

ഏതാനും ആഴ്ചകൾക്ക് മുമ്പ് വരെ ലോക ഫുട്‌ബോളിലെ ഏറ്റവും കരുത്തുറ്റ ടീം ഏതാണെന്ന ചോദ്യത്തിന് ഭൂരിഭാഗം ആരാധകർക്കും ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ; ആഴ്‌സണൽ. എന്നാൽ സീസൺ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ പതിവുപോലെ ഗണ്ണേഴ്‌സിന്റെ കാലിടറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. അർട്ടേറ്റയുടെ തന്ത്രങ്ങൾ എവിടെയാണ് പാളുന്നത് എന്ന ചോദ്യത്തിന്, പല ഫുട്‌ബോൾ നിരീക്ഷകരും വിരൽ ചൂണ്ടുന്നത് ജർമ്മൻ താരം കായ് ഹവേർട്‌സിൻ്റെ പ്രകടനത്തിലേക്കാണ്. അർട്ടേറ്റയുടെ 'സിസ്റ്റത്തിൽ' ഹവേർട്‌സ് ഒരു ബാധ്യതയാകുന്നുണ്ടോ എന്ന ചർച്ചകൾ ഇപ്പോൾ സജീവമാണ്
പരാജയങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഹവേര്‍ട്‌സില്‍ പഴിചാരാന്‍ കഴിയില്ലെങ്കിലും അര്‍ട്ടേറ്റയുടെ സ്വതസിദ്ധമായ ശൈലി നശിപ്പിക്കുന്നതില്‍ ഹവേര്‍ട്‌സിന് വലിയ പങ്കുണ്ട്. സീസണില്‍ ഇതുവരെ 16 കളികളില്‍ 4 ഗോളുകള്‍ മാത്രമാണ് ഹവേര്‍ട്‌സ് അടിച്ചത്.
അര്‍ട്ടേറ്റയുടെ സിസ്റ്റം
ശക്തരായ 'ബോള്‍പ്ലേയിങ്ങ് ഡിഫന്റേഴ്‌സിനെ' അണിനിരത്തി, ആര്‍ക്കും പൊളിക്കാനാവാത്ത പ്രതിരോധം സൃഷ്ടിച്ച് കൗണ്ടര്‍ അറ്റാക്കുകളിലൂടെയും പൊസിഷണല്‍ ഫുട്‌ബോളിലൂടെയുമാണ് ആര്‍സണല്‍ ആക്രമണം നടത്താറുള്ളത്. ആഴ്‌സണലിന്റെ കോര്‍ണര്‍ തന്ത്രങ്ങളും ലോകപ്രസിദ്ധമാണ്.
അര്‍ട്ടേറ്റയുടെ ടീമില്‍ കളിയുടെ താളം നിയന്ത്രിക്കുന്നത് മിഡ്ഫീല്‍ഡര്‍മാരായ ഇംഗ്ലണ്ടിന്റെ ഡെക്ലാന്‍ റൈസും, സ്‌പെയിനിന്റെ മാര്‍ട്ടിന്‍ സുബിമെന്റിയുമാണ്. ഇടതും വലതും വിങ്ങുകളിലായി സാക്ക, ട്രൊസാര്‍ഡ്, മാര്‍ട്ടിനെല്ലി, മഡ്വെക്കെ എന്നിവരെ ഉപയോഗപ്പെടുത്തി വിങ്ങുകളിലേക്ക് പരന്ന് കളിക്കുന്നതാണ് അര്‍ട്ടേറ്റയുടെ രീതി. ഹവേര്‍ട്‌സിന്റെ തിരിച്ചുവരവിന് പിന്നാലെ ട്രൊസാര്‍ഡിനും മാര്‍ട്ടിനെല്ലിക്കും സംഭവിച്ച ഫോം തകര്‍ച്ച നമ്മള്‍ കണ്ടു.
