേഷകർ വിവിധ തരത്തിലുള്ള ഏകദേശം നൂറോളം സാമ്പിളുകൾ വിശകലനം ചെയ്തു. ആസ്റ്ററോയിഡുകൾ, മീറ്റിയറൈറ്റുകൾ, മണ്ണ് സാമ്പിളുകൾ, സൂക്ഷ്‍മജീവികൾ, ഫോസിലുകൾ തുടങ്ങി ജീവപരവും അജീവപരവുമായ നിരവധി വസ്തുക്കളാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇവയിലെ അമിനോ ആസിഡുകളും ഫാറ്റി ആസിഡുകളും എങ്ങനെ വിതരണം ചെയ്തിരിക്കുന്നു എന്നതായിരുന്നു പ്രധാനമായും പരിശോധിച്ചത്.

സങ്കീർണമായ ഘടന

ഗവേഷണത്തിൽ കണ്ടെത്തിയ ഏറ്റവും ശ്രദ്ധേയമായ കാര്യം, ജീവജാലങ്ങളിൽ നിന്നുള്ള സാമ്പിളുകളിലെ അമിനോ ആസിഡുകൾക്ക് വളരെ ഉയർന്ന വൈവിധ്യവും കൃത്യമായ ക്രമവുമുണ്ടായിരുന്നു എന്നതാണ്. മറുവശത്ത്, ജീവികളില്ലാത്ത സാമ്പിളുകളിൽ ഈ ക്രമീകരണം വളരെ ലളിതവും അസമവുമായിരുന്നു. ജീവജാലങ്ങൾ സ്വാഭാവിക രാസപ്രവർത്തനങ്ങളെക്കാൾ ഏറെ സങ്കീർണമായ രീതിയിൽ അണുക്കളെ ക്രമീകരിക്കുന്നു എന്നതിന്റെ സൂചനയായാണ് ഇതിനെ ഗവേഷകർ കാണുന്നത്.

ഭൂമിക്കപ്പുറത്തും ജീവനുണ്ടോ? അമിനോ ആസിഡുകൾ നൽകും നിർണാക വിവരങ്ങൾ
ഭൂമിയിലേക്ക് വീഴുമോ ‘സ്വിഫ്റ്റ്’? രക്ഷയ്ക്കായി നാസയുടെ അടിയന്തര ദൗത്യം

കോടിക്കണക്കിന് വർഷങ്ങൾ, മാറാത്ത പാറ്റേൺ

പഠനത്തിലെ മറ്റൊരു പ്രധാന കണ്ടെത്തൽ, കാലക്രമേണ നശിച്ചുപോയ സാമ്പിളുകളിലും ഈ പ്രത്യേക രാസഘടനയുടെ അടയാളങ്ങൾ നിലനിന്നിരുന്നു എന്നതാണ്. ദിനോസർ മുട്ടകളിൽ നിന്നുള്ള ഫോസിൽ സാമ്പിളുകളിലും ജീവപരമായ പാറ്റേണുകൾ തിരിച്ചറിയാൻ സാധിച്ചതായി ഗവേഷകർ വ്യക്തമാക്കുന്നു. അതായത്, കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ജീവൻ ഉണ്ടായിരുന്ന സ്ഥലങ്ങളുടെ രാസസൂചനകൾ ഇപ്പോഴും കണ്ടെത്താനാകാമെന്ന പ്രതീക്ഷയാണ് ഈ കണ്ടെത്തൽ നൽകുന്നത്.

ചൊവ്വയിലെ പുരാതന ജീവന്റെ തെളിവുകൾ കണ്ടെത്താൻ സഹായിക്കുമോ?

ഒരു കാലത്ത് ജലസാന്നിധ്യവും ജീവന് അനുയോജ്യമായ അന്തരീക്ഷവും ഉണ്ടായിരുന്നുവെന്നാണ് ചൊവ്വയെക്കുറിച്ചുള്ള പ്രധാന ശാസ്ത്രീയ നിഗമനം. അതിനാൽ ചൊവ്വയിലെ പാറകളിലും മണ്ണിലും പഴയ സൂക്ഷ്‍മജീവികളുടെ രാസസൂചനകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടാകാമെന്നാണ് ഗവേഷകർ കരുതുന്നത്. പുതിയ ബയോസിഗ്നേച്ചർ രീതി ഉപയോഗിച്ച് ഈ രാസപാറ്റേണുകൾ കൂടുതൽ കൃത്യമായി തിരിച്ചറിയാൻ സാധിച്ചാൽ, ചൊവ്വയിൽ ഒരിക്കൽ ജീവൻ ഉണ്ടായിരുന്നുവെന്നതിന് ശക്തമായ തെളിവുകൾ ലഭിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

