ബഹിരാകാശവും വിഴുങ്ങുന്ന കോർപറേറ്റുകൾ; ഐഎസ്ആർഒയുടെ ഭാവിയെന്ത്?

ഒരു കാലത്ത് സർക്കാർ ഏജൻസികൾക്ക് മാത്രം പ്രാപ്യമായിരുന്ന ബഹിരാകാശ രംഗം, ഇന്ന് വാണിജ്യ കമ്പനികൾക്കായി പൂർണമായും തുറന്നിട്ടിരിക്കുകയാണ്.
ബഹിരാകാശവും വിഴുങ്ങുന്ന കോർപറേറ്റുകൾ; ഐഎസ്ആർഒയുടെ ഭാവിയെന്ത്?
Published on

ടെലികോം, വ്യോമയാനം, പ്രതിരോധം തുടങ്ങി രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലെല്ലാം ഇതിനകം പിടിമുറുക്കിയ സ്വകാര്യ മൂലധനം, ഇപ്പോൾ ഇന്ത്യയുടെ ബഹിരാകാശ മേഖലയും പൂർണമായി കീഴടക്കുകയാണ്. ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നടന്ന സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ (Skyroot Aerospace) 'വിക്രം-1' റോക്കറ്റ് വിക്ഷേപണം കേവലമൊരു ശാസ്ത്രനേട്ടം മാത്രമല്ല, മറിച്ച് ഇന്ത്യൻ ബഹിരാകാശ രംഗത്തെ വലിയൊരു അധികാരമാറ്റത്തിന്റെ കൂടി പ്രഖ്യാപനമാണ്.

പൂർണമായും സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു കമ്പനി ഇന്ത്യയിൽനിന്നു ഭ്രമണപഥത്തിലേക്ക് റോക്കറ്റ് അയക്കുമ്പോൾ, അത് ഐഎസ്ആർഒ എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മാത്രം കുത്തകയായിരുന്ന ഒരു സാമ്രാജ്യത്തിലേക്കുള്ള കോർപ്പറേറ്റുകളുടെ കടന്നുവരവിനെയാണ് അടയാളപ്പെടുത്തുന്നത്.

ബഹിരാകാശവും വിഴുങ്ങുന്ന കോർപറേറ്റുകൾ; ഐഎസ്ആർഒയുടെ ഭാവിയെന്ത്?
മുംതാസ് ബീഗം എവിടെ? കോടതി വിധി കാത്തിരിക്കെ അതിര്‍ത്തി കടത്തി; അസ്സമിലെ പൗരത്വ നിയമപോരാട്ടത്തിലെ ഞെട്ടിക്കുന്ന തിരോധാനം

2020-ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നയപരിഷ്കാരങ്ങളും അതിന്റെ തുടർച്ചയായി വന്ന 'ഇന്ത്യൻ സ്പേസ് പോളിസി 2023'-ഉം ആണ് ഈ വൻകിട സ്വകാര്യവൽക്കരണത്തിനു നിയമപരമായ അടിത്തറ നൽകിയത്. ഒരു കാലത്ത് സർക്കാർ ഏജൻസികൾക്കു മാത്രം പ്രാപ്യമായിരുന്ന ബഹിരാകാശ രംഗം, ഇന്ന് വാണിജ്യ കമ്പനികൾക്കായി (Non-governmental entities - NGEs) പൂർണമായും തുറന്നിട്ടിരിക്കുകയാണ്. സ്വന്തമായി ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും ഭൂമിയിലെ കൺട്രോൾ സെന്ററുകൾ നിയന്ത്രിക്കാനും എന്തിനു ബഹിരാകാശ ഖനനം (Space mining) നടത്താൻ വരെ സ്വകാര്യ മേഖലയ്ക്കു പുതിയ നയം അനുമതി നൽകുന്നു.

ഒറ്റയക്കത്തിൽനിന്നിരുന്ന ഇന്ത്യയിലെ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇന്ന് 399 ആയി കുതിച്ചുയർന്നിരിക്കുന്നു. നിലവിൽ 840 കോടി ഡോളറാണ് രാജ്യത്തെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം. വരും വർഷങ്ങളിൽ ഇത് 40-45 ബില്യൺ ഡോളറായി ഉയരുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിലൂടെ ഇതിനകം തന്നെ കോടിക്കണക്കിനു രൂപയുടെ വരുമാനം ഇന്ത്യ നേടിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ വലിയ സാമ്പത്തിക നേട്ടമായി ഈ കണക്കുകളെ വ്യാഖ്യാനിക്കാമെങ്കിലും, ഇതിനു പിന്നിലെ യാഥാർത്ഥ്യങ്ങൾ അത്ര ആശാവഹമല്ല.

വിമർശനങ്ങൾ എന്തുകൊണ്ട്?

