

ഭൂമിക്ക് പുറത്ത് ഗവേഷണം നടത്തുന്ന ബഹിരാകാശ യാത്രികർ എവിടെയാണ് താമസിക്കുക? അതിനല്ലേ അന്താരാഷ്ട്ര ബഹിരാകാശ നിലയം എന്നാണ് ഉത്തരമെങ്കിൽ ഇന്ത്യൻ ബഹിരാകാശ യാത്രികനും ഇന്ത്യൻ വ്യോമസേനയിലെ ടെസ്റ്റ് പൈലറ്റുമായ ശുഭാംശു ശുക്ലയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ഭൂമിക്ക് പുറത്ത് താമസിച്ച് ഗവേഷണം ചെയ്യാൻ 'ഭീം' പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് ശുഭാംശു. ഭാരതീയ ഹാബിറ്റബിൽ എക്സ്പാൻഡബിൾ എക്‌സ്ട്രാടെറസ്ട്രിയൽ ഹാബിറ്റാറ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ഭീം.
റഷ്യയിലെ പരിശീലനത്തിന് ശേഷം ശുക്ലയുടെ ബഹിരാകാശ പരിശീലനത്തിന്റെ ഇന്ത്യൻ ഘട്ടത്തിൽ നടത്തിയ ഗവേഷണങ്ങളിൽ നിന്നാണ് 'ഹാബിറ്റാറ്റ്' (വ്യോമചാരികളുടെ വാസസ്ഥലം) എന്ന ആശയം രൂപപ്പെട്ടത്.
ഇന്ത്യയുടെ ലോഞ്ച് വെഹിക്കിളിന്റെയും (റോക്കറ്റ്) ഓർബിറ്റൽ മോഡ്യൂളിന്റെയും സിസ്റ്റങ്ങളെക്കുറിച്ചുള്ള പഠനവും, അതിനൊപ്പമുള്ള തീവ്രമായ ശാരീരിക പരിശീലനവും സ്പേസ്ഫ്ലൈറ്റ് തയ്യാറെടുപ്പുകളും ഈ പരിശീലന പരിപാടിയിൽ ഉൾപ്പെട്ടിരുന്നതായി ശുക്ല പറയുന്നു. കൂടാതെ, ഭാവിയിലെ മാനവ ബഹിരാകാശ പര്യവേക്ഷണങ്ങളുമായി ബന്ധപ്പെട്ട അക്കാദമിക് ഗവേഷണങ്ങളിൽ ഏർപ്പെടാൻ ബഹിരാകാശ സഞ്ചാരികളെ ഈ പരിപാടി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.
സ്പേസ്ക്രാഫ്റ്റുകൾ ലാൻഡ് ചെയ്തുകഴിഞ്ഞാൽ യാത്രികർ എവിടെ താമസിക്കും എന്ന ചിന്തയിൽ നിന്നാണ് ഭീം ഉരുത്തിരിഞ്ഞതെന്നാണ് ശുഭാംശു പറയുന്നത്. തുടർന്ന് ചൊവ്വ, ചന്ദ്രൻ തുടങ്ങിയ ബഹിരാകാശ കേന്ദ്രങ്ങളിൽ ഭാവിയിൽ മനുഷ്യർക്ക് തങ്ങാനും ജോലികൾ ചെയ്യാനും സഹായകരമാകുന്ന സാങ്കേതികവിദ്യകളിലും, അവിടുത്തെ 'വാസസ്ഥലങ്ങളിലും' ഗവേഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചു.
ഈ ഗവേഷണത്തിന്റെ ഫലമായാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) 'അലോക് ലാബിൽ' ഭീം (B.H.E.E.M. - Bharatiya Habitable Expandable Extraterrestrial Module/Habitat) വികസിപ്പിച്ചെടുത്തത്.
മനുഷ്യന്റെ ബഹിരാകാശ ദൗത്യങ്ങളിലെ അടുത്ത വലിയ വെല്ലുവിളികളിലൊന്നായ ഭൂമിക്ക് പുറത്ത് മനുഷ്യരുടെ ദീർഘകാല സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനാണ് ഈ ആശയം പരിഹാരം കാണുന്നത്.