ഭൂമിക്കപ്പുറത്തും ജീവനുണ്ടോ? അമിനോ ആസിഡുകൾ നൽകും നിർണാക വിവരങ്ങൾ
ദിനോസറുകളേക്കാൾ മുൻപുള്ളവർ; മെയ്‌ഫ്ലൈകളുടെ 'ആകാശനൃത്ത'ത്തിനുപിന്നിലെ രഹസ്യം കണ്ടെത്തി ശാസ്ത്രലോകം

യൂറോപ്പ ക്ലിപ്പർ ദൗത്യത്തിൽ വലിയ പ്രതീക്ഷ

വ്യാഴഗ്രഹത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിൽ ജീവന്റെ സാധ്യതകൾ പഠിക്കാൻ നാസ ഒരുക്കിയ ബഹിരാകാശ ദൗത്യമാണ് യൂറോപ്പ ക്ലിപ്പർ. നാസയുടെ യൂറോപ്പ ക്ലിപ്പർ ദൗത്യത്തിനും ഈ പുതിയ പഠനം വലിയ സഹായമാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. വ്യാഴത്തിന്‍റെ ഉപഗ്രഹമായ യൂറോപ്പയുടെ മഞ്ഞുപാളികൾക്കടിയിൽ വൻ സമുദ്രം നിലനിൽക്കുന്നതായാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഭൂമിയിലെ സമുദ്രങ്ങളെക്കാൾ കൂടുതലായി ജലം അവിടെ ഉണ്ടായിരിക്കാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അന്യഗ്രഹ ജീവിയെ തേടുന്ന അന്വേഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായി യൂറോപ്പയെ കാണപ്പെടുന്നു.

മഞ്ഞുപാളികളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ

2030-31 കാലയളവിൽ യൂറോപ്പയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന യൂറോപ്പ ക്ലിപ്പറിൽ ഉപഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്നുള്ള ഐസ് കണങ്ങൾ പരിശോധിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ പഠനം നിർദ്ദേശിക്കുന്ന രീതിയിൽ ഈ സാമ്പിളുകളിലെ അമിനോ ആസിഡുകളുടെ ഘടനയും വിതരണവും പരിശോധിക്കാൻ കഴിഞ്ഞാൽ, ജീവന്‍റെ സാന്നിധ്യം തിരിച്ചറിയുന്നതിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

‘ജീവൻ ഉണ്ടോ?’ എന്ന ചോദ്യത്തിന് പുതിയ സമീപനം

അന്യഗ്രഹ ജീവിയെ കണ്ടെത്താനുള്ള ശാസ്ത്രീയ അന്വേഷണത്തിൽ ഈ പഠനം പുതിയ വഴിത്തിരിവാകാമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ. “ജീവന്‍റെ രാസപദാർത്ഥങ്ങൾ ഉണ്ടോ?” എന്ന ചോദ്യത്തിൽ നിന്ന് “അവ എങ്ങനെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു?” എന്ന കൂടുതൽ ആഴമുള്ള അന്വേഷണത്തിലേക്കാണ് ശാസ്ത്രലോകം നീങ്ങുന്നത്. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളിൽ ഈ രീതി വ്യാപകമായി ഉപയോഗിക്കപ്പെടുകയാണെങ്കിൽ, ഭൂമിക്ക് പുറത്തുള്ള ജീവന്റെ ആദ്യ ശക്തമായ തെളിവുകൾ കണ്ടെത്താനുള്ള സാധ്യതയും കൂടുതൽ ഉയർന്നേക്കും.

English Summary: Scientists have developed a new technique to search for extraterrestrial life by analyzing the patterns and arrangement of amino acids, the basic building blocks of life. The method focuses on identifying unusual molecular structures that may indicate biological activity rather than non-living chemical processes. Researchers believe this approach could improve the chances of detecting life on planets and moons such as Mars and Europa during upcoming space missions.

Madism Digital
madismdigital.com