സ്വകാര്യവൽക്കരണത്തിന്റെ പുറംമോടിക്കപ്പുറം, ഈ നയങ്ങൾ ഉയർത്തുന്ന ഗുരുതരമായ ചില ആശങ്കകളുണ്ട്. ഐഎസ്ആർഒ ദശാബ്ദങ്ങളായി കോടിക്കണക്കിനു രൂപയുടെ നികുതിപ്പണം ഉപയോഗിച്ച് കെട്ടിപ്പടുത്തതാണ്. സ്വകാര്യ കമ്പനികൾക്കു സ്വന്തമായി അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാതെ തന്നെ, ഐഎസ്ആർഒയുടെ ലോഞ്ച് പാഡുകളും സാങ്കേതികവിദ്യകളും ഉപയോഗിക്കാൻ ഇൻ-സ്പേസ് (IN-SPACe), ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) എന്നിവ വഴി അവസരം ലഭിക്കുന്നു. പൊതുമുതൽ ഉപയോഗിച്ച് സ്വകാര്യ കമ്പനികൾ കോടികൾ കൊയ്യുമ്പോൾ, രാജ്യത്തിനു ലഭിക്കുന്ന യഥാർത്ഥ ലാഭം എത്രയെന്ന ചോദ്യം ബാക്കിയാകുന്നു.

പുതിയ നയമനുസരിച്ച് ഇന്ത്യയുടെ ബഹിരാകാശ മേഖല ഡിമാൻഡ് ബേസ്ഡ് മോഡലിലേക്ക് (വിപണിയുടെ ആവശ്യകതയ്ക്കനുസരിച്ചുള്ള പ്രവർത്തന രീതി) മാറുകയാണ്. അതായത്, ലാഭം തരുന്ന വാർത്താവിനിമയ ഉപഗ്രഹങ്ങൾക്കും റിമോട്ട് സെൻസിങിനും മാത്രമാകും ഭാവിയിൽ മുൻഗണന ലഭിക്കുക. മനുഷ്യരാശിയുടെ പുരോഗതിക്കാവശ്യമായ, എന്നാൽ ഉടനടി ലാഭം തരാത്ത ഗ്രഹാന്തര പര്യവേക്ഷണങ്ങൾക്കും അടിസ്ഥാന ശാസ്ത്ര ഗവേഷണങ്ങൾക്കും ഐഎസ്ആർഒയ്ക്കു ഫണ്ട് കുറയുന്ന അവസ്ഥ ഇതു സൃഷ്ടിച്ചേക്കാം.

ബഹിരാകാശവും വിഴുങ്ങുന്ന കോർപറേറ്റുകൾ; ഐഎസ്ആർഒയുടെ ഭാവിയെന്ത്?
വിശപ്പിന്റെ വില പൗരത്വമോ? നീതിക്ക് മേല്‍ ഭരണകൂടം തീര്‍ക്കുന്ന മതില്‍ക്കെട്ടുകള്‍

റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനും അതിൽനിന്നുള്ള ഭൂമിയുടെ ചിത്രങ്ങളും വിവരങ്ങളും വിൽക്കാനും സ്വകാര്യ കമ്പനികൾക്ക് അവകാശമുണ്ട്. തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ വിവരങ്ങൾ വിദേശ കോർപ്പറേറ്റുകൾക്കോ ശത്രുരാജ്യങ്ങൾക്കോ വിലയ്ക്കു വാങ്ങാൻ കഴിയുന്ന സാഹചര്യം വലിയൊരു സുരക്ഷാ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഛിന്നഗ്രഹങ്ങളിൽനിന്നുള്ള വിഭവങ്ങൾ സ്വന്തമാക്കാൻ സ്വകാര്യ കമ്പനികളെ അനുവദിക്കുന്നത് 1967-ലെ അന്താരാഷ്ട്ര ഔട്ടർ സ്പേസ് ഉടമ്പടിയുടെ അന്തസത്തയ്ക്ക് തന്നെ എതിരാണ്. കൂടാതെ, വൻ മൂലധനം ആവശ്യമുള്ള ഈ മേഖലയിൽ കാലക്രമേണ ചെറുകിട സ്റ്റാർട്ടപ്പുകളെ വിഴുങ്ങി രണ്ടോ മൂന്നോ വൻകിട കോർപ്പറേറ്റുകൾ കുത്തക സ്ഥാപിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ആഗോള ബഹിരാകാശ വിപണിയിൽ ഇന്ത്യയ്ക്കു മുന്നേറാൻ സ്വകാര്യ നിക്ഷേപം അനിവാര്യമാണെന്ന വാദമുണ്ട്. എന്നാൽ, അഭിമാനകരമായ നേട്ടങ്ങൾ കൊയ്ത ഐഎസ്ആർഒ എന്ന ദേശീയ സ്ഥാപനത്തെ, കോർപ്പറേറ്റുകൾക്ക് വാടകയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ഒരു ഏജൻസി മാത്രമായി തരംതാഴ്ത്തരുത്. ബഹിരാകാശം മനുഷ്യരാശിയുടെ പൊതുസ്വത്താണ്, അത് വൻകിട കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്കുള്ള ഒരു പുതിയ കമ്പോളമായി മാറാൻ അനുവദിച്ചുകൂടാ. പ്രതിരോധ മേഖലയിലെന്നപോലെ, കർശനമായ സർക്കാർ നിയന്ത്രണങ്ങൾ ബഹിരാകാശ മേഖലയിലും അത്യന്താപേക്ഷിതമാണ്.

Summary

The launch of Skyroot Aerospace's 'Vikram-1' rocket marks a pivotal shift in India's space sector, effectively ending ISRO's long-standing monopoly and ushering in an era of private commercialization backed by the Indian Space Policy 2023. While this privatization has spurred massive growth in space startups and the nation's space economy, it has sparked significant concerns. Critics argue that private corporations are exploiting ISRO's taxpayer-funded infrastructure for profit, while a shift toward a profit-driven model may severely underfund foundational scientific research and planetary exploration.

Madism Digital
madismdigital.com