

പ്രപഞ്ചത്തിന്റെ അറ്റത്തുള്ള രഹസ്യങ്ങൾ തേടി രണ്ട് പതിറ്റാണ്ടിലേറെയായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നാസയുടെ ‘നീൽ ഗെറൽസ് സ്വിഫ്റ്റ്’ സ്പേസ് ടെലിസ്‌കോപ്പ് ഇപ്പോൾ അതിജീവനത്തിനായുള്ള നിർണായക ഘട്ടത്തിലാണ്. ഭൂമിയിൽനിന്ന് ദശലക്ഷക്കണക്കിന് പ്രകാശവർഷങ്ങൾ അകലെയുള്ള ഗാമാ കിരണ സ്ഫോടനങ്ങളെ നിരീക്ഷിക്കുന്ന ഈ ഉപഗ്രഹം നിലവിൽ ഭ്രമണപഥം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ പിടിയിലാകുന്ന സ്വിഫ്റ്റ് താഴേക്ക് പതിക്കാനുള്ള സാധ്യത വർധിച്ചിരിക്കുകയാണെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു. ജൂണിനുള്ളിൽ തന്നെ ഭൂമിയിലേക്ക് പതിക്കാനുള്ള സാധ്യത ഏകദേശം 50 ശതമാനമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ബഹിരാകാശത്തിന്റെ അതിർത്തികളിൽ വായു ഇല്ലെന്ന ധാരണ സാധാരണമായിരിക്കുമ്പോഴും ഭൂമിയുടെ അന്തരീക്ഷത്തിന്റെ അത്യന്തം നേർത്ത പാളികൾ അവിടെയുണ്ടെന്നത് ശാസ്ത്രീയ സത്യമാണ്. ഈ നേർത്ത വായുപാളികളുമായി ഉണ്ടാകുന്ന ഘർഷണത്തെ ‘അറ്റ്‌മോസ്ഫെറിക് ഡ്രാഗ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഈ ഘർഷണത്തിന്റെ ഫലമായി സ്വിഫ്റ്റിന്റെ വേഗത ക്രമേണ കുറയുകയും അത് ഭൂമിയിലേക്ക് വലിക്കപ്പെടുകയും ചെയ്യുന്നു. ഇതിനോടൊപ്പം സൂര്യൻ ‘സോളാർ മാക്സിമം’ എന്ന അതിവേഗ ഊർജപ്രവാഹ ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യവും പ്രശ്നം രൂക്ഷമാക്കുന്നു. ഈ ഘട്ടത്തിൽ ഭൂമിയുടെ അന്തരീക്ഷം കൂടുതൽ വികസിക്കുകയും, സ്വിഫ്റ്റിന് മേലുള്ള ഘർഷണം വർധിക്കുകയും ചെയ്യുന്നതോടെ പതനഭീഷണി ഇരട്ടിയാകുകയാണ്.
നാസയുടെ രക്ഷാപ്രവർത്തനം
പ്രതിസന്ധി മറികടക്കുന്നതിനായി നാസ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ‘കാറ്റലിസ്റ്റ്’ എന്ന സ്വകാര്യ ബഹിരാകാശ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് രക്ഷാദൗത്യം നടപ്പാക്കുന്നത്. ‘ലിങ്ക്’ എന്ന പേരിലുള്ള റോബോട്ടിക് ബഹിരാകാശ പേടകമാണ് ഇതിനായി വികസിപ്പിച്ചെടുത്തിരിക്കുന്നത്.
ഏകദേശം മൂന്ന് കോടി ഡോളർ ചെലവിൽ തയ്യാറാക്കിയ ഈ സംവിധാനത്തിന്റെ ദൗത്യം സ്വിഫ്റ്റിനെ കണ്ടെത്തി അതിനോട് ചേർന്ന് പ്രവർത്തിക്കുകയെന്നതാണ്. തുടർന്ന് ശക്തമായ എൻജിനുകളുടെ സഹായത്തോടെ ടെലിസ്‌കോപ്പിനെ ഉയർന്ന ഭ്രമണപഥത്തിലേക്ക് മാറ്റാൻ ശ്രമിക്കും.
പരീക്ഷിക്കുന്നത് വ്യത്യസ്തമായ വിക്ഷേപണരീതി
സാധാരണ റോക്കറ്റ് വിക്ഷേപണങ്ങളിൽനിന്ന് വ്യത്യസ്തമായ സാങ്കേതിക വിദ്യയാണ് ഈ ദൗത്യത്തിൽ പരീക്ഷിക്കുന്നത്. ‘പെഗാസസ് എക്സ്എൽ’ എന്ന റോക്കറ്റിന്റെ സഹായത്തോടെയാണ് ലിങ്ക് ബഹിരാകാശത്തേക്ക് എത്തുക. ഒരു വൻ വിമാനത്തിന്റെ ചിറകിനടിയിൽ ഘടിപ്പിച്ചിരിക്കുന്ന ഈ റോക്കറ്റ്, ഏകദേശം 40,000 അടി ഉയരത്തിൽ എത്തിയ ശേഷം മാത്രമേ വിക്ഷേപിക്കുകയുള്ളൂ. തുടർന്ന് റോക്കറ്റ് വേർപെട്ട് ജ്വലിച്ച് ബഹിരാകാശത്തിലേക്ക് കുതിക്കും. സ്വിഫ്റ്റ് സഞ്ചരിക്കുന്ന സങ്കീർണമായ ഭ്രമണപഥത്തിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ ഈ രീതി സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
ആയുസ് നീട്ടാനുള്ള ഇടക്കാല ശ്രമങ്ങൾ
അതേസമയം, രക്ഷാദൗത്യം എത്തുന്നതുവരെ സ്വിഫ്റ്റിന്റെ പ്രവർത്തനക്ഷമത പരമാവധി നിലനിർത്താൻ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ശാസ്ത്രജ്ഞർ തീവ്രശ്രമത്തിലാണ്. ടെലിസ്‌കോപ്പിലെ പല ഉപകരണങ്ങളും താൽക്കാലികമായി പ്രവർത്തനരഹിതമാക്കി ഇന്ധന ഉപയോഗം കുറച്ചിട്ടുണ്ട്. കൂടാതെ വായുഘർഷണം കുറയ്ക്കുന്നതിനായി സോളാർ പാനലുകളുടെ സ്ഥാനം പുതുക്കി ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ ദൗത്യം എത്തുംവരെ സ്വിഫ്റ്റിന്റെ ആയുസ്സ് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമം.