ഹവേര്‍ട്‌സിന്റെ കളിയില്‍ വന്ന മാറ്റങ്ങള്‍
തന്റെ കരിയറിന്റെ തുടക്കത്തില്‍ ബയര്‍ ലെവര്‍കൂസനില്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറായാണ് ഹവേര്‍ട്‌സ് കളിച്ചിരുന്നത്. എന്നാല്‍, ചെല്‍സി സ്വന്തമാക്കിയ ശേഷം അയാളുടെ പൊസിഷന്‍ ഒരു 'സെക്കന്റ് സ്‌ട്രൈക്കറിലേക്ക്' മാറി. അതുകൊണ്ട് തന്നെ തന്റെ ശൈലി നഷ്ടപ്പെട്ട ഹവേര്‍ട്‌സ് പതിയെ നിറം മങ്ങി. ആഴ്‌സണലിലെ തുടക്ക കാലഘട്ടം ഹവേര്‍ട്‌സിന് നല്ലകാലം ആയിരുന്നെങ്കിലും, ശീലമില്ലാത്ത സ്‌ട്രൈക്കര്‍ പൊസിഷനില്‍ തുടര്‍ച്ചയായി കളിച്ചത് പരിക്ക് വിളിച്ച് വരുത്തി.
പരിക്ക് കഴിഞ്ഞ് ഹവേര്‍ട്‌സ് തിരിച്ച് വന്നതോടെ, വിങ്ങുകളിലൂടെ കളിയുടെ നിയന്ത്രണം സ്വന്തമാക്കുന്ന പതിവു രീതി പൊളിച്ചെഴുതാൻ അര്‍ട്ടേറ്റ നിര്‍ബന്ധിതനായി. മധ്യഭാഗം കേന്ദ്രമാക്കി ആക്രമണം അഴിച്ചുവിടുന്ന പുതിയ ശൈലി ടീമിൻറെ പ്രകടനത്തെയും സാരമായി ഉലച്ചു. മറ്റു സ്‌ട്രൈക്കര്‍മാരായ വിക്റ്റര്‍ ഗ്യോകറസ്, ഗബ്രിയേല്‍ ജെസ്യൂസ് എന്നിവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹവേര്‍ട്‌സിന്റെ പ്രസ്സിംഗ് നിരക്ക് വളരെ കുറവാണ്. ആഴ്‌സണലിനെ പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് നിര്‍ബന്ധിതരാക്കുന്നു.
നിലവിൽ ഒരു 'പ്രോപ്പർ സ്‌ട്രൈക്കർ' എന്ന നിലയിലോ അറ്റാക്കിങ് മിഡ്‌ഫീൽഡർ എന്ന നിലയിലോ തിളങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് കായ് ഹവേർട്‌സ്. ഹവേർട്‌സിന്റെ ഫോമില്ലായ്മ ആഴ്‌സണലിന്റെ മധ്യനിരയിലെ സമതുലിതാവസ്ഥയെയും ബാധിച്ചിരിക്കുന്നു. താരം കളിക്കേണ്ട 'നമ്പർ 8' പൊസിഷനിൽ ഇപ്പോൾ ഡെക്ലാൻ റൈസിനെയാണ് അർട്ടേറ്റ നിയോഗിക്കുന്നത്. എന്നാൽ 'നമ്പർ 6' പൊസിഷനിൽ കളിച്ചു ശീലിച്ച റൈസിന് തന്റെ സ്വാഭാവിക ശൈലി മാറ്റേണ്ടി വരുന്നത് സുബിമെന്റിയുടെ ജോലിയും സങ്കീർണ്ണമാക്കുന്നു. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കരബാവോ കപ്പ് ഫൈനലിൽ രണ്ട് സ്‌ട്രൈക്കർമാരെ ഇറക്കി അർട്ടേറ്റ നടത്തിയ പരീക്ഷണം പാളിയതും വലിയ തിരിച്ചടിയായി. ഒടുവിൽ ആ തീരുമാനത്തിന് ഒരു കിരീടത്തിന്റെ വിലയാണ് ആഴ്‌സണലിന് നൽകേണ്ടി വന്നത്.
English Summary: Arsenal’s recent struggles are being linked to Kai Havertz’s role, which has disrupted Mikel Arteta’s tactical system. His positioning and reduced effectiveness have affected team balance, contributing to a dip in form and results.