റോക്കറ്റുകൾക്കും ബഹിരാകാശ പേടകങ്ങൾക്കും സഞ്ചാരികളെ വിദൂര ലോകങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെങ്കിലും, അവിടെ ലാൻഡ് ചെയ്ത ശേഷം അവരെ ജീവനോടെയും പ്രവർത്തനക്ഷമമായും നിലനിർത്തുക എന്നത് തികച്ചും വ്യത്യസ്തമായ ഒരു സാങ്കേതിക വെല്ലുവിളിയാണ്. ഭാവിയുടെ ബഹിരാകാശ വാസസ്ഥലങ്ങൾക്ക് (extraterrestrial habitats) തീവ്രമായ ബഹിരാകാശ വികിരണങ്ങളിൽ (space radiation) നിന്നും, കഠിനമായ താപനില വ്യതിയാനങ്ങളിൽ നിന്നും, അപകടകരമായ മറ്റ് പരിസ്ഥിതികളിൽ നിന്നും ബഹിരാകാശ സഞ്ചാരികളെ സംരക്ഷിക്കേണ്ടതുണ്ട്.
വിശ്വസനീയമായ ജീവൻരക്ഷാ സംവിധാനങ്ങൾ, ഊർജ്ജ ഉൽപ്പാദനവും സംഭരണവും, അതുപോലെ തന്നെ ലളിതവും പ്രായോഗികവുമായ നിർമ്മാണ-വികസന രീതികൾ എന്നിവയും ഇത്തരം വാസസ്ഥലങ്ങൾക്ക് ആവശ്യമാണ്. ഭൂമിക്ക് പുറത്ത് മനുഷ്യൻ സ്ഥിരമായ താമസസ്ഥലങ്ങൾ കെട്ടിപ്പടുക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ഇത്തരം സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഗവേഷണങ്ങൾ ആരംഭിക്കേണ്ടതുണ്ടെന്ന് ശുഭാംശു ചൂണ്ടിക്കാട്ടുന്നു.
'ഇനി വരുന്ന 20 വർഷങ്ങൾക്ക് ശേഷം മനുഷ്യൻ ഭൂമിക്ക് പുറത്ത് ജീവിക്കണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ, അതിന്റെ ജോലികൾ 20 വർഷത്തിന് ശേഷം ആരംഭിച്ചാൽ പോരാ. അത് ഇന്നുമുതൽ ആരംഭിക്കണം'- അദ്ദേഹം പറഞ്ഞു.
ലൊ-എർത്ത് ഓർബിറ്റിലും (Low-Earth orbit) തുടർന്ന് അതിനപ്പുറത്തേക്കുമുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളുടെ ഭാവി ദൗത്യങ്ങൾക്ക് അടിത്തറയിടുമെന്ന് പ്രതീക്ഷിക്കുന്ന 'ഗഗൻയാൻ' പദ്ധതിയിലൂടെ, മാനവ ബഹിരാകാശ ദൗത്യങ്ങളിലും ആഴത്തിലുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളിലുമുള്ള (deep-space exploration) ലക്ഷ്യങ്ങൾ ഇന്ത്യ നിലവിൽ വിപുലീകരിക്കുകയാണ്.
ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കുമുള്ള പര്യവേക്ഷണങ്ങളിൽ ഇന്ത്യയുടെ ദീർഘകാല ലക്ഷ്യങ്ങളെ പിന്തുണയ്ക്കാൻ പോന്ന സാങ്കേതികവിദ്യകൾക്ക് നൽകുന്ന മുൻഗണനയാണ് ശുക്ലയുടെ 'ഭീം' (B.H.E.E.M.) ഗവേഷണം പ്രതിഫലിപ്പിക്കുന്നത്. 'മറ്റൊരു ലോകത്ത് ഒരു വാസസ്ഥലം നിർമ്മിക്കുന്നതിന്റെ ആദ്യപടി അവിടെ ആദ്യത്തെ കല്ലിടുക എന്നതാവില്ല', ശുക്ല പറയുന്നു. 'അത്തരമൊരു വാസസ്ഥലം എങ്ങനെയായിരിക്കുമെന്ന് സങ്കൽപ്പിക്കാൻ ധൈര്യം കാണിക്കുക എന്നതാണ് അത്'. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ലോകരാഷ്ട്രങ്ങൾ കൂടുതലായി കണ്ണുവെക്കുമ്പോൾ, ഭാവി പര്യവേക്ഷകരെ സംരക്ഷിക്കുന്ന വീടുകൾ നിർമ്മിക്കാനുള്ള മത്സരം ഇന്ത്യയിലെ ലബോറട്ടറികളിലും തുല്യ പ്രാധാന്യത്തോടെ ആരംഭിക്കുകയാണ്.
Where would astronauts conducting research beyond Earth live? If the answer is the International Space Station, Indian astronaut and Indian Air Force test pilot Shubhanshu Shukla has a different proposal. Shukla has unveiled the ‘BHEEM’ project, a concept for astronauts to live and conduct research beyond Earth. BHEEM stands for Bharatiya Habitable Expandable Extraterrestrial Habitat.