ചന്ദ്രനിലെ ജലസാന്നിധ്യത്തെ കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ട് ചൈന തങ്ങളുടെ പുതിയ ചാന്ദ്രദൗത്യത്തിന് തയ്യാറെടുക്കുകയാണ്. ചാങ്ഇ-7 എന്ന് പേരിട്ടിരിക്കുന്ന ഈ ആളില്ലാ റോബോട്ടിക് ദൗത്യം, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഇരുളടഞ്ഞ ഗർത്തങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മഞ്ഞുകട്ടകളുടെ രൂപത്തിലുള്ള ജലത്തെക്കുറിച്ച് കൂടുതൽ പഠിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ചൈനയുടെ ഏറ്റവും വലിയ ചാന്ദ്രദൗത്യമായ ഇത് ഓഗസ്റ്റ് അവസാന വാരത്തോടെ ബഹിരാകാശത്തേക്ക് കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രനിൽ ജലമുണ്ടോ എന്ന പഴയ സംശയങ്ങൾക്കപ്പുറം, ആ ജലം എവിടെയാണ്, ഏത് അവസ്ഥയിലാണ്, അത് മനുഷ്യർക്ക് ഉപയോഗിക്കാൻ സാധിക്കുമോ തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ ദൗത്യം തേടുന്നത്.
സാധാരണ ചാന്ദ്രദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓർബിറ്റർ, ലാൻഡർ, റോവർ, ഹോപ്പർ എന്നിങ്ങനെ നാല് പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ചാങ്ഇ-7 ദൗത്യം. ഇതിലെ പ്രധാന പേടകമായ ഓർബിറ്റർ ചന്ദ്രനെ വലംവെച്ചുകൊണ്ട് ഉപരിതലത്തിന്റെ മാപ്പുകൾ തയ്യാറാക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്യും. ഭൂമിയും മറ്റ് പേടകങ്ങളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നതും ഡാറ്റകൾ കൈമാറുന്നതും ഓർബിറ്ററാണ്. ശാസ്ത്രീയ ഉപകരണങ്ങളുമായി ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ ദക്ഷിണധ്രുവത്തിനടുത്തുള്ള 21 കിലോമീറ്റർ വീതിയുള്ള ഷാക്കിൾടൺ ഗർത്തത്തിന്റെ അരികിലാകും ഇറങ്ങുക. ബഹിരാകാശ ചരിത്രത്തിൽ മുൻപ് മറ്റൊരു ചാന്ദ്രദൗത്യവും ചന്ദ്രന്റെ ധ്രുവപ്രദേശത്തോട് ഇത്രയും അടുത്ത് എത്തിയിട്ടില്ല എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
ലാൻഡറിനൊപ്പമുള്ള ചെറിയ റോബോട്ടിക് വാഹനമായ റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുകയും അവിടെയുള്ള പാറകളും മണ്ണും ഉൾപ്പെടെയുള്ള പ്രാദേശിക ചുറ്റുപാടുകൾ പരിശോധിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. ഇവയ്ക്ക് പുറമെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന ചെറിയ റോബോട്ടിക് പേടകമായ ഹോപ്പർ ഈ ദൗത്യത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ്. ഉപരിതലത്തിൽ നിന്ന് ചെറിയ ദൂരങ്ങളിൽ പറക്കാനും താഴെ ഇറക്കാനും കഴിയുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഹോപ്പർ ഉപയോഗിച്ചാകും ആഴമേറിയ ഷാക്കിൾടൺ ഗർത്തത്തിനുള്ളിലെ പര്യവേക്ഷണങ്ങൾ നടത്തുക. മറ്റ് റോവറുകൾക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള ഇത്തരം ഗർത്തങ്ങളിൽ ഇറങ്ങിച്ചെല്ലാൻ ഹോപ്പറിന് എളുപ്പത്തിൽ സാധിക്കും.
ചന്ദ്രനിൽ ജലമുണ്ടെന്ന് നമ്മൾ എങ്ങനെ അറിഞ്ഞു?
കഴിഞ്ഞ രണ്ട് ദശകങ്ങളിലായി നടത്തിയ വിവിധ ബഹിരാകാശ ദൗത്യങ്ങളിലൂടെയാണ് ചന്ദ്രനിൽ ജലമുണ്ടെന്ന് സ്ഥിരീകരിച്ചത്. 1969ലെ അപ്പോളോ ദൗത്യത്തിന് മുൻപ് തന്നെ ചന്ദ്രനിൽ ജലമുണ്ടാകാം എന്ന് ശാസ്ത്രജ്ഞർ സംശയിച്ചിരുന്നു. എന്നാൽ, അപ്പോളോ ദൗത്യം ഭൂമിയിൽ എത്തിച്ച സാമ്പിളുകളിൽ ജലാംശം ഉണ്ടായിരുന്നില്ല. പിന്നീട് 2009ൽ നാസ തങ്ങളുടെ ഒരു റോക്കറ്റ് ഭാഗം മനപ്പൂർവം ചന്ദ്രനിലെ ഇരുളടഞ്ഞ ഗർത്തത്തിലേക്ക് ഇടിച്ചിറക്കുകയും അതിൽ നിന്നുയർന്ന പൊടിപടലങ്ങൾ പരിശോധിച്ച് ചന്ദ്രനിൽ മഞ്ഞുകട്ടകളുടെ രൂപത്തിൽ ജലമുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 2020 ഒക്ടോബറിൽ, ചന്ദ്രനിലെ ജലസാന്നിധ്യം നേരത്തെ കരുതിയതിലും കൂടുതലാണെന്നും, ചന്ദ്രോപരിതലത്തിലെ ധാതുക്കളിലും സൂര്യപ്രകാശം ഒരിക്കലും എത്താത്ത ദക്ഷിണ-ഉത്തര ധ്രുവങ്ങളിലെ ഗർത്തങ്ങളിലും ജലം ഒളിഞ്ഞിരിപ്പുണ്ടെന്നും നാസ പ്രഖ്യാപിച്ചു.
