

പ്രപഞ്ചത്തിന്റെ ഇതുവരെ സൃഷ്ടിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ത്രിമാന (3ഡി) ഭൂപടം പൂര്‍ത്തിയാക്കിയായി ജ്യോതിശാസ്ത്രജ്ഞര്‍. ഈ അത്ഭുതകരമായ നാഴികക്കല്ലിലൂടെ 4.7 കോടിയിലധികം ഗാലക്‌സികളുടെയും ക്വാസറുകളുടെയും ഭൂപടമാണ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത്. ദീര്‍ഘവും സങ്കീര്‍ണവുമായ ഈ പ്രക്രിയ, ലക്ഷ്യമിട്ടതിലും ഒരു വര്‍ഷം മുന്‍പ് ശാസ്ത്രജ്ഞര്‍ പൂര്‍ത്തിയാക്കിയെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
കോടിക്കണക്കിന് വർഷങ്ങൾകൊണ്ട് പ്രപഞ്ചം എങ്ങനെ വികസിച്ചുവെന്ന് പഠിക്കാൻ ഗവേഷകർക്ക് അവസരമൊരുക്കുന്നതാണ് ഇപ്പോൾ ലഭ്യമായിരിക്കുന്ന അതിബൃഹത്തായ ഈ ഡേറ്റാസെറ്റ്. ഇരുണ്ട ഊർജം(ഡാർക്ക് എനർജി) സംബന്ധിച്ചും ഈ ഡേറ്റ പുതിയ സൂചനകൾ നൽകുന്നു. പ്രപഞ്ച പരിണാമത്തെയും പ്രപഞ്ചത്തിന്റെ ത്വരിതഗതിയിലുള്ള വികാസത്തെ നയിക്കുന്ന ശക്തികളെയും കുറിച്ചുള്ള ലോകത്തിന്റെ അറിവുകൾ പുതിയ കണ്ടെത്തലുകൾ പുതുക്കിയേക്കാം.
'ദേശി' (ഡാര്‍ക്ക് എനര്‍ജി സ്‌പെക്ട്രോസ്‌കോപ്പിക് ഇന്‍സ്ട്രുമെന്റ്) എന്ന ഉപകരണം ഉപയോഗിച്ചാണ് വിശാല ത്രിമാന ഭൂപടം സൃഷ്ടിച്ചത്. പ്രപഞ്ചശാസ്ത്രത്തിലെ ഏറ്റവും വലിയ പ്രഹേളികകളില്‍ ഒന്നിനെക്കുറിച്ചുള്ള പുതിയ സൂചനകള്‍ പുതിയ പദ്ധതി നല്‍കുന്നു. ഒപ്പം താരാപഥങ്ങളും നക്ഷത്രങ്ങളും എവിടെയൊക്കെ, ഏതൊക്കെ സമയത്ത് വ്യാപിച്ചിരിക്കുന്നു എന്നതിനെക്കുറിച്ചും അഭൂതപൂര്‍വമായ കാഴ്ചപ്പാട് നല്‍കുന്നു.
യുഎസിലെ അരിസോണയിലുള്ള കിറ്റ് പീക്ക് നാഷണല്‍ ഒബ്‌സര്‍വേറ്ററിയിലെ നിക്കോളാസ് യു മായല്‍ 4 മീറ്റര്‍ ദൂരദര്‍ശിനിയിലാണ് 'ദേശി' സൂപ്പര്‍-സ്മാര്‍ട്ട് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. ഓരോ 20 മിനിറ്റിലും വിദൂര വസ്തുക്കളില്‍ ലോക്ക് ചെയ്യുന്ന ഈ ക്യാമറ, 5000 അതിസൂക്ഷ്മ ഫൈബര്‍-ഒപ്റ്റിക് കണ്ണുകളുള്ളതാണ്.
ഗാലക്‌സികൾ, ക്വാസറുകള്‍ എന്നറിയപ്പെടുന്ന വിദൂര ഗാലക്‌സികളുടെ തിളങ്ങുന്ന ഹൃദയങ്ങൾ, നക്ഷത്രങ്ങൾ എന്നിവയിൽനിന്നുള്ള പ്രകാശം ശേഖരിക്കുന്നതിനായി ദേശി അഞ്ച് വര്‍ഷം ചെലവഴിച്ചു. ശ്രമകരമായ ആ ദൗത്യത്തിത്തിന്റെ ഫലമായി 4.7 കോടിയിലധികം ഗാലക്‌സികളുടെയും ക്വാസറുകളുടെയും ഭൂപടമാണ് ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചത്. 3.4 കോടിയായിരുന്നു ലക്ഷ്യം. ഏകദേശം രണ്ടു കോടി നക്ഷത്രങ്ങളെയും ദേശി കണ്ടെത്തി.