ബഹിരാകാശ ‘ടോവിങ്’; പ്രവർത്തനരീതി
ബഹിരാകാശത്തിൽ നടക്കാനിരിക്കുന്ന ഈ രക്ഷാപ്രവർത്തനം സാധാരണ റോഡുകളിൽ കേടായ വാഹനങ്ങളെ മാറ്റുന്നതിനുള്ള ‘ടോവിങ്’ സംവിധാനത്തെ ഓർമ്മിപ്പിക്കുന്നതാണ്. സ്വിഫ്റ്റിൽ ഡോക്കിങ് പോർട്ടുകൾ ഇല്ലാത്തതിനാൽ, ‘ലിങ്ക്’ എന്ന പേടകം അതിന്റെ റോബോട്ടിക് കൈകൾ ഉപയോഗിച്ച് ഉപഗ്രഹത്തിൽ പിടിച്ചുനിൽക്കും. തുടർന്ന് ഏകദേശം 150 കിലോമീറ്റർ ഉയരത്തിലേക്ക് സ്വിഫ്റ്റിനെ മാറ്റാനുള്ള ശ്രമമാണ് നടക്കുക. ഈ ശ്രമം വിജയകരമാകുകയാണെങ്കിൽ ടെലിസ്‌കോപ്പിന്റെ പ്രവർത്തനകാലം പത്തു വർഷം വരെ കൂടി നീട്ടാൻ സാധിക്കും.
ജ്യോതിശാസ്ത്രത്തിന് നിർണായകം
സ്വിഫ്റ്റിന്റെ പ്രവർത്തനം അവസാനിക്കുകയാണെങ്കിൽ അത് ആധുനിക ജ്യോതിശാസ്ത്രത്തിന് വലിയ തിരിച്ചടിയായിരിക്കും. പ്രപഞ്ചത്തിലെ ബ്ലാക്ക് ഹോളുകളെയും നക്ഷത്ര സ്ഫോടനങ്ങളെയും കുറിച്ചുള്ള നിർണായക വിവരങ്ങൾ തത്സമയം നൽകുന്ന സംവിധാനമാണ് ഇത്. ഒരു ഗാമാ കിരണ സ്ഫോടനം കണ്ടെത്തുന്ന നിമിഷം തന്നെ ലോകമെമ്പാടുമുള്ള ടെലിസ്‌കോപ്പുകൾക്ക് വിവരം കൈമാറാനുള്ള കഴിവ് സ്വിഫ്റ്റിനുണ്ട്. ഈ ‘കോസ്മിക് ഡിസ്പാച്ചർ’ ഇല്ലാതാകുന്നത് ശാസ്ത്രലോകത്തിന് വലിയ നഷ്ടമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ഭാവി ദൗത്യങ്ങൾക്ക് വഴികാട്ടി
ലിങ്ക് ദൗത്യം ഒരു ഉപഗ്രഹത്തെ രക്ഷിക്കുന്നതിലുപരി ഭാവിയിലെ ബഹിരാകാശ സാങ്കേതിക വിദ്യകൾക്ക് വഴികാട്ടിയാകുന്ന ഒന്നാണ്. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങളെ പുനരുജ്ജീവിപ്പിക്കൽ, അപകടകാരിയായ ബഹിരാകാശ മാലിന്യങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയ മേഖലകളിൽ മനുഷ്യന്റെ കഴിവ് തെളിയിക്കാൻ ഇതിലൂടെ സാധിക്കും. ചെലവ് കുറഞ്ഞ ഇത്തരം രക്ഷാപ്രവർത്തനങ്ങൾ ഭാവിയിൽ അനിവാര്യമാകുമെന്ന് രംഗത്തുള്ള വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ജൂണിന് മുമ്പ് ദൗത്യം പൂർത്തിയാക്കാൻ ശ്രമം
ലിങ്കിന്റെ അന്തിമപരിശോധനകൾ ഏപ്രിൽ പകുതിയോടെ പൂർത്തിയായതായി നാസ അറിയിച്ചിട്ടുണ്ട്. ജൂൺ മാസത്തിനകം തന്നെ രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ. ഭൂമിയിൽ നിന്ന് ഉയർന്നുയർന്ന് ശൂന്യതയിൽ അലയുന്ന ഒരു ഉപഗ്രഹത്തെ പിടിച്ചുയർത്തുന്ന ഈ ദൗത്യം ശാസ്ത്രത്തിന്റെയും മനുഷ്യന്റെ ആത്മവിശ്വാസത്തിന്റെയും ശക്തി ഒരിക്കൽ കൂടി തെളിയിക്കുന്നതായി മാറുമെന്നാണു വിലയിരുത്തൽ.
English Summary: NASA is planning a robotic rescue mission to save the Swift space telescope, which is experiencing orbital decay due to atmospheric drag. The mission aims to extend its operational life and prevent it from falling into Earth’s atmosphere.