ജലത്തെക്കുറിച്ചുള്ള പഠനം എന്തിനാണ്?
ചന്ദ്രനിലെ ഈ പുരാതന മഞ്ഞുകട്ടകളിൽ അഗ്നിപർവ്വത പ്രവർത്തനങ്ങളുടെയും വാൽനക്ഷത്രങ്ങൾ ഭൂമിയിലേക്ക് ജലം എത്തിച്ചതിന്റെയും ചരിത്രം ഉറഞ്ഞുകിടപ്പുണ്ടാകാം. ഭൂമിയിലെ സമുദ്രങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്ന രഹസ്യം കണ്ടെത്താൻ ഇത് സഹായിക്കും. കൂടാതെ, ഭാവിയിൽ ചന്ദ്രനിലേക്ക് മനുഷ്യരെ അയയ്ക്കുന്ന ദൗത്യങ്ങൾക്കും അവിടെ വാസസ്ഥലങ്ങൾ നിർമിക്കുന്നതിനും ഈ ജലം വളരെ അത്യാവശ്യമാണ്. കുടിവെള്ളമായി ഉപയോഗിക്കുന്നതിന് പുറമെ, ഉപകരണങ്ങൾ തണുപ്പിക്കാനും, ജലത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കാനും ഓക്സിജൻ ശ്വസിക്കാനും സാധിക്കും. ഇത് ചൊവ്വയിലേക്കുള്ള തുടർയാത്രകൾക്കും ഗുണകരമാകും.
എന്നാൽ ഈ ജലത്തിന്റെ ഉടമസ്ഥാവകാശം ആർക്കെങ്കിലും ഉന്നയിക്കാൻ സാധിക്കുമോ എന്നത് ഒരു ചോദ്യമാണ്. 1967-ലെ യുഎൻ ഔട്ടർ സ്പേസ് ട്രീറ്റി പ്രകാരം ഒരു രാജ്യത്തിനും ചന്ദ്രന്റെ മേൽ പരമാധികാരം ഉന്നയിക്കാൻ കഴിയില്ല. എങ്കിലും വാണിജ്യ ആവശ്യങ്ങളെ ഈ കരാർ വിലക്കുന്നില്ല എന്നത് വിഭവങ്ങളുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് ചില സംശയങ്ങൾ ബാക്കി വെക്കുന്നു.
ഗർത്തങ്ങളും ആഴമേറിയ കിടങ്ങുകളും നിറഞ്ഞ വളരെ ദുർഘടമായ പ്രദേശമായതിനാൽ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന എന്നത് തന്നെ വലിയൊരു വെല്ലുവിളിയാണ്. അപ്പോളോ ഉൾപ്പെടെയുള്ള മുൻ ദൗത്യങ്ങൾ ഇറങ്ങിയ പ്രദേശങ്ങളിൽ നിന്നും വളരെ അകലെയാണിത്. 2023ൽ റഷ്യയുടെ ലൂണ-25 ദൗത്യം ഈ പ്രദേശത്ത് ഇറങ്ങാൻ ശ്രമിച്ച് തകർന്നുവീണിരുന്നു. എന്നാൽ ഇന്ത്യയുടെ ചന്ദ്രയാൻ-3 വിജയകരമായി ദക്ഷിണധ്രുവത്തിൽ ഇറങ്ങി മണ്ണിലെ താപനില പരിശോധനയിലൂടെ ജലസാന്നിധ്യം സംബന്ധിച്ച നിർണ്ണായക തെളിവുകൾ നൽകി.
ചന്ദ്രനിലെ ജലം കൃത്യമായി എവിടെയാണ് ഉള്ളതെന്നും, അത് എത്രത്തോളം ആഴത്തിലാണെന്നും, മനുഷ്യർക്ക് അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നും കണ്ടെത്തുകയാണ് ചൈനയുടെ ചാങ്ഇ-7 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ദൗത്യം വിജയകരമായാൽ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് അതൊരു പുതിയ കുതിച്ചുചാട്ടമാകും.
China is preparing to launch its ambitious Chang'e-7 lunar mission to the moon's south pole. The mission includes an orbiter, lander, rover, and a unique "hopper" designed to fly into permanently shadowed craters to search for water ice. Understanding the location and accessibility of lunar water is critical, as it could provide drinking water, oxygen, and rocket fuel for future crewed missions and deeper space exploration.