14,000 ചതുരശ്ര ഡിഗ്രി ആകാശത്തെ ഉള്‍ക്കൊള്ളുന്നതാണ് ദേശിയിലൂടെ സൃഷ്ടിച്ച ഭൂപടം. അതായത് മുഴുവന്‍ ജ്യോതിര്‍ഗോള താഴികക്കുടത്തിന്റെ ഏകദേശം മൂന്നിലൊന്ന്. കോടിക്കണക്കിന് വര്‍ഷങ്ങളായി അവയുടെ പ്രകാശം എങ്ങനെ വ്യാപിച്ചുവെന്ന് പഠിക്കുന്നതിലൂടെ, ഭൂപടം 1100 കോടി വര്‍ഷം ഴക്കമുള്ള പ്രപഞ്ചചരിത്രത്തിലേക്കു സഞ്ചരിക്കുന്നു.
മഹാവിസ്‌ഫോടനത്തിനുശേഷമുള്ള പ്രപഞ്ചവികാസം അതിവേഗത്തിലാണെന്നും അതിനുപിന്നിലെ പ്രേരകശക്തി പ്രപഞ്ചത്തിന്റെ ഏകദേശം 70 ശതമാനവും വരുന്ന അദൃശ്യശക്തിയായ ഡാര്‍ക്ക് എനര്‍ജിയാണെന്നും ഏകദേശം 25 വര്‍ഷം മുമ്പ്, ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. വ്യത്യസ്ത സമയങ്ങളില്‍ ഗാലക്‌സികള്‍ എങ്ങനെ ഒരുമിച്ചുചേര്‍ന്നുവെന്നു കണ്ടെത്തുന്നതിലൂടെ, ഡാര്‍ക്ക് എനര്‍ജി കൂടുതല്‍ നന്നായി മസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെയും ഗവേഷകരെയും ദേശി ഭൂപടം സഹായിക്കും. പ്രപഞ്ചത്തിനു പിന്നിലെ നിഗൂഢവും അദൃശ്യവുമായ ശക്തിയെയാണ് ഡാര്‍ക്ക് എനര്‍ജിയെന്ന് ശാസ്ത്രലോകം വിളിക്കുന്നത്.
ഡാര്‍ക്ക് എനര്‍ജി സ്ഥിരമായിരിക്കില്ലെന്നും പ്രപഞ്ചത്തിന്റെ പ്രായത്തിനനുസരിച്ച് അത് മാറിയേക്കാമെന്നും അഞ്ചു വര്‍ഷ പദ്ധതിയുടെ ആദ്യ മൂന്ന് വര്‍ഷത്തെ ആദ്യകാല ഡേറ്റകള്‍ സൂചന നല്‍കിയിരുന്നു. മുന്‍കാല സര്‍വേകളേക്കാള്‍ ആറിരട്ടി കൂടുതല്‍ വസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് വര്‍ഷത്തെ പൂര്‍ണ ഡേറ്റാസെറ്റ്, ആ ആശയം കൂടുതല്‍ കൃത്യമായി പരീക്ഷിക്കുകയും പ്രപഞ്ചത്തിന്റെ അന്തിമ വിധി പ്രവചിക്കാന്‍ സഹായിക്കുകയും ചെയ്യും.
ശ്രദ്ധേയമായ നേട്ടം കൈവരിച്ചെങ്കിലും പദ്ധതി അവസാനിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ ആലോചിക്കുന്നില്ല. 2028 വരെ നിരീക്ഷണം തുടരാനും ഭൂപടം 20 ശതമാനം കൂടി വലുതാക്കാനുമാണ് ലക്ഷ്യം. ക്ഷീരപഥത്തിനു സമീപമുള്ള സങ്കീര്‍ണമായ പ്രദേശങ്ങള്‍ കണ്ടെത്താനും ദേശിയിലൂടെ ഉദ്ദേശിക്കുന്നു.ഡാര്‍ക്ക് എനര്‍ജിയെക്കുറിച്ചുള്ള ആദ്യത്തെ വലിയ ഫലങ്ങള്‍ 2027 ല്‍ ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നുണ്ട്.
English summary: Scientists have completed the largest 3D map of the universe, charting around 47 million galaxies using the DESI project. This massive dataset allows researchers to study how the universe has expanded over billions of years and provides new clues about dark energy. The findings could reshape our understanding of cosmic evolution and the forces driving the universe’s accelerating expansion.